ADVERTISEMENT

‘എന്നു നിന്റെ മൊയ്തീൻ’ സിനിമയിൽ മൊയ്തീന്‍ എന്ന കഥാപാത്രമായി ആദ്യം മനസ്സിൽ കണ്ടിരുന്നത് ഉണ്ണി മുകുന്ദനെയായിരുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ. എന്നാൽ ആ കഥാപാത്രം സ്നേഹത്തോടെ തന്നെ ഉണ്ണി നിരസിക്കുകയായിരുന്നുവെന്നും വിമൽ പറഞ്ഞു. ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് വിമൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

 

‘‘മൊയ്തീൻ ചെയ്യുന്നതിന് മുൻപ് ദേശീയ അവാർഡ് വരെ ലഭിച്ച ഡോക്യുമെന്ററി ഞാൻ ചെയ്തിരുന്നു. മാധ്യമപ്രവർത്തനം ചെയ്യുന്ന കാലത്ത് കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെക്കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരിസ്. അതിലൊന്നായിരുന്നു ‘ജലം കൊണ്ട് മുറിവേറ്റവൾ. അതിലെ മൊയ്തീൻ സിനിമ ആക്കാൻ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു.  

 

എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്നും വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസ്സിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലുള്ള മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. ‘‘എന്റെ മൊയ്തീൻ താങ്ങൾ ആണ്, ഇതൊന്ന് കണ്ട് നോക്കൂ’’ എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവന്‍ കണ്ടു. 

 

അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രം​ഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഉണ്ണിയെ അറിയാവുന്നവർക്ക് അതറിയാം. വലിയ ശരീരവും നൈർമല്യം നിറഞ്ഞ പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസ്സാണ് അദ്ദേഹത്തിന്. ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ, ഈ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്നു പറഞ്ഞു.

 

ഒരു കാര്യം കൂടി, കർണനു ശേഷം സിനിമ ചെയ്യാമെന്നു വിചാരിച്ചാണ് മറ്റൊരു സംവിധാന പ്രക്രിയയിൽ കൈ കൊടുക്കാതിരുന്നത്. ഞാനും ഉണ്ണിയും ചേർന്ന വലിയ പ്രോജക്ട് ഉടനെ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങൾ പതിയെ അറിയിക്കാം.’’–ആർ.എസ്. വിമൽ പറഞ്ഞു.

 

മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ‘എന്നു നിന്റെ മൊയ്തീൻ’ റിലീസിനെത്തുന്നത് 2015ലാണ്. പൃഥ്വിരാജ് ആയിരുന്നു മൊയ്തീൻ ആയി എത്തിയത്. കാഞ്ചനായി പാർവതിയും അഭിനയിച്ചു.ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com