ADVERTISEMENT

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ‘മാളികപ്പുറം’ സിനിമ തഴയപ്പെട്ടിട്ടില്ലെന്നും തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയുമായിരുന്നുവെന്ന് നിർമാതാവ് ബി. രാകേഷ്. മോശം സിനിമ എന്ന അർഥത്തിലല്ല ചിത്രത്തെ ഒഴിവാക്കിയതെന്നും 21 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ നിന്നും ‘മാളികപ്പുറം’ തഴയപ്പെടുകയായിരുന്നുവെന്നും ബി. രാകേഷ് മനോരമ ഓൺലൈനിനോടു പറഞ്ഞു. പ്രാഥമിക ജൂറികളുടെ വിലയിരുത്തതിൽ ബാഹ്യ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ പ്രാഥമിക ജൂറി അംഗങ്ങളിലൊരാളായിരുന്നു രാകേഷ്.

 

‘‘ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് ‘മാളികപ്പുറം തഴയപ്പെട്ടു’ എന്നു ഞാൻ പറഞ്ഞത്. അവരുടെ ചോദ്യം തന്നെ ‘മാളികപ്പുറം തഴയപ്പെട്ടോ?’ എന്നായിരുന്നു. അതിനു മറുപടി പറഞ്ഞപ്പോൾ തഴയപ്പെട്ടു എന്ന ആ വാക്ക് ഞാൻ ഉപയോഗിച്ചു എന്ന് മാത്രമേ ഉള്ളൂ. പക്ഷേ അതിന്റെ അർഥം ആ ചിത്രത്തിനെ ബാഹ്യ ഇടപെടലുകൾ കൊണ്ട് ഒഴിവാക്കി എന്നായിരുന്നില്ല. പ്രിലിമിനറി ജൂറി സിനിമകൾ കണ്ടപ്പോൾ അതിൽ അഭിപ്രായം പറയാനായി പുറത്തുനിന്നും ആരും വന്നിരുന്നില്ല. 

 

‘മാളികപ്പുറം’ ഒരു മോശം പടം ആണ് എന്ന അർഥത്തിലല്ല ആ ചിത്രത്തിനെ ഒഴിവാക്കിയത്. മാളികപ്പുറത്തെ മാത്രം പ്രത്യേകമായി തഴയുകയൊന്നും ചെയ്തിരുന്നില്ല. 21 ചിത്രങ്ങൾ സെലക്ട് ചെയ്തപ്പോൾ അതിൽ നിന്നും ‘മാളികപ്പുറം’ ഒഴിവാക്കപ്പെട്ടു എന്നു മാത്രം. ആ ചിത്രത്തിലെ ദേവനന്ദ നല്ല ഓമനത്വമുള്ള ഒരു കുട്ടിയാണ്. അവൾ നന്നായി പെർഫോം ചെയ്തു. ദേവനന്ദയുടെ പ്രകടനം ജൂറിയിലുള്ള പലർക്കും ഇഷ്ടപ്പെട്ടു. അവർ ആരൊക്കെയാണ് എന്നൊന്നും ഞാനിപ്പോൾ വെളിപ്പെടുത്തുന്നില്ല. പക്ഷേ അതിനേക്കാൾ മികച്ച പ്രകടനവുമായി മറ്റൊരു കുട്ടി വന്നതുകൊണ്ടാണ് ദേവനന്ദയ്ക്ക് അവാർഡ് ലഭിക്കാതെ പോയത്. ചെറിയ കുട്ടിയാണ് അതിന് വിഷമം ഉണ്ടായിക്കാണും എന്നും അറിയാം. പക്ഷേ പ്രകടനം വിലയിരുത്തുമ്പോൾ മറ്റേ കുട്ടിയായിരുന്നു മികച്ചത്. പക്ഷേ ആ തിരഞ്ഞെടുപ്പുകൾ ഒന്നും ഒരിക്കലും മനഃപൂർവ്വം ആയിരുന്നില്ല.

