ADVERTISEMENT

പാന്റ്സില്ലാത്ത സങ്കടം പിന്നീടു സന്തോഷമായി മാറിയ കഥ പറയാം എന്നു പറഞ്ഞാണല്ലോ ആദ്യ ലക്കം അവസാനിപ്പിച്ചത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ പി. ഭാസ്കരന്‍ മാഷിന്റെ രജതജൂബി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. എനിക്കന്ന് പത്തു പതിനഞ്ചു വയസ്സു കാണും. താരങ്ങളും പാട്ടുകാരും സംഗീതസംവിധായകരുമെല്ലാം പങ്കെടുത്ത വലിയ പരിപാടി. അതിന്റെ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കാക്കനാട് എന്റെ വാപ്പയുടെ പരിചയക്കാരനാണ്. അങ്ങനെ പരിപാടിയുടെ വൊളന്റിയറായി കയറിപ്പറ്റാന്‍ ഒരു അവസരം കിട്ടി. ഞങ്ങളെല്ലാവരും മുണ്ടാണ് ഉടുത്തിരുന്നത്. പക്ഷേ, വൊളന്റിയറാകണമെങ്കില്‍ പാന്റ്സിടണം. എനിക്കു പാന്റ്സൊന്നുമില്ല. അന്ന് പാന്റ്സ് എന്നൊക്കെ പറഞ്ഞാല്‍ ഒരു ലക്‌ഷ്വറി ആണ്. എന്റെ ചങ്ങാതി ഉസ്മാന്റെ കയ്യില്‍ പാന്റ്സുണ്ട്. അവന്‍ പോയി എനിക്കുള്ള പാന്റ്സുകൂടി എടുത്തു വന്നു. പക്ഷേ പാകമാകുന്നില്ല. വരുന്നിടത്തു വച്ചു കാണാം. ഞങ്ങള്‍ വൊളന്റിയേഴ്‌സ് ക്യാപ്റ്റന്റെ മുന്നില്‍ ഹാജരായി. അദ്ദേഹം ഓരോരുത്തരെയും ഓരോ സ്ഥലത്ത് പോസ്റ്റ് ചെയ്തു. അക്കൂട്ടത്തില്‍ മുണ്ടുടുത്തയാള്‍ ഞാന്‍ മാത്രം.

 

‘താന്‍ ഒരു കാര്യം ചെയ്യ്, ഔട്ട്പാസ് കൊടുക്കാന്‍ പോയി നില്‍ക്ക്.’

siddique6
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

 

siddique-34

എങ്ങനെയെങ്കിലും പരിപാടിയുടെ ഭാഗമായാല്‍ മതി. ഏറ്റവും മുന്നില്‍ സ്റ്റേജിനോടു ചേര്‍ന്നുള്ള വഴിയിലാണ് എന്നെ നിര്‍ത്തിയത്. ഉര്‍വശീ ശാപം ഉപകാരം എന്നു പറഞ്ഞതുപോലെ ഔട്ട്പാസ് കൊടുക്കാന്‍ നിര്‍ത്തിയിടത്താണ് എലീറ്റ് ക്ലാസ് താരങ്ങളെല്ലാം വരുന്നത്. എനിക്കുമാത്രം താരങ്ങളെ തൊട്ടടുത്തു കാണാം. പാന്റ്സില്ലാതിരുന്നതുകൊണ്ട് അങ്ങനൊരു ഭാഗ്യമുണ്ടായി. എന്റെ കൂട്ടുകാര്‍ക്കെല്ലാം അസൂയയായി. അവിടെ വച്ചാണ് ഞാന്‍ ഫാസില്‍ സാറിനെയും വേണുച്ചേട്ടനെയും ആദ്യമായി കാണുന്നതും അവരുടെ മിമിക്രി കാണുന്നതും. അന്ന് ഫാസില്‍ സാർ സിനിമ സംവിധാനം ചെയ്യുമെന്നോ അദ്ദേഹത്തോടൊപ്പം സഹസംവിധായകരായി ഞാനും ലാലും ജോലി ചെയ്യുമെന്നോ സ്വപ്‌നത്തില്‍പോലും കരുതിയിട്ടില്ല. 

