ADVERTISEMENT

സിദ്ദീഖ്-ലാൽ സിനിമകളിലെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തരായിരുന്നു. അവരുടെ പേരിൽ പോലും എപ്പോഴും ഒരു കൗതുകം ഒളിപ്പിച്ചുവയ്ക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. ഒറ്റയ്ക്കും ഒരുമിച്ചും സിനിമകൾ ചെയ്തപ്പോൾ സിദ്ദീഖ് കഥാപാത്രങ്ങളെ കണ്ടെടുത്തിരുന്നത് നിത്യജീവിതത്തിൽ നിന്ന് കൂടിയായിരുന്നു. സിദ്ദീഖിനു പരിചയമുള്ള പല വ്യക്തികളും അവരുടെ സ്വാഭവ സവിശേഷതകളും അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങൾക്കും പ്രചോദനമായിട്ടുണ്ട്. മലയാളത്തിലെ പല അഭിനേതാക്കളുടെയും കരിയറിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ സമ്മാനിക്കാനും സിദ്ദീഖിനു കഴിഞ്ഞിട്ടുണ്ട്. അത്തരം ചില കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം. 

 

ആനപാറയിൽ അച്ചാമയും അഞ്ഞൂറാനും 

philomina-nn-pilla
‘ഗോഡ്ഫാദർ’ സിനിമയിൽ ഫിലോമിനയും എൻ.എൻ. പിള്ളയും

 

മലയാള സിനിമയിലെ തഗ്ഗ് സ്റ്റാറായിരുന്നു ഫിലോമിന. ‘ബി ലൈക്ക് ഫിലോമിന’എന്നൊരു ക്യാംപെയ്ൻ തന്നെ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങായിരുന്നു. സിദ്ദീഖ്-ലാൽ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു അവർ. ‘ഇൻ ഹരിഹർ നഗറി’ൽ സേതുമാധാവൻ എന്ന കഥാപാത്രത്തിന്റെ മുത്തശ്ശിയുടെ കഥാപാത്രമായാണ് അവർ എത്തുന്നത്. മുഴുനീള കോമഡി വേഷമായിരുന്നു അത്. നോവൽ വായിച്ച് പേടിക്കുകയും ഗോവിന്ദൻക്കുട്ടിയെ വെട്ടുകത്തിക്ക് വെട്ടാൻ വരുന്ന രംഗങ്ങളൊക്കെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഹരിഹർ നഗറിൽ നിന്ന് ഗോഡ് ഫാദറിലേക്ക് വരുമ്പോൾ ഫിലോമിനയുടെ കഥാപാത്രം രൂപത്തിലും ഭാവത്തിലും അടുമുടി മാറുന്നു. ഫിലോമിനയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദറിലെ ആനപാറ അച്ചാമ. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ അഞ്ഞൂറാൻ എന്ന മാസ്സ് ഹീറോയ്ക്കൊപ്പം കിടപിടിക്കുന്ന കഥാപാത്രം. 

john-hoai
ഇൻ ഹരിഹർ നഗറിൽ റിസബാവ

 

മലയാള സിനിമയിലെ തന്നെ ഏറ്റവും ശക്തയും തലയെടുപ്പുള്ളതുമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. നെഗറ്റീവ് ഛായയുള്ള അച്ചാമ്മയുടെ കഥാപാത്രത്തെ അക്ഷരാർത്ഥത്തിൽ ഫിലോമിന ഗംഭീരമാക്കി. വിയറ്റ്നാം കോളനിയിലെ ഉമ്മയുടെ വേഷം ഫിലോമിന അതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. ചതിക്കപ്പെട്ടു പടിയിറക്കപ്പെട്ട മൂസ സേട്ടിന്റെ നിസഹായയും നിരാലബയുമായ ഉമ്മ സുഹ്റ. കോമഡി വേഷങ്ങളിൽ മാത്രം മലയാളികൾ കണ്ട് ശീലിച്ച ഫിലോമിനയുടെ വ്യത്യസ്തമായ വേഷപ്പകർച്ചയ്ക്കു വഴിയൊരുക്കിയതും സിദ്ധിഖ്-ലാലിന്റെ തൂലികയായിരുന്നു. 

 

biju-menon-mannar-mathai
മാന്നാർ മത്തായി സ്പീക്കിങിൽ ബിജു മേനോൻ

ഗോഡ്ഫാദറിലെ അഞ്ഞൂറാന്റെ കഥാപാത്രം തനിക്ക് നൽകിയില്ലെന്ന പരിഭവം എല്ലാ കാലത്തും പങ്കുവെച്ചിരുന്നു കലാഭവനിൽ സിദ്ദീഖിന്റെയും ലാലിന്റെയും സമകാലികനായ എൻ.എഫ്. വർഗ്ഗീസ്. വർഗ്ഗീസ് അല്ല ശിവാജി ഗണേശനോ, ഓം പൂരിയോ, നസറൂദ്ദീൻ ഷായോ വന്നാലും അഞ്ഞൂറാന്റെ വേഷത്തിൽ എൻ.എൻ. പിള്ള അല്ലാതെ ഒരാളെ സങ്കൽപ്പിക്കുക അസാധ്യമാണ്. സിദ്ദീഖ്-ലാൽ സിനിമകളിലെ ഏറ്റവും മികച്ച കാസ്റ്റിങ് ഏതാണെന്നു ചോദിച്ചാൽ നിസംശയം പറയാം അത് അഞ്ഞൂറാന്റേതാണെന്ന്. മലയാള നാടകവേദിയുടെ ആചാര്യൻമാരിൽ ഒരാളായ എൻ.എൻ. പിള്ളയ്ക്കു അഞ്ഞൂറാൻ എന്ന ഒറ്റ കഥാപാത്രം മലയാള സിനിമയിലും തലയെടുപ്പുള്ള ഒരു ഇടം സമ്മാനിച്ചു. 

