ADVERTISEMENT

മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിയെഴുതുകയായിരുന്നു എംടി എന്ന ചലച്ചിത്രകാരൻ. തന്റെ നോവലുകളിലും ചെറുകഥകളിലുമെന്നപോലെ തിരക്കഥകളിലും അനുപമമായ കയ്യടക്കത്തോടെ എം.ടി.വാസുദേവൻ നായർ വരഞ്ഞിട്ടത് മനുഷ്യ ജീവിതത്തിന്റെ പല തരങ്ങളും തലങ്ങളുമായിരുന്നു. എംടിയുടെ സിനിമാജീവിതത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്നതായിരുന്നു ‘വെള്ളിത്തിരയുടെ എംടി’ എന്ന വിഷയത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണൻ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ എന്നിവർ നടത്തിയ  സംഭാഷണം. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനായിരുന്നു സംഭാഷണം നയിച്ചത്. 

എംടിയുടെ നവതിയോടനുബന്ധിച്ച് മനോരമ ഓൺലൈൻ ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന ‘എംടി: കാലം– നവതിവന്ദനം’ എന്ന പരിപാടിയുടെ തുടക്കമായിരുന്നു തൃശൂർ ശോഭാ സിറ്റിയിലെ ഐനോക്സ് തിയറ്ററിൽ നടന്ന സംവാദ പരമ്പര. എംടിയുടെ മകൾ അശ്വതി വി. നായർ, മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, ജോയ് ആലുക്കാസ് സിഇഒ ബേബി ജോർജ് എന്നിവരും സംസാരിച്ചു. 

 

സംഭാഷണത്തിൽനിന്ന്:

 

ഉണ്ണി ആർ:

 

എന്നെ സംബന്ധിച്ച് കാലം നൽകുന്ന അപൂർവത കൂടി ഈ സന്ദർഭത്തിനുണ്ട്. എംടി സാറിന്റെ സപ്തതിയുടെ സമയത്ത് തന്നെയായിരുന്നു കറന്റ് ബുക്സിന്റെ രജതജൂബിലി. ആ സമയത്ത്, തോമസ് മുണ്ടശ്ശേരിയുടെ പേരിലുള്ള കഥാ അവാർഡ് എനിക്കാണ് ലഭിച്ചത്. അത് എനിക്കു നൽകിയത് എംടി സാറാണ്. അന്നു ഞാൻ കറന്റ് ബുക്സ് ബുളളറ്റിനു വേണ്ടി എംടി സാറിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുന്നത്. ‘മനുഷ്യന്റെ ഊഴം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അത് എംടി സാഹിത്യത്തെക്കുറിച്ചായിരുന്നില്ല, എംടി എന്ന മനുഷ്യൻ എങ്ങനെയെല്ലാം ഇടപെടലുകൾ നടത്തുന്നു എന്നതായിരുന്നു അതിൽ ചർച്ച ചെയ്തത്.

 

എംടിയുടെ സാഹിത്യത്തിന്റെ വിപുലീകരണമാണ് അദ്ദേഹത്തിന്റെ സിനിമകൾ. ആ സിനിമ കാണുമ്പോൾ കാണികൾ അദ്ദേഹത്തെ വായിക്കുക കൂടിയാണ് ചെയ്യുന്നത്. മനുഷ്യന്റെ ഒറ്റപ്പെടൽ, വിജയപരാജയങ്ങൾ, കുടുംബബന്ധങ്ങളുടെയും സ്ത്രീപുരുഷ ബന്ധങ്ങളുടെയും സങ്കീർണത ഇവയെയെല്ലാം അദ്ദേഹത്തിന്റെ എഴുത്ത് സംബോധന ചെയ്യുന്നു. 

 

സമയത്തെ ഒരിക്കലും ധൂർത്തടിക്കാത്ത എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. സമയത്തിന്റെ വിലയെന്തെന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ മുന്‍തലമുറയിലെ പ്രധാനപ്പെട്ട എഴുത്തുകാരനായ എംടിയിലൂടെയാണ്. ആ ആദരവ് മുൻതലമുറയിലുള്ള എഴുത്തുകാരോട് അദ്ദേഹത്തിനും ഉണ്ടായിരുന്നു. 

