ADVERTISEMENT

ഒന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമാലോകത്ത് സജീവസാന്നിധ്യമാണ് സൈജു കുറുപ്പ്. നായകനായും സ്വഭാവ നടനായും ഹാസ്യതാരമായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട് അദ്ദേഹം. ഏതു വേഷവും അനായാസം അവതരിപ്പിക്കുന്ന അഭിനയ മികവുണ്ട് അദ്ദേഹത്തിന്. കോമഡിയും സീരിയസ് റോളുകളും സെന്റിമെൻസും ആക്‌ഷനുമൊക്കെ അനായാസം അവതരിപ്പിക്കാന്‍ കഴിയുന്നിടത്താണ് സൈജു കുറുപ്പിലെ നടന്റെ വിജയം. ഏതു കഥാപാത്രമായാലും തന്റേതായ ശൈലിയിൽ  പ്രണയവും ഹാസ്യവും നിസ്സഹായതയും ദു:ഖവും പ്രതികാരവുമൊക്കെ അനായാസം അദ്ദേഹം കഥാപാത്രങ്ങളിൽ കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ 'ജാനകി ജാനേ'യ്ക്ക് ശേഷം സൈജു നായക വേഷത്തിലെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. ഭാവ പ്രകടനം കൊണ്ടും അഭിനയ ശൈലികൊണ്ടും ഓരോ കഥാപാത്രത്തെയും ഏറെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ സാധിക്കാറുള്ള അദ്ദേഹത്തിൽ നിന്നും വേറിട്ടൊരു വേഷമാണ് പാപ്പച്ചനിലൂടെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. 

 

2005 ൽ ഹരിഹരന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത 'മയൂഖ'ത്തിലെ ഉണ്ണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ സൈജു കുറുപ്പിന്‍റെ 'ട്രിവാൻഡ്രം ലോ‍ഡ്ജി'ലെ ഷിബു വെള്ളായനി എന്ന കഥാപാത്രമാണ് കരിയറിൽ വഴിത്തിരിവായത്. പിന്നീട് 'ആട് ഒരു ഭീകരജീവി'യിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയുണ്ടായി. സമീപകാലത്ത് നായകനായി അഭിനയിച്ച 'ഗാർഡിയൻ', 'അന്താക്ഷരി', 'ഉപചാരപൂർവ്വം ഗുണ്ടാജയൻ', 'ജാനകീ ജാനേ' എന്നീ ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയവയാണ്. ഏറ്റവും ഒടുവിൽ 'മധുര മനോഹര മോഹം' എന്ന സിനിമയിലെ ജീവൻ രാജ് എന്ന രസികൻ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയിലൂടെ തനി നാടൻ നായകനായി സൈജു വീണ്ടുമെത്തുമ്പോള്‍ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. ഹ്യൂമർ ട്രാക്കിലാണ് സിനിമയുടെ പ്ലോട്ട് എന്നതിനാൽ തന്നെ ഹാസ്യ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കിതൊരു ചിരിവിരുന്നായിരിക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. 

 

'പാപ്പച്ചൻ ഒളിവിലാണ്' കഥയെഴുതി സംവിധാനം ചെയ്യുന്നത് ഏറെനാള്‍ സംവിധായകൻ ജിബു ജേക്കബിനോടൊപ്പം അസോസിയേറ്റായിരുന്ന സിന്‍റോ സണ്ണിയാണ്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടേതായി ഇതിനകം പോസ്റ്ററുകളും ടീസറും പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. 

 

ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനരചന ബികെ ഹരിനാരായണനും സിന്‍റോ സണ്ണിയുമാണ്. സംഗീതസംവിധാനം ഔസേപ്പച്ചനാണ്. കലാസംവിധാനം വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ്– കിരൺ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിങ് സ്നേക്ക്പ്ലാന്‍റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com