ADVERTISEMENT

1993-ൽ കാബൂലിവാലയിലൂടെ സിദ്ദീഖ്-ലാൽ ഹിറ്റ് ജോഡികൾ വേർപിരിഞ്ഞെങ്കിലും ബോക്സ്ഓഫിസിൽ സിദ്ദീഖ് ഹിറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. സിദ്ദീഖിന്റെ ചലച്ചിത്ര കരിയറിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയതും സാമ്പത്തികമായും പരാജയപ്പെട്ടതുമായ സിനിമകൾ വിരളമാണെന്നു പറയാം. സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞതിനു ശേഷം സിദ്ദീഖ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച ഹിറ്റ്ലർ. സ്വാഭാവികമായും സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം സംവിധായകനായും തിരക്കഥാകൃത്തായും തന്റെ കഴിവ് തെളിയിക്കേണ്ട ചിത്രം കൂടിയായിരുന്നു ഹിറ്റ്ലർ. പ്രേക്ഷകരുടെയും നിരൂപകരുടെയും സംശയങ്ങളെയെല്ലാം എഴുതി തള്ളി ഹിറ്റ്ലർ ബോക്സ് ഓഫിസിൽ തരംഗമായി. മമ്മൂട്ടിയുടെ ഹിറ്റ്ലർ മാധവൻക്കുട്ടി ട്രെൻഡിങായി. ആ വർഷത്തെ ഏറ്റവും ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രങ്ങളിലൊന്നായി അത് മാറി. 

siddique14
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

siddique5
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗഹൃദത്തിന്റെ ട്രാക്കിൽ സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫ്രണ്ട്സ്. കോമഡിക്കൊപ്പം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം 99-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. നിർമാതാവിനു അഞ്ച് ഇരട്ടിയിലധികം ലാഭം നേടികൊടുത്ത ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. സിദ്ദീഖ് തന്നെയായിരുന്നു അതേ പേരിൽ തന്നെ തമിഴേലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. തമിഴിലെ തന്റെ അരങ്ങേറ്റവും സിദ്ദീഖ് ഗംഭീരമാക്കി. ബോക്സ് ഓഫിസ് ഹിറ്റിനൊപ്പം യുവ നായകമാരായിരുന്ന വിജയ്, സൂര്യ അഭിനേതാക്കളുടെ കരിയറിലെ ഏറ്റവും മികച്ച ബ്രേക്കായും സിനിമ മാറി. 

 

siddique3
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

ഹിറ്റ്ലറിനു ശേഷം മമ്മൂട്ടിയും സിദ്ദീഖും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. പതിവു പോലെ സിദ്ധിഖ് ബോക്സ് ഓഫിസിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. വിജയകാന്തിനെ നായകനാക്കി ‘എങ്കൾ അണ്ണാ’ എന്ന പേരിൽ സിദ്ദീഖ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. കോമഡിയും തനിക്ക് വഴങ്ങുമെന്നു വിജയകാന്ത് തെളിയിച്ച ചിത്രം കൂടിയായിരുന്നു അത്. തമിഴ് റീമേക്കും സമ്പാത്തികമായി വിജയം നേടി. മാന്നാർ മത്തായിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സിദ്ദീഖ് സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ചിത്രങ്ങൾ ബോക്സ് ഓഫിസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ക്രോണിക്ക് ബാച്ചിലർ കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷം സിദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോഡി ഗാർഡ്. ദിലീപും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പർഹിറ്റായി. 

 

തമിഴിൽ വിജയ്‌യെ നായകനാക്കി കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡിഗാർഡ് എന്ന പേരിൽ തന്നെ സൽമാൻ ഖാനെയും നായകനാക്കി സിദ്ദീഖ് ഒരുക്കിയ റീമേക്കുകൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് ചരിത്രം സാക്ഷിയായത്. സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഹിറ്റായി മാറിയ ചിത്രം അതുവരെയുള്ള പല റെക്കോർഡുകളെയും അന്ന് മറികടന്നിരുന്നു. എന്നാൽ മോഹൻലാലിനെ നായകനാക്കി സിദ്ദീഖിന്റേതായി പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ പ്രേക്ഷകരെ തികച്ചും നിരാശപ്പെടുത്തി. സിദ്ദീഖിന്റെ കരിയറിന്റെ മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തിയ ചിത്രം കൂടിയായി അത് മാറി. 

 

എന്നാൽ സിദ്ദീഖിന്റെ കരിയറിനെക്കുറിച്ച് ആകുലപ്പെട്ടവർക്കുള്ള മറുപടിയായിരുന്നു ഭാസ്കർ ദ് റാസ്ക്കൽ എന്ന ചിത്രം. മമ്മൂട്ടിക്കൊപ്പം ഹാട്രിക്ക് വിജയം തീർത്ത് സിദ്ദീഖ് തിരിച്ചുവരവ് ഗംഭീരമാക്കി. നയൻതാരയായിരുന്നു നായിക. അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഫുക്രി, അരവിന്ദ് സ്വാമിയെ നായകനാക്കി നിർമിച്ച ഭാസ്ക്കർ ദ റാസ്ക്കലിന്റെ തമിഴ് റീമേക്ക്, മോഹൻലാലിനെ നായനാക്കി നിർമ്മിച്ച ബിഗ് ബ്രദർ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. യുവാക്കളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പുതിയ സിനിമയിലൂടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ആകസ്മികമായി അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com