ADVERTISEMENT

‘വോയ്‌സ് ഓഫ് സത്യനാഥൻ’ കണ്ട് മകൾ മഹാലക്ഷ്മി ചിരിച്ചു മറിഞ്ഞെന്ന് ദിലീപ്. ചെന്നൈയിൽ വച്ചാണ് കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും സിനിമ കണ്ടതെന്നും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ മാമാട്ടി പൊട്ടിച്ചിരിച്ചെന്ന് കാവ്യ പറഞ്ഞുവെന്നും ദിലീപ് പറയുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘കാവ്യയും മക്കളും വോയ്‌സ് ഓഫ് സത്യനാഥൻ കണ്ടത് ചെന്നൈയിലാണ്. സിനിമ കണ്ട് മാമാട്ടി ഭയങ്കര ചിരിയായിരുന്നു എന്ന് പറഞ്ഞു. മീനൂട്ടി വിളിച്ചിട്ട്, ‘അച്ഛാ നന്നായിരുന്നു എന്റെ കൂട്ടുകാരൊക്കെ ഒക്കെ ഉണ്ടായിരുന്നു. അവർക്കൊക്കെ ഭയങ്കര ഇഷ്ടമായി’ എന്ന് പറഞ്ഞു. ആളുകൾ സിനിമ നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് കാവ്യ പറഞ്ഞത്. ചില സീനുകൾ കാണുമ്പോൾ ആണുങ്ങൾ അടക്കം കണ്ണ് തുടയ്ക്കുന്നതു കണ്ടുവെന്നും കാവ്യ പറഞ്ഞു. മാമാട്ടിക്ക് ഈ ഒക്ടോബറിൽ അഞ്ചു വയസ്സാകും. അവൾ അടുത്തിടെയാണ് എന്റെ പഴയ പടങ്ങൾ ഒക്കെ കാണാൻ തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നേ എന്നായിരുന്നു അവളുടെ ചോദ്യം.

ഞാൻ അഭിനയം തുടങ്ങുന്നത് 1995 ലാണ്. അതിനു മുൻപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അവിടെനിന്നു കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്ത് ‘ഏഴരക്കൂട്ടം’ എന്ന സിനിമയിലെത്തി. പിന്നെ ‘സൈന്യം’ ചെയ്തു. എന്റെ തുടക്കം വലിയ സംവിധായകരുടെ കൂടെ ആയിരുന്നു. എന്റെ ഗുരുനാഥന്റെ സിനിമയിൽ തന്നെയാണ് ഞാൻ ആദ്യമായി ക്യാമറയുടെ മുന്നിൽ നിന്നത്. മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകനായ ജോഷി സാറിന്റെ കൂടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയും അഭിനയിക്കുകയും ചെയ്തു.

ജോഷി സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഞാൻ ഇന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ്. ഗുരുനാഥന്റെ പടത്തിൽത്തന്നെ ഹീറോ ആയി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടി. അങ്ങനത്തെ സിനിമകൾ കാണാൻ പ്രേക്ഷകർ ഉണ്ടായിരുന്നു. എനിക്ക് പ്രതിബദ്ധത പ്രേക്ഷകരോടാണ്. എനിക്ക് എല്ലാം തന്നത് സിനിമയാണ്. ആ സിനിമയിൽ ഞാൻ നിലനിൽക്കാൻ കാരണം എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്.’’– ദിലീപ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com