ADVERTISEMENT

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വലിയൊരു ആത്മബന്ധം തനിക്കുണ്ടായിരുന്നുവെന്നു നടൻ ജഗദീഷ്. രാഷ്ട്രീയത്തിനും അപ്പുറമുള്ള സുഹൃദ് ബന്ധം അദ്ദേഹത്തോടും കുടുംബത്തോടും ഉണ്ടായിരുന്നുവെന്ന് ജഗദീഷ് പറയുന്നു.

 

‘‘ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയോടൊപ്പം കാനറാ ബാങ്കിൽ ജോലി ചെയ്ത സമയം മുതലുള്ള ബന്ധമാണ്. അന്ന് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തും ഒപ്പമുണ്ടായിരുന്നു. ബാങ്ക് അസ്സോസിയേഷനിൽ ഒക്കെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാതിൽ ഏവർക്കും വേണ്ടി എപ്പോഴും തുറന്നിട്ടതിന്റെ പേരിൽ അദ്ദേഹം ഏറെ പഴി കേട്ടിട്ടുണ്ട്. എന്നാൽ അതൊരു നല്ലകാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. എപ്പോഴും ജനങ്ങളോടൊപ്പം. അദ്ദേഹത്തെ കാണാൻ വരുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ്. അദ്ദേഹത്തെപ്പോലെ ജനസമ്മതനായ ഒരു രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിൽ വേറെ ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം.  

 

രമ എന്നെ വിട്ടുപോയപ്പോൾ ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തിയ ആളാണ് അദ്ദേഹം. എന്റെ കുട്ടികളുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. 

 

ഒരുപാടു ആളുകൾ രാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ഒഴുകി എത്തുന്നുണ്ട്.  ഞാൻ ഇനിയും അധികനേരം അവിടെ നിന്നാൽ അദ്ദേഹത്തെ കാണാൻ വരുന്നവരെ അത് ബാധിക്കും എന്നുള്ളതുകൊണ്ട് അൽപ സമയം കൂടി നിന്നാൽ കൊള്ളാമെന്നു തോന്നിയെങ്കിലും ഞാൻ മാറിക്കൊടുക്കുകയായിരുന്നു. കുറച്ചു നേരം കൂടി പ്രാർഥനാനിരതനായി അവിടെ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  ഇത്രയും വലിയ ജനപങ്കാളിത്തത്തോടെയുള്ള ഒരു യാത്രയയപ്പ് ഒരു നേതാവിന് കിട്ടുന്നത് ആരും കണ്ടുകാണാൻ വഴിയില്ല.  അവിടെ നിൽക്കുന്ന എല്ലാരുടെയും കണ്ണു നിറയുകയാണ്. അത് ഔപചാരികതയുടെ പേരിലുള്ള ഒരു കണ്ണുനീരല്ല മനസ്സിൽ തട്ടിയുള്ള പ്രാർഥനയോടെയുള്ള കണ്ണുനീരാണ്. ഇനി ഇത് തന്നെയായിരിക്കും പുതുപ്പള്ളി വരെയുള്ള കാഴ്ചയെന്നു തീർച്ചയായും വിശ്വസിക്കാം.’’–ജഗദീഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com