 

siddique7
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

ഇനി മറ്റൊരു മുണ്ടു കഥ കൂടി പറയാം. എറണാകുളത്ത് ഫിലിം ചേമ്പറുകാരുടെ ഒരു സ്റ്റാര്‍ നൈറ്റ് നടക്കുന്ന സമയം. ഞാന്‍ അഞ്ചിലോ ആറിലോ ആണു പഠിക്കുന്നത്. ഗേറ്റിന്റെ പുറത്തു കാറില്‍ വന്നിറങ്ങി അകത്തേക്കു നടന്നാണ് താരങ്ങളൊക്കെ പോകുന്നത്. അങ്ങനെ താരങ്ങളെ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗേറ്റിനു പുറത്തു കാത്തുനിന്നു. ഞങ്ങള്‍ എത്തുന്നതിനു തൊട്ടുമുന്‍പേ വലിയ വലിയ താരങ്ങളൊക്കെ വന്ന് അകത്തേക്കു പോയി. അവരെയൊന്നും കാണാന്‍ പറ്റാതിരുന്നതില്‍ സങ്കടം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാറില്‍ പറവൂര്‍ ഭരതേട്ടന്‍ വന്നിറങ്ങി. അദ്ദേഹം മുണ്ടാണ് ഉടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആനയിച്ച് അകത്തേക്കു കൊണ്ടുപോകുന്നതിനിടെ ആരോ അറിയാതെ മുണ്ടില്‍ ചവിട്ടി. മുണ്ടഴിഞ്ഞു പോയതറിയാതെ ഭരതേട്ടന്‍ നടത്തം തുടര്‍ന്നു. അപ്പോഴേക്ക് ആളുകള്‍ കൂവലും ചിരിയും തുടങ്ങി. അപ്പോഴാണ് അദ്ദേഹം സംഗതി ശ്രദ്ധിച്ചത്. ഭരതേട്ടന്‍ ചിരിച്ചുകൊണ്ടു മുണ്ടെടുത്തുടുത്ത് അകത്തേക്കു പോയി. പിന്നീട് ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഭരതേട്ടനെ അടുത്തു കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹത്തിന് അന്നു പരിപാടിക്കു വന്നത് ഓര്‍മയുണ്ടായിരുന്നെങ്കിലും മുണ്ടഴിഞ്ഞ സംഭവം ഓര്‍മയുണ്ടായിരുന്നില്ല. ‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമയില്‍ ഇന്നസന്റേട്ടന്റെ മുണ്ടഴിഞ്ഞു പോകുന്ന ഒരു സീനുണ്ട്. അത് എഴുതുന്ന സമയത്ത് എനിക്കീ സംഭവം ഓര്‍മയുണ്ടായിരുന്നില്ല. പക്ഷേ, ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ ഞാനക്കാര്യം ആലോചിച്ചു. 

cochin-haneefa

 

