ADVERTISEMENT

മലയാള സിനിമ ചരിത്രത്തിൽ ഒട്ടേറെ ഇരട്ട സംവിധായകരും എഴുത്തുകാരും ഉണ്ടായിട്ടുണ്ടെങ്കിലും സിദ്ദീഖ്-ലാലിന്റെ തട്ട് താണ് തന്നെയിരിക്കും. 1989-ൽ ‘റാംജി റാവു സ്പീക്കീങ്’ എന്ന സിനിമയിലൂടെയാണ് സിദ്ദീഖും ലാലും സ്വതന്ത്ര സംവിധായകരാകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയാണ് സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ സാന്നിധ്യം അറിയിക്കുന്നത്. കലാഭവന്റെ മിമിക്രി വേദികളിലൂടെ ശ്രദ്ധേയരായ ഇരുവരും സംവിധായകൻ ഫാസിലിന്റെ സംവിധാന സഹായികളായിട്ടാണ് സിനിമയിലെത്തുന്നത്. ഫാസിൽ തന്നെയാണ് ഇരുവരെയും സ്വതന്ത്ര സംവിധായകരായി അവതരിപ്പിക്കാൻ മുൻകൈയെടുത്തതും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. 

siddique12
സിദ്ദിഖ്– ലാൽ ∙ഫയൽ ചിത്രം മനോരമ

 

siddique4
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

‘റാം ജി റാവു സ്പീക്കീങ്’ സൂപ്പർ ഹിറ്റായി. സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിനു വിജയ തുടർച്ചകളുണ്ടായി. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ബോക്സ് ഓഫിസിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരുന്നു.  ‘റാംജി റാവു സ്പീക്കിങ്’, ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ് ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘കാബൂളിവാല’ തുടങ്ങി ഇരുവരും സംവിധായകരായി ഒന്നിച്ച സിനിമകളെല്ലാം മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു. ‘മാന്നാർ മത്തായി സ്പീക്കീങ്’ സിനിമയുടെ സംവിധായകന്റെ ക്രെഡിറ്റ് നിർമ്മാതാവ് മാണി സി കാപ്പന്റെ പേരിലാണെങ്കിലും അത് പൂർണമായും അതിന്റെ രചയിതാക്കൾ കൂടിയായ സിദ്ധിഖ് ലാൽമാരുടെ സിനിമയാണെന്നു വിശ്വസിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം.

 

സിദ്ദിഖ്–ലാൽ ∙ഫയൽ ചിത്രം മനോരമ

ഹാസ്യമായിരുന്നു എല്ലാ കാലത്തും സിദ്ദീഖ്–ലാൽ സിനിമകളുടെ മുഖമുദ്ര. എന്നാൽ സൂക്ഷമമായി വീക്ഷിച്ചാൽ ഹാസ്യമല്ല ജീവിതഗന്ധിയായ കഥാപരിസരങ്ങളാണ് സിദ്ദീഖ്-ലാൽ സിനിമകളെ വ്യത്യസ്തമാക്കിയതെന്നു കാണാം. ഹാസ്യത്തിന്റെ മേമ്പൊടിയോടെ അത്തരം കഥകളെ അവതരിപ്പിച്ചു വിജയിപ്പിക്കാനായി എന്നതാണ് മറ്റു സംവിധായകരിൽ നിന്ന് അവരെ വ്യത്യസ്തമാക്കുന്നത്. തൊഴിൽരഹിതരായ രണ്ടു യുവാക്കളുടെ ആത്മസംഘർഷങ്ങളുണ്ട് ആദ്യ സിനിമയായ റാംജി റാവുവിൽ, തന്റെ മകൻ ഇത്തവണത്തെ ക്രിസ്മസിനെങ്കിലും തന്നെ കാണാൻ എത്തുമെന്നു കരുതി കാത്തിരിക്കുന്ന ഒരു അമ്മ മനസ്സുണ്ട് ഇൻ ഹരിഹർ നഗറിൽ. ഏതു നിമിഷവും കുടിയിറക്കപ്പെട്ടേക്കാവുന്ന കൂറെയധികം മനുഷ്യരുടെ നിസഹായതയുണ്ട് വിയറ്റ്നാം കോളനിയിൽ. അഞ്ഞൂറാന്റെയും ആനപാറയിൽ അച്ചാമ്മയുടെയും പ്രതികാരവും മാലുവിന്റെയും രാമഭഭ്രന്റെയും പ്രണയവും ഉണ്ട് ഗോഡ്ഫാദറിൽ. ഒരു നാടോടികഥയുടെ ആഖ്യാന മികവുണ്ട് കാബൂളിവാലയ്ക്ക്. മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെയും അമ്മയുടെയും കഥ മാത്രമല്ല കാബൂളിവാല മറിച്ച് കാനസിനെയും കടലാസിനെയും പോലെ പാർശ്വവത്ക്കരിക്കപ്പെട്ടു പോയ ഒരു സമൂഹത്തിന്റെ കൂടെ കഥയാണത്. 

