ADVERTISEMENT

2008 ൽ സംപ്രേഷണം ചെയ്ത ‘അൽഫോൻസാമ്മ’ എന്ന സീരിയലിലൂടെയാണ് മിയ അഭിനയം തുടങ്ങിയത്. മാതാവിന്റെ വേഷമായിരുന്നു മിയയ്ക്ക്. സംവിധായകൻ ബോബൻ സാമുവലാണ് ആ സീരിയലിനു നേതൃത്വം നൽകിയത്. പതിനഞ്ചു വർഷങ്ങൾക്കു ശേഷം, ബോബൻ സാമുവലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് മിയ എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘‘ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ, ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ. 2008 ൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സിലക്ട് ചെയ്തില്ലായിരുന്നു എങ്കിൽ, എനിക്കറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സർ.’’– മിയ കുറിച്ചു.

ഈ കുറിപ്പിനു ബോബൻ സാമുവൽ പങ്കുവച്ച മറുപടിയും ശ്രദ്ധേയമായി. ‘‘ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരുടെയും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെയും ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം.’’–മിയയുടെ പോസ്റ്റ് പങ്കുവച്ച് ബോബൻ സാമുവൽ കുറിച്ചു.

ഒരു സ്മോൾ ഫാമിലി, ഡോക്ടർ ലൗ, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് മിയ ശ്രദ്ധ നേടിയത്. 2012 ൽ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിാണ് മിയ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്‌ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽനിന്നു താൽക്കാലിക ഇടവേള എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലൂക്ക എന്നൊരു മകനും മിയയ്ക്കുണ്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com