ഗേറ്റിനു പുറത്തു കുറച്ചു നേരം കൂടി കാത്തുനിന്നപ്പോള്‍ ഒരു പരിചയക്കാരന്‍ വഴി ഞങ്ങള്‍ക്ക് അകത്തേക്കു പ്രവേശനം ലഭിച്ചു. അങ്ങനെയാണ് നസീര്‍ സാറിനെ, സാക്ഷാല്‍ പ്രേംനസീറിനെ, ആദ്യമായി കാണുന്നത്. ഞങ്ങള്‍ ഗേറ്റ് കടന്ന് സ്റ്റേജിനടുത്തേക്കു നീങ്ങുമ്പോള്‍ അവിടെ എന്തോ ബഹളം നടക്കുന്നു. നസീര്‍ സാറും മറ്റൊരാളും തമ്മില്‍ വാക്കേറ്റം. പിന്നെ ഉന്തും തള്ളും അടിയുമായി. സ്റ്റേജിന്റെ മുന്നിലാണു സംഭവം. കലാപരിപാടികളൊക്കെ നിലച്ചു. ആളുകള്‍ ചുറ്റുംകൂടി നില്‍ക്കുന്നു. ആരൊക്കെയോ വന്ന് നസീര്‍ സാറിന്റെ എതിരെ നില്‍ക്കുന്ന ആളെ പിടിച്ചുകൊണ്ടുപോയി. അടുത്ത ദിവസം ഇതു പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നു. അങ്ങനെയാണ് നസീര്‍ സാര്‍ വഴക്കിട്ടത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു പ്രമുഖ പത്രപ്രവര്‍ത്തകനുമായിട്ടാണെന്നു മനസ്സിലായത്. അന്നത്തെ ഏറ്റവും വലിയ സ്റ്റാര്‍ ആയിരുന്ന നസീര്‍ സാറിനെ ആദ്യം കാണുന്നത് സ്റ്റണ്ട് സീനില്‍ ആണെന്നു പറയാം. നിര്‍ഭാഗ്യവശാല്‍ പിന്നീടൊരിക്കലും എനിക്കു നസീര്‍ സാറിനെ കാണാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ മരണസമയത്ത് ഞാനും ലാലും ഫാസില്‍ സാറുമെല്ലാം മദ്രാസിലുണ്ട്. ഞാനൊഴികെ മറ്റെല്ലാവരും അദ്ദേഹത്തെ പോയി കണ്ടപ്പോള്‍ എനിക്കു പോകാനായില്ല.

 

siddique2
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

മിമിക്രിയുടെ കരുത്തും അതിന് എത്രത്തോളം ആളുകളെ രസിപ്പിക്കാന്‍ കഴിയുമെന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞത് അന്നത്തെ സ്റ്റാര്‍ നൈറ്റില്‍ കൊതുക് നാണപ്പന്‍ എന്ന പ്രശസ്ത കലാകാരന്റെ മിമിക്രി കണ്ടപ്പോഴാണ്. ഞാന്‍ ആദ്യമായി കാണുന്ന മിമിക്രി വികടന്‍ ഗണേശന്റേതാണ്. പുല്ലേപ്പടിയിലെ സിറ്റി ജിംനേഷ്യത്തിന്റെ വാര്‍ഷിക പരിപാടിക്കു വികടന്‍ ഗണേശന്‍ മിമിക്രി അവതരിപ്പിക്കാന്‍ വന്നിരുന്നു. അദ്ദേഹം പക്ഷികളുടെയും മൃഗങ്ങളുടെയും തീവണ്ടിയുടെയുമൊക്കെ ശബ്ദമായിരുന്നു അനുകരിച്ചിരുന്നത്. അതെന്നെ അദ്ഭുതപ്പെടുത്തിയെങ്കിലും മിമിക്രിയാണെന്നു തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നില്ല. കൊതുക് നാണപ്പന്‍ ചേട്ടന്റെ മിമിക്രയാണ് എന്നെ മിമിക്രിയുടെ ലോകത്തേക്കു കൊണ്ടെത്തിച്ചതും മിമിക്രി എന്ന കല ആകര്‍ഷകമായി തോന്നിയതും. അദ്ദേഹത്തിനു രണ്ടു സഹായികളുണ്ട്. വേദിയില്‍ ഡാന്‍സും പാട്ടും നടക്കും. ഓരോ ഐറ്റം കഴിയുമ്പോള്‍ അദ്ദേഹവും സഹായികളും മിമിക്രിയുമായെത്തും. അന്നവിടെ ഉയര്‍ന്ന കയ്യടി ഇന്നും എന്റെ ചെവിയിലുണ്ട്. 

