ADVERTISEMENT

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥനകളുമായി നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി രണ്ടുമണിക്കൂർ മുൻപേ വന്നതും ആദ്യമായി തലയിൽ കൈവച്ചു അനുഗ്രഹിച്ചതും അദ്ദേഹം ഓർത്തെടുത്തു. 

 

‘‘സാറുമായി 35 വർഷത്തെ ആത്മബന്ധം എനിക്കുണ്ട്. സാറുമായും അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരുമായും. ശരിക്കും ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. സാറിന്റെ ലളിതമായ രീതികളെക്കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ, ലോകത്തുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓർമ വരുന്നൊരു കാര്യമുണ്ട്.

 

1992 സെപ്റ്റംബർ ഏഴാം തിയതിയായിരുന്നു എന്റെ കല്യാണം. എട്ടാം തിയതി ടൗൺ ഹാളിൽവച്ച് റിസപ്‌ഷന്‍ ഉണ്ടായിരുന്നു. ആറര മണിക്കാണ് എല്ലാവരെയും ക്ഷണിച്ചിരുന്നത്. വൈകുന്നേരം നാലര മണിയായപ്പോൾ ടൗൺ ഹാളിൽ നിന്നൊരു വിളി വന്നു. ഒരാൾ നേരത്തെ തന്നെ അതും രണ്ട് മണിക്കൂർ മുമ്പ് വന്നിട്ടുണ്ട്. ഞാൻ ചോദിച്ചു, ‘‘ആരാണ്? ’’. ‘‘പുതുപ്പള്ളി എംഎൽഎ ഉമ്മൻ ചാണ്ടി സർ നേരത്തെ തന്നെ വന്നിരിക്കുന്നുണ്ടെന്ന്’’ അവർ എന്നോടു പറഞ്ഞു.

 

ടൗൺ ഹാൾ അപ്പോൾ തുറന്നിട്ടില്ല, അദ്ദേഹം അവിടെയുള്ള പടിക്കെട്ടിൽ ഞങ്ങൾ വരുന്നത് വരെ രണ്ടര മണിക്കൂറോളം കാത്തിരുന്നു. ആദ്യമായി എന്റെയും എന്റെ ഭാര്യയുടെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചത് സാറാണ്. പിന്നെയും എത്ര എത്രയോ മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ടായി. എന്റെ മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ ആ കൈകളിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യമുണ്ടായി. എനിക്കും എത്രയോ പുരസ്കാരങ്ങൾ. ഈ പുതുപ്പള്ളി പള്ളി പെരുന്നാളിന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ വന്നിട്ടുള്ളത്.

 

ഏറ്റവും അവസാനമായി ഞാൻ അദ്ദേഹത്തെ പിറന്നാൾ ദിവസമാണ് വിളിക്കുന്നത്. അച്ചുവാണ് ഫോൺ എടുത്തത്. അദ്ദേഹത്തിന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് അച്ചു പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ വിഡിയോ കോളിൽ വരാം, അദ്ദേഹത്തിന് ഒരു ടാറ്റ കാണിച്ചാൽ മാത്രം മതിയെന്നു പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു, എന്നെ അനുഗ്രഹിക്കുന്നതുപോലെ കൈ വച്ച് ആംഗ്യം കാണിച്ചു. അവസാനമായി നേരിട്ടു കാണാൻ സാധിച്ചില്ല.’’–ജയറാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com