ADVERTISEMENT

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫഹദ് ഫാസിലാണ് ട്വിറ്ററിൽ തരംഗമാകുന്നത്. കാരണം മാമന്നൻ എന്ന സിനിമയും. മാമന്നൻ ഒടിടി റിലീസായതിനുപിന്നാലെയാണ് ഫഹദ് ഫാസിൽ എന്ന ഹാഷ് ടാ​ഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായത്. എന്നാൽ ഈ വാഴ്ത്തലിൽ അപകടം പതിഞ്ഞിരിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. സിനിമയില്‍ ഫഹദ് അവതരിപ്പിച്ച രത്നവേൽ എന്ന ക്രൂരനായ കഥാപാത്രത്തിനു ഹീറോ പരിവേഷം നൽകിയാണ് വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിലൂടെ സംവിധായകൻ മാരി സെൽവരാജ് എന്ത് സന്ദേശമാണോ പ്രേക്ഷകന് നൽകാൻ ആഗ്രഹിച്ചത്, അതിന് നേർ വിപരീതമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് കൂടുതൽപേരും അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ വെറുക്കാൻ വേണ്ടി സംവിധായകൻ സൃഷ്ടിച്ച ഈ കഥാപാത്രത്തെ ഇപ്പോൾ നായകനേക്കാൾ മുകളിലായാണ് ആളുകൾ പ്രതിഷ്ഠിക്കുന്നത്.

 

ആളുകളെ ജാതിയുടെ വലുപ്പം വച്ച് മാത്രം കാണുന്ന ആളാണ് സിനിമയിലെ വില്ലനായ രത്നവേല്‍. താൻ വളർത്തുന്ന രാജപാളയം നായ്ക്കളെ പോലെ തന്റെ കൂടെ നിൽക്കുന്നവരും വാലാട്ടി കുമ്പിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. ‘മുകളിലിരിക്കുന്നവനെ കുമ്പിട്ടാലും കൂടെയിരിക്കുന്നവനെ കുമ്പിട്ടാലും കീഴെ ഇരിക്കുന്നവനെ കുമ്പിടരുത്. കീഴെ ഇരിക്കുന്നവനെ കുമ്പിട്ടാൽ നീ ചത്തതിനു സമം’ എന്നാണ് രത്നവേലിന്റെ അച്ഛന്‍ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. സങ്കീർണതകള്‍ ഏറെ നിറഞ്ഞ ഈ കഥാപാത്രത്തെ ഫഹദ് തന്റെ പ്രകടനം കൊണ്ട് മറ്റൊരു തലത്തിലെത്തിച്ചു. 

 

ഫഹദിന്റെ പ്രകടനത്തിനു വേണ്ട പ്രശംസ ഈ കഥാപാത്രത്തിലേക്ക് പോകുന്നുവെന്നാണ് ഭൂരിഭാഗം ആളുകളും ഇപ്പോൾ അഭിപ്രായപ്പെടുന്നത്. പല സംഘടനകളും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഈ കഥാപാത്രത്തിന്റെ ചില രംഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് വിഡിയോ ആക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നു. 

 

സിനിമ ഇറങ്ങുമ്പോൾ ഏത് കഥാപാത്രത്തെ വെറുക്കണമെന്നാണോ മാരി സെൽവരാജ് ആ​ഗ്രഹിച്ചത്, ആ കഥാപാത്രത്തെയാണ് ആളുകൾ ഇപ്പോൾ ആഘോഷിക്കുന്നത്. ഒരു കഥാപാത്രത്തെ വെറുക്കണമെങ്കിൽ ആ വേഷം ഫഹദ് ഫാസിലിന് നൽകാതിരിക്കുകയാണ് വേണ്ടതെന്നാണ് സംഭവത്തില്‍ ആരാധകരുടെ പ്രതികരണം.

 

അടുത്തകാലത്തൊന്നും ഇത്രയും നായകപരിവേഷം ലഭിച്ച മറ്റൊരു വില്ലൻ കഥാപാത്രമില്ല. തമിഴ്നാട്ടിൽ പലയിടങ്ങളിലും ഫഹദ് ഫാസിൽ ചിത്രവുമായി ഫ്ളക്സുകൾ ഉയർന്നുകഴിഞ്ഞു.

 

കമൽഹാസൻ ചിത്രം തേവർ മകനെ വിമർശിച്ചുകൊണ്ടുള്ള മാരി സെൽവരാജിന്റെ പ്രതികരണം തമിഴകത്ത് വലിയ ചർച്ചയായിരുന്നു. പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകൾ അവഗണിച്ചുകൊണ്ട് ജാതി അതിക്രമങ്ങളെയും ജാതീയ ആചാരങ്ങളെയും മഹത്വവൽക്കരിക്കുന്ന തേവർ മകൻ പോലൊരു സിനിമ എന്തുകൊണ്ട് കമൽഹാസൻ ചെയ്തുവെന്നായിരുന്നു മാരി ചോദിച്ചത്. മാമന്നൻ സിനിമ ചെയ്യാൻ തേവർ മകനും ഒരു കാരണമായെന്നും മാരി പറയുകയുണ്ടായി. ഇപ്പോൾ ഇതേ സാഹചര്യമാണ് മാരി സെൽവരാജിനും സംഭവിച്ചിരിക്കുന്നത്. പരിയേറും പെരുമാൾ കഴിഞ്ഞാൽ മാരിയുടെ സിനിമകളിലെ അതിക്രൂരനായ വില്ലൻ കഥാപാത്രമാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച രത്നവേൽ.

 

English Summary: Video glorifying the upper caste villain and adding mass BGM; Social media with criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com