 

പിന്നീടു ഞാന്‍ നാണപ്പന്‍ ചേട്ടനെ കാണുന്നത് ഫാസില്‍ സാറിനൊപ്പം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പോയപ്പോഴാണ്. ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങി വരുന്ന ഒരാള്‍ ഫാസില്‍ സാറിനോടു സംസാരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ കൊതുക് നാണപ്പന്‍ ചേട്ടന്‍. അന്നാണു ഞാന്‍ അദ്ദേഹത്തെ വളരെ അടുത്തു കണ്ടത്. കണ്ടാല്‍ മരിച്ചുപോയ പഴയ നടന്‍ നെല്ലിക്കോട് ഭാസ്‌കരേട്ടനെപ്പോലിരിക്കും. പില്‍ക്കാലത്ത് നാണപ്പന്‍ ചേട്ടന്റെ മകന്‍ ജയന്‍ ഞങ്ങളുടെ മിക്ക സിനിമകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 

siddique4
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

ആദ്യമായി തൊട്ടടുത്തു കണ്ടു സംസാരിച്ച സിനിമാനടനും ഒരു മിമിക്രിക്കാരനാണ്. കൊച്ചിന്‍ ഹനീഫ, ഞങ്ങളുടെയൊക്കെ ഹനീഫിക്ക. അന്ന് ഹനീഫിക്ക കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സമ്മാനം കിട്ടി തിളങ്ങി നില്‍ക്കുന്ന കാലം. സിനിമാതാരങ്ങളെയാണ് ഹനീഫിക്ക അനുകരിച്ചിരുന്നത്. പിന്നീടു നാട്ടിലെ പല വേദികളിലും ഹനീഫിക്ക മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് മിമിക്രി ഒരു ജനപ്രിയ ഐറ്റമായി മാറിയത്. കലാഭവന്റെ അടുത്താണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹത്തിന് ഒരു ചേതക് സ്‌കൂട്ടര്‍ ഉണ്ട്. രാത്രി അതും ഓടിച്ച് ഒരു എട്ടു മണിയാകുമ്പോള്‍ പുല്ലേപ്പടിയിൽ വരും. എന്റെ ജ്യേഷ്ഠന്‍ ഷെരീഫും ഹനീഫിക്കയും വലിയ സുഹൃത്തുക്കളാണ്. ഹനീഫിക്കയോടൊപ്പം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ഷെരീഫണ്ണന്‍. ഷെരീഫണ്ണനെ കാണാനാണ് ഹനീഫിക്ക വരുന്നത്. വന്നു കഴിഞ്ഞാല്‍ പതിനൊന്നോ പന്ത്രണ്ടോ മണി വരെ സിനിമാകഥകള്‍ പറഞ്ഞ് അവിടെ നില്‍ക്കും. കൗതുകത്തോടെ ഈ കഥകൾ കേട്ട് ഞങ്ങള്‍ ചുറ്റും നില്‍ക്കും. ഹനീഫിക്ക അന്നു ഞങ്ങളുടെ ഇടയിലെ താരമാണ്. 

 

പിന്നീട് ‘അഴിമുഖം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഹനീഫിക്കയ്ക്ക് അവസരം കിട്ടി. ഞങ്ങളുടെ നാട്ടില്‍നിന്ന് ആദ്യമായി സിനിമയില്‍ അഭിനയിച്ച ആള്‍. നന്നായി തമാശകള്‍ ആസ്വദിക്കുന്ന ആളാണ് ഹനീഫിക്ക. അദ്ദേഹത്തിന്റെ ചിരി നമ്മള്‍ സിനിമയില്‍ കേള്‍ക്കുന്ന ആ ചിരി തന്നെയാണ്. അദ്ദേഹം ചിരിക്കാന്‍ തുടങ്ങിയാല്‍ അത് ആ പരിസരത്തു മുഴുവന്‍ ഒഴുകും. ഭയങ്കര രസികനാണ്. ഷെരീഫണ്ണന്റെ ചുറ്റും നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും ചോദിക്കില്ല. ഹനീഫിക്ക പറയുന്നതും കേട്ട് കയ്യും കെട്ടി നില്‍ക്കും. അതിനിടെ ഹനീഫിക്ക സിനിമയ്ക്കു കഥ എഴുതുന്നുണ്ടായിരുന്നു. ഹനീഫിക്ക എഴുത്തുകാരനല്ല. എവിടെയും കഥ എഴുതി പ്രസിദ്ധീകരിച്ചിട്ടുമില്ല. അദ്ദേഹത്തിന് എഴുതാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്കു പറ്റില്ല എന്നൊക്കെയുള്ള ചിന്ത ഉള്ളില്‍ കടന്നു കൂടുന്നത് ആ പ്രായത്തിലാണ്.

