ADVERTISEMENT

ഹിന്ദി കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ കാര്യമായ പിടിയില്ല. ‘ബോഡി ഗാർഡ്’ സിനിമയുടെ ഷൂട്ടിങ് സമയത്തു ഡയലോഗ് പറഞ്ഞു കൊടുത്തത് എന്റെ സഹായികളായിരുന്നു. ഡബ്ബിങ് സമയത്തു ഞാൻ പോയതു പോലുമില്ല’ – പതിവു സൗമ്യമായ ചിരിയോടെ ഒരിക്കൽ സിദ്ദിഖ് പറഞ്ഞതിങ്ങനെ. സംവിധായകനു ഹിന്ദി കഷ്ടിച്ചു മാത്രമേ മനസ്സിലായുള്ളൂവെങ്കിലും സൽമാൻ ഖാൻ നായകനായി 2011 ൽ ഇറങ്ങിയ ഹിന്ദി ചിത്രം ‘ബോഡി ഗാർഡ്’ ബോക്സ് ഓഫിസിൽ നിന്നു വാരിയെടുത്തത് 250 കോടി രൂപയിലേറെ; അക്കാലത്തെ ഏറ്റവും വലിയ പണം വാരിച്ചിത്രം! അതായിരുന്നു, സിദ്ദിഖ്; ഭാഷകൾക്ക് അപ്പുറം, പ്രേക്ഷകന്റെ ചിരിയുടെ രഹസ്യം അറിയാമായിരുന്നു അദ്ദേഹത്തിന്. 

 

siddique3
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

സിദ്ദിഖ് ചിത്രങ്ങൾ കണ്ടു ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞവരിൽ മലയാളികളുടെ പല തലമുറകളുണ്ട്. മലയാളികൾ മാത്രമല്ല, ഹിന്ദിക്കാരും തമിഴരുമൊക്കെയുണ്ട്, അക്കൂട്ടത്തിൽ. ഹിന്ദിയിൽ നിന്നു ബോഡി ഗാർഡിനു മുൻപും ശേഷവും അദ്ദേഹത്തിനു ക്ഷണം ലഭിച്ചിരുന്നു. 2000 ത്തിൽ തന്നെ ഓഫറുകൾ എത്തിയെങ്കിലും ഭാഷ അറിയാത്തതിനാലും നല്ല കഥയില്ലാത്തതു കൊണ്ടും നടന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടു തന്നെ ബോഡി ഗാർഡ് റീമേക്ക് ചെയ്യുന്നതിനു മുൻപേ അദ്ദേഹം ഒരുപാട് ഹിന്ദി ചിത്രങ്ങൾ കണ്ടു. പ്രത്യേകതകൾ പഠിച്ചു. വൻ വിജയവും നേടി. എന്നിട്ടും അദ്ദേഹം പിന്നീടൊരു ഹിന്ദി ചിത്രം ഒരുക്കിയില്ല.

 

siddique11
സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

‘ബോഡി ഗാർഡ്’ എന്ന സിനിമയുടെ കഥയുടെ ബലം കൊണ്ടാണു ഞാൻ ഹിന്ദിയിൽ കയറിപ്പറ്റിയത്. മലയാളത്തിലെ തമാശകൾ ഹിന്ദിയിലേയ്ക്കു മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. ഭാഷയുടെ പ്രത്യേകത കൊണ്ട് ഉണ്ടാകുന്ന പല തമാശകളുമുണ്ട്. തമിഴിലും ഹിന്ദിയിലും അവർക്ക് ഇണങ്ങുന്ന പുതിയ തമാശകൾ കണ്ടെത്തുകയായിരുന്നു. ആ ഭാഷയിൽ നന്നായി തമാശയെഴുതാൻ കഴിവുള്ളയാളെ കണ്ടെത്തിയാലേ മലയാളത്തിനു സമാനമായ പുതിയ തമാശകൾ കണ്ടെത്താനാവൂ’– ആ ഉത്തരത്തിൽ തന്നെ കൂടുതൽ ഹിന്ദി ചിത്രങ്ങൾ ഒരുക്കാത്തതിന്റെ കാരണവും അദ്ദേഹം പറയാതെ പറഞ്ഞു. 

 

സിദ്ദിഖ് ഒരേയൊരു ഹിന്ദി ചിത്രമേ ഒരുക്കിയുള്ളൂവെങ്കിലും സിദ്ദിഖും ലാലും ചേർന്നു സംവിധാനം ചെയ്തതും സിദ്ദിഖ് തനിച്ചു സൃഷ്ടിച്ച സിനിമകളും ഹിന്ദിയിലേയ്ക്കു റീമേക്ക് ചെയ്യപ്പെട്ടു. അവയെല്ലാം ഹിന്ദി പ്രേക്ഷകരിൽ പുതിയ ചിരിയുടെ തിരമാലകൾ സൃഷ്ടിച്ചു. പ്രിയദർശനായിരുന്നു റീമേക്കുകളിലൂടെ സിദ്ദിഖ് ലാൽ ചിത്രങ്ങളെ ഹിന്ദിയിൽ അവതരിപ്പിച്ചത്. ബോഡി ഗാർഡ് തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്യാൻ ക്ഷണം ലഭിച്ചിട്ടും സിദ്ദിഖ് നിരസിച്ചു. ഹിന്ദി ബോഡി ഗാർഡിനേക്കാൾ നന്നായി ഇനി ഒരു ഭാഷയിലും ഈ ചിത്രം എടുക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

 

മലയാളത്തിൽ തിയറ്ററുകളിൽ ചിരി നിറച്ചു കോടികൾ കിലുക്കിയ പല ചിത്രങ്ങളും അദ്ദേഹം തമിഴിലേയ്ക്കു റീമേക്ക് ചെയ്തു. ഫ്രണ്ട്സ്, ക്രോണിക് ബാച്‌ലർ (എങ്കൾ അണ്ണൈ), ഭാസ്കർ ദ് റാസ്കൽ (ഭാസ്കർ ഒരു റാസ്കൽ) തുടങ്ങിയവ തമിഴിലേയ്ക്കു റീമേക്ക് ചെയ്തു. റീമേക്കിന്റെ കലർപ്പില്ലാതെ, പക്കാ തമിഴ് തനിമയുള്ള ചിത്രവും സിദ്ദിഖ് ഒരുക്കി; സാധു മിരണ്ടാ. ‘മാരോ’ തെലുങ്കിലെ ഏക ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com