 

അദ്ദേഹത്തിന്റെ സിനിമകൾ കൂടുതലും സംവിധാനം ചെയ്തിരിക്കുന്നത് വാണിജ്യ സിനിമയിലെ പ്രഗത്ഭരായ സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി തുടങ്ങിയവരാണ്. വാണിജ്യ സിനിമകളുടെ രസക്കൂട്ടുകൾ എംടിയെപ്പോലെ അറിയുന്നവർ അപൂർവമാണ്. താഴ്‌വാരം സിനിമയുമായി ബന്ധപ്പെട്ട് ക്യാമറാമാൻ വേണു ഒരുകാര്യം പറഞ്ഞു. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ നിർവഹിച്ചത് വേണുവായിരുന്നു. ‘താഴ്‌വാരം’ സിനിമയ്ക്ക് എംടി ആദ്യം നൽകിയ പേര് ‘താഴ്‍വര’ എന്നായിരുന്നു. വേണു സാറിനോടു ചോദിച്ചു, ‘താഴ്‌വരയാണോ താഴ്‌വാരമാണോ?’. ഒരുനിമിഷം ആലോചിച്ച ശേഷം അദ്ദേഹം അത് വെട്ടി താഴ്‌വാരം എന്നാക്കി. താഴ്‌വാരം എന്ന വാക്കിന്റെ മുഴക്കവും ആഴവും കൃതഹസ്തനായ ഒരു എഴുത്തുകാരന് ഒരുനിമിഷം കൊണ്ട് തിരിച്ചറിയാന്‍ കഴിയുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് എംടിയിൽ എപ്പോഴും ഉണ്ടായിരുന്നു.

 

ഈ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടി വേണു പറഞ്ഞു. ആ തിരക്കഥയിൽ ശങ്കരാടിയായിരുന്നു പ്രതിനായകനെ ആദ്യം കൊല്ലുന്നത്. വേണു സാറിനോടു ചോദിച്ചു, ‘‘നായകനുള്ളപ്പോൾ നമുക്ക് അത് ഉപയോഗിച്ചുകൂടെ?.’’ അത് ആലോചിക്കാവുന്നതാണെന്ന് എംടി പറഞ്ഞു. നാം കാണുന്ന സിനിമയിൽ മോഹൻലാൽ ആണ് പ്രതിനായകനെ കൊല്ലുന്നത്. അങ്ങനെ മതി എന്ന് അദ്ദേഹം പറഞ്ഞാൽ അവിടെ അവസാനിക്കും. പക്ഷേ നമ്മൾ നേരത്തെ പറഞ്ഞതുപോലെ താൻ എഴുതുന്ന ശൈലിയിലല്ലാത്ത, തന്റെ രീതികളില്ലാത്ത പുതിയ എഴുത്തുകാരെ കൂടി അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് വലിയ മൂലധനമിറക്കുന്ന വാണിജ്യ സിനിമയിൽ സാധ്യമായ ഒരു പ്രധാന വഴിയുണ്ടെന്ന് കേൾക്കുമ്പോൾ തിരുത്താൻ അദ്ദേഹം തയാറാകുന്നത്. 

 

ശങ്കർ രാമകൃഷ്ണൻ:

 

വായനയുടെ ലോകത്ത് വളരെ സ്വകാര്യമായ ഒരനുഭവമായാണ് എംടി ആദ്യം നമ്മുടെ ജീവിതത്തെ തൊടുന്നത്. ഇവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും ആത്മാവില്‍ തൊട്ടിട്ടുള്ള ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് എംടി. കേരള പാഠാവലിയിൽ വിദ്യാർഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഞങ്ങൾക്കു പഠിക്കാനുണ്ടായിരുന്നു. 

 

ഇനിയും ആഴത്തിൽ പഠിക്കേണ്ട വലിയ ചലച്ചിത്രപ്രപഞ്ചം എംടി ഒരുക്കിവച്ചിട്ടുണ്ട്. സത്യജിത് റേ ബംഗാളി സിനിമയ്ക്കു വേണ്ടി ചെയ്ത റിയലിസ്റ്റ് സംഭാവനകള്‍ പോലെ മലയാള സിനിമയ്ക്കു ഏറ്റവും ശക്തവും വിജയകരവുമായ സംഭാവനകൾ നൽകിയ ചലച്ചിത്രകാരനാണ് എംടി. അതുവരെ ഉണ്ടായിരുന്ന ചലച്ചിത്ര ബോധത്തെ, അതിന്റെ സാങ്കേതികതയെ കൃത്യമായി മനസ്സിലാക്കി തിരക്കഥയിൽ സന്നിവേശിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് അദ്ദേഹം. ഇനിയും കണ്ടെടുക്കേണ്ട, ഒളിഞ്ഞിരിക്കുന്ന ഒരുപാട് രത്നങ്ങളുണ്ട് അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിൽ. 