 

ഒരിക്കല്‍ ഹനീഫിക്കായും ഷെരീഫണ്ണനും സംസാരിക്കുന്നതും കേട്ട് ഞങ്ങളെല്ലാം ചുറ്റും കൂടി നില്‍ക്കുമ്പോള്‍ റോഡിന്റെ അങ്ങേ അറ്റത്ത് ഒരു ബഹളം. നോക്കുമ്പോള്‍ ആളുകള്‍ ഒരു കള്ളനെ ഓടിച്ചുകൊണ്ടു വരികയാണ്. ഇപ്പുറത്തെ റോഡിലേക്ക് ഇയാള്‍ ഓടിക്കയറിയപ്പോള്‍ ഹനീഫിക്കായും ഞങ്ങളെല്ലാവരും നിന്നു സംസാരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചില്ല. ഇയാള്‍ക്കു തിരിച്ച് ഓടാന്‍ പറ്റില്ല. രണ്ടും കല്‍പിച്ചു കള്ളന്‍ ഞങ്ങളുടെ നേരെ ഓടിവന്നു. കുറച്ചടുത്തെത്തിയപ്പോഴാണ് കള്ളന്റെ കയ്യില്‍ ഒരു കത്തിയുള്ളതു ശ്രദ്ധിച്ചത്. 

 

lal-siddique
സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

‘കള്ളന്‍... പിടിക്ക് പിടിക്ക്’ എന്ന് പിറകെ വരുന്നവര്‍ പറയുന്നുണ്ട്.

 

‘പിടിക്കാന്‍ വാടാ... പിടിച്ചാല്‍ വിവരമറിയും...’ ഇപ്പുറത്തു നിന്ന് കള്ളനും.

 

കള്ളന്‍ അടുത്തെത്തി. പെട്ടെന്നാണ് ഹനീഫിക്ക റോഡിന്റെ നടുവില്‍ കയറി നിന്നത്. കള്ളനെ പിടിക്കാനുള്ള ഹനീഫിക്കായുടെ ആ നില്‍പു കണ്ട് ഞങ്ങളുടെ ചങ്കിടിപ്പു നിലച്ചു. കള്ളന്റെ കയ്യിലെ കത്തിയൊന്നും ഹനീഫിക്കായെ ഭയപ്പെടുത്തിയില്ല. ഞങ്ങളൊക്കെ പേടിച്ച് ഐസായി നില്‍ക്കുന്നു. കള്ളന്‍ കത്തിയുമായി ഹനീഫിക്കായുടെ തൊട്ടടുത്തെത്തി. ഹനീഫിക്കായുടെ കഴുത്തിനു നേരെ കത്തി ആഞ്ഞു വീശി. ഹനീഫിക്ക കുനിഞ്ഞു മാറി എഴുന്നേല്‍ക്കുന്നതിനിടെ കള്ളന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട്. കള്ളന്‍ അതു പ്രതീക്ഷിച്ചില്ല. ഒറ്റച്ചവിട്ടില്‍ അവന്‍ വീണു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സ്റ്റണ്ട് സീന്‍ കണ്‍മുന്നില്‍ കാണുകയാണ് ഞങ്ങള്‍. അടുത്ത ചവിട്ടിനായി ഹനീഫിക്ക ഒരുങ്ങി നില്‍ക്കുമ്പോള്‍ കള്ളന്‍ എണീറ്റ് നേരെ എന്റെ വീടിന്റെ വശത്തേക്ക് ഓടി. ഞങ്ങളൊക്കെ പിറകെ ഓടിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടു കളഞ്ഞു. ഈയൊരു ധൈര്യം എല്ലാക്കാലത്തും ഹനീഫിക്കായ്ക്കുണ്ടായിരുന്നു. പാവമാണ്. പക്ഷേ ധൈര്യശാലിയാണ്. ഈ ധൈര്യം മൂലം ഉണ്ടായ ഒരു പ്രശ്‌നം കൊണ്ടാണ് ഹനീഫിക്കായ്ക്ക് എറണാകുളത്തുനിന്നു മദ്രാസിലേക്കു നാടുവിടേണ്ടി വന്നത്. 

