ADVERTISEMENT

കഴിഞ്ഞ വെള്ളിയാഴ്ച അഞ്ച് മലയാള സിനിമകളാണ് തിയറ്ററുകളിലെത്തിയതെങ്കിൽ ഈ വാരം ഏഴ് മലയാള ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന വെള്ളിയാഴ്ച കൂടിയാണ് ഓഗസ്റ്റ് 4. പാപ്പച്ചന്‍ ഒളിവിലാണ്, കൊറോണ ധവാന്‍, ഓളം, അനക്ക് എന്തിന്‍റെ കേടാ, പര്‍പ്പിള്‍ പോപ്പിന്‍സ്, നിള, കെങ്കേമം എന്നിവയാണ് ഈ ഏഴ് സിനിമകൾ. ഹോളിവുഡിൽ നിന്നും െമഗ് 2 വും ഇന്ന് റിലീസ് ചെയ്യുന്നു.

 

പാപ്പച്ചന്‍ ഒളിവിലാണ്

 

പുത്തൻ വീട്ടിൽ പാപ്പച്ചൻ എന്നയാൾ ഉള്‍പ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടര്‍ന്നുണ്ടാകുന്ന രസകരമായ ഒട്ടനേകം സംഭവങ്ങളും കോര്‍ത്തിണക്കി ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദര്‍ശന തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം  എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ദീർഘനാള്‍ സംവിധായകൻ ജിബു ജേക്കബിന്‍റെ അസോസിയേറ്റായിരുന്ന സിന്‍റോ സണ്ണിയാണ്. ഏതു വേഷവും തന്മയത്വത്തോടെ സ്ക്രീനിലെത്തിക്കുന്ന സൈജു കുറുപ്പിന്‍റെ രസിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത 'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്നതാണ് ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. 

 

ഒരു ഡ്രൈവറായ പാപ്പച്ചൻ എന്നയാളുടെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നര്‍മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽമീഡിയ ലോകത്ത് സജീവ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ', പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും ശ്രദ്ധ നേടി.

 

കൊറോണ ധവാന്‍

 

മലയാളത്തിലെ യുവ താരപ്രതിഭകളായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ്– ജെറോം പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

ഓളം

 

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോക് നായകനായി എത്തുന്ന ചിത്രം. വി.എസ്. അഭിലാഷിനൊപ്പം നടി ലെനയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുനത്തിൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി.എസ്. അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം നീരജ് രവി–അഷ്കർ. എഡിറ്റിങ് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി.മ്യൂസിക് ഡയറക്ടർ അരുൺ തോമസ്. ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ശ്രേണിയിലാണ് കഥ പറഞ്ഞിരിക്കുന്നത്.

 

അനില്‍ പ്രഭാകര്‍, സുധീര്‍ കരമന, മധുപാല്‍, ബിന്ദു പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനക്ക് എന്തിന്‍റെ കേടാ, പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി എം.ബി.എസ്. ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പർപ്പിൾ പോപ്പിൻസ് , ശാന്തി കൃഷ്ണ, മാമുക്കോയ, വിനീത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്ദു ലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിള. ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, സലിം കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാമോന്‍ ബി. പാറേലില്‍ സംവിധാനം ചെയ്ത ചിത്രമാണ് െകങ്കേമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com