 

വിയറ്റ്നാം കോളനി ഒഴികെ സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഒന്നിലും സൂപ്പർതാര സാന്നിധ്യം ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. മുകേഷ്, സായ്കുമാർ, സിദ്ദീഖ്, ബിജു മേനോൻ, ഫിലോമിന, എൻ.എൻ. പിള്ള, ഇന്നസന്റ്, ജഗദീഷ്, കനക, റിസബാവ തുടങ്ങി ഒട്ടേറെ അഭിനേതാക്കളുടെ കരിയറിലെ വഴിത്തിരിവായി സിദ്ദീഖ്-ലാൽ കഥാപാത്രങ്ങൾ മാറിയെന്നതും ചരിത്രം. വിഖ്യാത ഹോളിവുഡ് ചലച്ചിത്രക്കാരൻ ജെയിംസ് കാമറൂണിന്റെ അവതാർ സിനിമയുടെ പ്ലോട്ട് വിയറ്റ്നാം കോളനിയിൽ നിന്ന് കടമെടുത്തതാണെന്ന അടക്കം പറച്ചിലുകൾ ചലച്ചിത്ര പ്രേക്ഷകർക്കിടയിലുണ്ട്. ഫിലോമിനയും നാടകാചാര്യൻ എൻ.എൻ. പിള്ളയെയും നേർക്കുനേർ നിർത്തി സിദ്ദീഖും ലാലും ഒരുക്കിയ ഗോഡ് ഫാദറിന്റെ പേരിലാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിക്കപ്പെട്ട സിനിമയുടെ റെക്കോർഡുളത്. നാനൂറിലധികം ദിവസങ്ങളാണ് സിനിമ പ്രദർശിക്കപ്പെട്ടത്. സിനിമ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ തന്നെ ഒടിടി റിലീസായി സ്വീകരണമുറിയിലേക്കു സിനിമയെത്തുന്ന ഈ കാലത്ത് ഗോഡ്ഫാദറിന്റെ തിയറ്റർ റെക്കോർഡ് തകർക്കുക എന്നത് ഏറെക്കൂറെ അസാധ്യമാണ്. 

 

എല്ലാ ഹിറ്റു ജോഡികളും കരിയറിന്റെ ഒരു ഘട്ടത്തിൽ വേർപിരിയുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. കാബൂളിവാലയിലൂടെ സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിനു തിരശ്ശീല വീണു. ലാൽ നിർമാണത്തിലും അഭിനയത്തിലും സാങ്കേതിക മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിദ്ദീഖ് തിരക്കഥാകൃത്തായും സംവിധായകനായും തുടർന്നു. 

 

പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത ചില സിനിമകൾ ലാൽ നിർമിക്കുകയും ലാൽ സംവിധാനം ചെയ്ത സിനിമയ്ക്കു സിദ്ദീഖ് കഥയെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് പൂർണ്ണമായ അർഥത്തിൽ ഒന്നിച്ചിട്ടില്ല. കളിക്കൂട്ടുകാരായി തുടങ്ങി മിമിക്രിയിലൂടെ സിനിമയിലെത്തി വിസ്മയം തീർത്ത ഉറ്റ ചങ്ങാതിമാരായിരുന്നു സിദ്ധിഖും ലാലും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇനി സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് ഉണ്ടാവില്ല. സിനിമയിലും ജീവിതത്തിലും ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി സിദ്ദീഖ് യാത്രയാകുമ്പോൾ ലാൽ ഒറ്റയ്ക്കാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com