 

ഹനീഫിക്ക നാടകത്തില്‍ അഭിനയിക്കുന്ന സമയം. അന്ന് എറണാകുളത്തെ ചുമട്ടുതൊഴിലാളികള്‍ വ്യാപാരികള്‍ക്കെതിരെ സമരം നടത്തിവരുന്ന കാലമാണ്. അന്ന് സിഐടിയു ഇല്ല. പകരം ഇസിടിയു ആണ്. എറണാകുളം ചുമട്ടുതൊഴിലാളി യൂണിയന്‍. വലിയ വഴക്കും അടിപിടിയുമാണ് വ്യാപാരികളും തൊഴിലാളികളും തമ്മില്‍. വ്യാപാരികളുടെ കൂട്ടത്തിലാണ് ഹനീഫിക്ക. അദ്ദേഹത്തിന്റെ വാപ്പ കച്ചവടക്കാരനായിരുന്നു. തൊഴിലാളികളെ തോല്‍പിക്കാന്‍ വേണ്ടി വ്യാപാരികളുടെ മക്കളെല്ലാം 

ചേര്‍ന്നു ലോറിയില്‍ വരുന്ന സാധനങ്ങള്‍ ഇറക്കി. അങ്ങനെ അടിപിടിയായി. തടയാന്‍ വന്ന തൊഴിലാളികളെ ഹനീഫിക്കയുടെ നേതൃത്വത്തില്‍ ഈ ചെറുപ്പക്കാര്‍ അടിച്ചോടിച്ചു. അതിന്റെ ആവേശത്തില്‍ ഹനീഫിക്ക യൂണിയന്റെ കൊടി ചവിട്ടിയൊടിച്ചു താഴെയിട്ടു കത്തിച്ചു. ഇത് തൊഴിലാളികള്‍ക്കു ഭയങ്കര ക്ഷീണമായി. അവര് പിന്നെ ഹനീഫിക്കായെ തട്ടാന്‍ വേണ്ടി നടപ്പായി. ഹനീഫിക്കായ്ക്കു പേടിയില്ല. പക്ഷേ, ബന്ധുക്കള്‍ക്കൊക്കെ പേടിയായി. അവരാരും പാര്‍ട്ടിക്കാരല്ല. അക്കാലത്ത് എല്ലാവര്‍ക്കും രാഷ്ട്രീയഭേദമന്യേ പോയി സംസാരിക്കാനും സഹായം ചോദിക്കാനും പറ്റിയ ഒരാളേ ഉള്ളൂ, എം.എം.ലോറന്‍സ്. ഹനീഫിക്കായുടെ ബന്ധുക്കള്‍ ചെന്ന് ലോറന്‍സേട്ടനോടു കാര്യം പറഞ്ഞു. 

 

‘ചെയ്തതു തെറ്റായിപ്പോയി. ഇനിയിപ്പോള്‍ പെട്ടെന്നൊന്നും അവര് തണുക്കില്ല. ഞാന്‍ സംസാരിച്ചു നോക്കാം. അതുവരെ ഹനീഫ കുറച്ചുനാളൊന്നു മാറി നില്‍ക്ക്,’ ലോറന്‍സേട്ടന്‍ പറഞ്ഞു. 