 

ബി. ഉണ്ണികൃഷ്ണൻ:

 

ഒരു ഘട്ടത്തിൽ നമ്മുടെ തിരക്കഥകളുടെ ഭാവുകത്വ രൂപീകരണത്തെ ഏറ്റവും ഗംഭീരമായി സ്വാധീനിച്ചത് എം.ടി.വാസുദേവൻ നായരാണ്. സിനിമയുടെ വ്യാകരണത്തെ, കഥാ പരിസരങ്ങളെ, കഥപറച്ചലിനെയൊക്കെ ആ തിരക്കഥകൾ എങ്ങനെയാണു സ്വാധീനിച്ചതെന്ന് തിരക്കഥാകൃത്തുക്കളും സിനിമാ നിരൂപകരും പറയാറുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണ രചനയെപ്പറ്റി ഗവേഷണം നടത്തുന്ന അഞ്ചോളം വിദ്യാർഥികളെ എനിക്കു നേരിട്ടറിയാം.

 

ആ വലിയ എഴുത്തുകാരനിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത്, കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിലെയും സാമൂഹിക പരിണാമത്തിലെയും ഏറ്റവും സൂക്ഷ്മമായ ചില സംഗതികളെക്കുറിച്ച് പഠിക്കാനും അവയെ പുനർവായിക്കാനും എംടിയുടെ സിനിമകൾ മാത്രമല്ല അദ്ദേഹത്തിന്റെ രചനകളാകെ പ്രയോജനപ്പെടും എന്നാണ്. 

 

ബോധധാരാ സമ്പ്രദായം മലയാളത്തിലേക്ക് ഏറ്റവും ഗംഭീരമായി അദ്ദേഹം കൊണ്ടുവന്നു. ചന്തുവിനെപ്പോലൊരു നായകനെ കൊണ്ടുവന്നു. ആ നായകൻ രണ്ടാണ്. മറ്റുള്ളവർ പറയുന്നതു കേൾക്കുന്ന നായകൻ, അയാളിൽനിന്ന് ഒരുപാട് അകലത്തിൽ, അതിൽനിന്നു വിടർത്തപ്പെട്ട ഒരു യഥാർഥ നായകൻ. എംടിയുടെ മുഴുവൻ സിനിമകളിലും സ്വത്വബോധത്തിലെ ഈ പിളർപ്പുണ്ട്. 

 

ഇപ്പോൾ അദ്ദേഹത്തിന്റെ കഥാപരിസരത്തെക്കുറിച്ചും സംഭാഷണത്തെക്കുറിച്ചും ഒരുപാട് രാഷ്ട്രീയ വായനകൾ വരുന്നുണ്ട്. ഇക്കാലത്ത് ഒരു നിർമാല്യം സാധ്യമാണോ എന്ന വലിയ രാഷ്ട്രീയ ചോദ്യം നമ്മള്‍ ചോദിക്കാറുണ്ട്. എത്ര അനായാസവും സ്വാഭാവികവുമായാണ് ആ ഫിലിം മേക്കർ അത് ചെയ്യുന്നത്. വളരെ സ്വാഭാവികമായ പരിണാമ ബുദ്ധിയാണ് എംടിയുടെ നിർമാല്യം. 

 

സൂക്ഷ്മമായ സംവേദനങ്ങളുടെ രാഷ്ട്രീയ ഭൂമിക എംടിയിലുണ്ട്. അത്തരത്തിൽ എംടി വായിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ കാര്യമായ സംശയവും എനിക്കുണ്ട്. വളരെ സൂക്ഷ്മവും അഗാധവുമായ രാഷ്ട്രീയ വായന എംടി ആവശ്യപ്പെടുന്നുണ്ട്. അതില്‍ വിമർശനമുണ്ടാകാം. പക്ഷേ ഏതൊരു വലിയ എഴുത്തുകാരനും വിമർശനാത്മകമായ വായനയെ ഉത്പാദിപ്പിച്ചുകൊണ്ടു മാത്രമാണ് കാലാതീതമായി നിലനിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com