 

84 ചിത്രങ്ങളാണ് ഞങ്ങളുടെ കമ്മറ്റിക്ക് കാണാനുണ്ടായിരുന്നത്. അതിൽ 21 ചിത്രം ഒഴിച്ച് ബാക്കിയെല്ലാം തഴയപ്പെട്ടു. അതായത് അവാർഡ് കൊടുക്കത്തക്ക യോഗ്യതയില്ല എന്ന് മനസ്സിലാക്കി അവയെ ഒഴിവാക്കി. ഒരു ജൂറി കമ്മിറ്റിക്കു മുൻപ് ഒരു ചിത്രം കാണാൻ വരുമ്പോൾ, ഒരാളുടെ അഭിപ്രായം മാത്രമല്ല പരിഗണിക്കുന്നത്. എല്ലാവരുടെയും അഭിപ്രായം നോക്കിയതിനുശേഷമാണ് ഫൈനലിലേക്ക് അത് സെലക്ട് ചെയ്യുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ കൂടുതലുള്ളവയെ ഒഴിവാക്കി, ഞങ്ങളുടെ കമ്മിറ്റി 21 എണ്ണം തിരഞ്ഞെടുത്തു. ഞങ്ങൾക്കൊപ്പം ഉള്ള രണ്ടാമത്തെ കമ്മിറ്റി 22 എണ്ണവും തിരഞ്ഞെടുത്തു. അവസാന റൗണ്ടിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് ഈ 43 സിനിമകളെയും വിലയിരുത്തിയത്. അവയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രിലിമിനറി ജൂറിയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിരുന്നില്ല എന്നത് എന്റെ അനുഭവമാണ്. പിന്നെ ജൂറിയിലെ മൂന്നുപേർ അല്ലെങ്കിൽ നാലുപേർ ചേർന്ന് ഏതെങ്കിലും ഒരു പടം ഒരിക്കൽ കൂടി കാണണം എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ പടം തിരിച്ചു വിളിക്കണം എന്നാണ് അത് അർഥമാക്കുന്നത്. അത് ഞങ്ങളുടെ സെലക്‌ഷൻ കമ്മറ്റിയിൽ ഉൾപ്പെടുന്ന ഒരു പ്രക്രിയയാണ്. ഇക്കുറി അങ്ങനെ അഞ്ചു പടം ആണ് തിരിച്ചു വിളിച്ചത്. പക്ഷേ ഈ തിരിച്ചുവിളിച്ച അഞ്ചു ചിത്രങ്ങൾക്കും ഒരു അവാർഡ് പോലും ലഭിച്ചില്ല എന്നത് പ്രിലിമിനറി തിരഞ്ഞെടുപ്പുകൾ എല്ലാം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.

 

‘പത്തൊമ്പതാം നൂറ്റാണ്ടിനെ’ അവാർഡിന് പരിഗണിക്കേണ്ടതായി തോന്നിയത് കൊണ്ടാണല്ലോ പ്രിലിമിനറി ജൂറി അതിനെ ഫൈനൽ കമ്മറ്റിയിലേക്ക് അയച്ചത്. അക്കാദമി സെക്രട്ടറി ഉൾപ്പെടെയുള്ള കമ്മിറ്റിയാണ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. അദ്ദേഹം പോലും അനാവശ്യമായി ഒരു ഇടപെടലുകളും നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ കമ്മറ്റിയിൽ സ്വാധീനങ്ങൾ ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. എന്റെ ഒരു അനുഭവത്തിൽ രഞ്ജിത്ത് ഞങ്ങളുടെ പ്രിലിമിനറി കമ്മിറ്റിയിൽ ഇടപെട്ടിട്ടില്ല. അക്കാദമി ഓഫിസിൽ വച്ച് ഞാൻ അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇന്ന ചിത്രത്തിനു വേണം, ഈ ചിത്രത്തിന് അവാർഡ് കൊടുക്കേണ്ട എന്ന് ഒന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല.’’-ബി. രാകേഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com