ADVERTISEMENT

തന്നെ സി‌നിമയിലേക്കു കൈപിടിച്ചുയര്‍ത്തിയ സംവിധായകനെ കാണാൻ പ്രിയ ‘ബാലകൃഷ്ണൻ’ എത്തി. സിദ്ദിഖിനെ കാണാൻ ബിന്ദു പണിക്കരുടെ കൈപിടിച്ചാണ് നടൻ സായികുമാർ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിേലക്കെത്തിയത്. സായികുമാർ ആദ്യമായി അഭിനയിച്ച റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

 

ഇന്നസന്റും സായി കുമാറും മാന്നാർ മത്തായിയും  ബാലകൃഷ്ണനുമായപ്പോൾ പാര വയ്ക്കാനും പണി കൊടുക്കാനും ഗോപാലകൃഷ്ണനായി മുകേഷുമെത്തി.  മൂവരും ചേർന്ന് നിറചിരിയുടെ ഒരു സംസ്കാരത്തിനു തന്നെയാണ് വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. റാംജി റാവുവിനെ പിന്തുടർന്ന് മാന്നാർ മത്തായി എന്ന പേരിൽ തന്നെ എത്തിയ രണ്ടാംഭാഗവും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. 

 

തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിന് കാരണക്കാരിൽ ഒരാളാണ് സിദ്ദിഖെന്ന് സായികുമാർ അനുസ്മരിച്ചു. അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങളാണ് റാംജി റാവു എന്ന ചിത്രത്തിൽ ഞാൻ ചെയ്തത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യൻ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തിൽ നിന്നാണ്. അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് ഒരുപാടുപേർ. അവരുടെ ആരുടേയും പേര് ഇപ്പോൾ പറയുന്നില്ല. ഈ നിമിഷം അവരൊക്കെ മനസുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ എന്നുമാത്രമാണ് പറയാനുള്ളൂവെന്നും താരം പറഞ്ഞു..

 

ഗുരുതുല്യനായ പ്രിയസുഹൃത്തിന്റെ വിയോഗമറിഞ്ഞ തളർച്ച കൊണ്ടോ എന്തോ സായികുമാറിന്റെ ചുവടുകൾ ഇടറുന്നുണ്ടായിരുന്നു.  ദുഃഖം ഘനീഭവിച്ച മുഖത്തോടെ ബിന്ദുവിന്റെ തോളിൽ കൈ താങ്ങി മത്തായിച്ചനു മുന്നിൽ പ്രിയപ്പെട്ട ബാലകൃഷ്‌ണൻ നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com