 

അങ്ങനെയാണ് ഹനീഫിക്ക മദ്രാസില്‍ പോകുന്നത്. ആ പോക്കില്‍ സിനിമാ നടനായാണ് പുള്ളി പിന്നെ തിരിച്ചു വന്നത്. അഞ്ചു വര്‍ഷത്തിനുശേഷം തിരിച്ചു വന്നപ്പോഴേക്കും ഹനീഫിക്കായുടെ കുടുംബത്തിലെ എല്ലാവരും പാര്‍ട്ടിക്കാരായി. 

 

ഈ സംഭവം ഓര്‍മയില്‍ വച്ചാണ് ‘ഫ്രണ്ട്‌സ്’ എന്ന സിനിമയില്‍ നാട്ടില്‍ അടിയുണ്ടാക്കിയ ജയറാമിനെ പോണ്ടിച്ചേരിയിലേക്കു വണ്ടി കയറ്റിയത്.

 

എന്റെ വാപ്പയും ഹനീഫിക്കായുടെ വാപ്പയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞാനും ലാലും പോലെ. പക്ഷേ, ഞാനും ഹനീഫിക്കായും തമ്മില്‍ ആ സൗഹൃദം ഉണ്ടായിരുന്നില്ല. വാപ്പയുടെ കൂട്ടുകാരന്റെ മകനെന്ന നിലയില്‍ ഹനീഫിക്കായ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. 

 

വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെയും ലാലിന്റെയും ആദ്യ സിനിമ ‘റാംജി റാവു സ്പീക്കിങ്ങി’ന്റെ പ്രിവ്യൂ നടക്കുന്ന ദിവസം. ഫാസില്‍ സാറിന്റെ ക്ഷണപ്രകാരം പ്രിവ്യൂ കാണാന്‍ ഹനീഫിക്ക വന്നു. ഞങ്ങള്‍ക്കന്നു ഭയങ്കര ആശങ്കയാണ്. ആളുകള്‍ ഈ സിനിമ എങ്ങനെ എടുക്കും... ചിരിക്കുമോ? അങ്ങനെ കുറെ ചോദ്യങ്ങളുണ്ടു മനസ്സില്‍. മദ്രാസിലെ എംഎം തിയറ്ററില്‍ വച്ചാണ് പ്രിവ്യൂ. സിനിമ കണ്ട് പുള്ളി വീണുകിടന്നു ചിരിയാണ്. അദ്ദേഹത്തിന്റെ ചിരിയാണ് തിയറ്ററില്‍ മുഴുവന്‍ അന്നു കേട്ടത്. ഞാനും ലാലും ടെന്‍ഷനടിച്ച് ഇരിക്കുകയാണ്. അന്ന് അവിടെ വന്ന പലര്‍ക്കും ആ സിനിമ ഇഷ്ടപ്പെട്ടില്ല. 

 

‘ഇതെന്തു സിനിമയാണ്? ഇതില്‍ കഥയെവിടെ?’ കാണാന്‍ വന്ന പലരും മാറി നിന്നു പറഞ്ഞു.

 

ഇതു കേട്ട് ഹനീഫിക്ക ഞങ്ങളുടെ അടുത്തു വന്നു.

 

‘‘അവൻമാര്‍ക്കു പ്രാന്താണ്. നിങ്ങള്‍ നോക്കിക്കോ ഈ സിനിമ ഭയങ്കര ഹിറ്റായിരിക്കും. സിനിമയെക്കുറിച്ച് ഒരു ബോധവുമില്ലാത്ത ആള്‍ക്കാരാണ് ഓരോന്നു പറയുന്നത്. അവന്‍മാര്‍ക്കിതു മനസ്സിലായിട്ടില്ല. മലയാളത്തില്‍ ഇന്നേവരെ ഇറങ്ങാത്ത തരത്തിലുള്ള ഹ്യൂമറാണ്. സൂപ്പര്‍ ഹിറ്റാവും ഈ സിനിമ,’’ ആദ്യത്തെ പ്രവചനം ഹനീഫിക്കായുടെ ആയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com