ravuthar
വിയറ്റ്നാം കോളനിയിൽ വിജയ രംഗരാജു

 

kannasum-kadalasum
കാബൂളിവാലയിൽ ജഗതിയും ഇന്നസന്റും

വില്ലൻ സങ്കൽപ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങൾ 

 

garvasis-ashan
മാന്നാർ മത്തായി സ്പീക്കിങിൽ ജനാർദനൻ

റാംജി റാവു എന്നൊക്കെ ആരെങ്കിലും വില്ലന് പേരിടുമോ? പേരിൽ ഒളിപ്പിച്ച ആ കൗതുകം തന്നെയായിരുന്നു സിദ്ദീഖിന്റെയും ലാലിന്റെയും ആദ്യ സിനിമയുടെ സെല്ലിങ് പോയിന്റ്. വിജയരാഘവൻ എന്ന നടന്റെ കരിയറിലെ ബ്രേക്കായി മാറിയ കഥാപാത്രം. പേരു കേൾക്കുമ്പോൾ ഒരു പഞ്ചും കഥ പുരോഗമിക്കുമ്പോൾ ചിരിയും പടർത്തുന്ന ഒരേ സമയം കരുത്തനും ഹ്യൂമർ ഛായയുമുള്ള കഥാപാത്രമായിരുന്നു അത്. താഴേയ്ക്കു പിരിച്ചു താഴ്ത്തിവെച്ച മീശയും പിന്നിലേക്ക് ചീകി ഒത്തുക്കിയ മുടിയും അരയിൽ ചുറ്റിയ ചെയിനുമെല്ലാമായി വ്യത്യസ്തമായ ഗെറ്റപ്പ്. റാംജി റാവു സ്പീക്കിങ് എന്ന ആദ്യ ഫോൺ കോളിൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥാപാത്രം തൊട്ടടുത്ത നിമിഷം ഭീരുവായി പരുങ്ങുന്നതും കാണാം. 

 

ജോൺ ഹോനായി എന്ന കഥാപാത്രം അതുവരെയുള്ള വില്ലൻ സങ്കൽപ്പങ്ങളെ മാറ്റിയെഴുതുകയായിരുന്നു. കോട്ടും സ്യൂട്ടും തോക്കുമായി ബോംബൈയിൽ നിന്നെത്തുന്ന സുമുഖനായ വില്ലൻ. എസ്. ബാലകൃഷ്ണന്റെ പശ്ചാത്തല സംഗീതവും സ്റ്റൈലിഷ് ലുക്കും ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിനു നൽകിയ താരപരിവേഷം ചെറുതല്ല. റിസബാബയാണ് ഹോനായായി വേഷമിട്ടത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാം. 

 

പിൽക്കാലത്ത് നായകനായും പ്രതിനായകനായും സ്വാഭവ നടനായും പേരെടുത്ത ബിജു മോനോന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാന്നാർ മത്തായി സ്പീക്കീങ്ങിലെ മഹേന്ദ്ര വർമ്മ. പതിവ് വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തനായിരുന്നു മഹേന്ദ്ര വർമ്മ. നെടുനീളൻ സംഭാഷണങ്ങളും ആക്രോശങ്ങളുമില്ല സോഫ്റ്റായി ജെന്റിലായി വില്ലത്തരം കാണിക്കുന്ന പ്രതിനായകൻ അതായിരുന്നു മഹേന്ദ്ര വർമ്മ. റാംജി റാവുവിനെ പോലെ മാന്നാർ മത്തായിയെ പോലെ മഹേന്ദ്ര വർമ സ്പീക്കീങ് എന്നൊരു മൂന്നാം ഭാഗം പ്രേക്ഷകർ സ്വപ്നം കണ്ടിരുന്നു. 

 

മഹേന്ദ്ര വർമയിൽ നിന്നും ഹോന്നായിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു വിയറ്റ്നാം കോളനിയിലെ റാവുത്തർ അണ്ണന്റെ കഥാപാത്രം. ആറടി പൊക്കത്തിൽ പരുക്കനും മിതഭാഷിയുമായ റാവുത്തർ അതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത വില്ലൻ ഭാവമായിരുന്നു. വിജയ രംഗരാജു എന്ന തെലുങ്ക് നടനാണ് റാവുത്തറായി അരങ്ങ് തകർത്തത്. 

 

ചിരിപ്പിച്ചു ചിന്തിപ്പിച്ചും കരയിപ്പിച്ചും കന്നാസും കടലാസും 

 

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടുകളാണ് ജഗതി ശ്രീകുമാറും ഇന്നസന്റും. മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒട്ടേറെ സിനിമകൾ ഇരുവരും ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിൽ കോമ്പിനേഷൻ വരുന്ന മുഴുനീള സിനിമകൾ വിരളമാണെന്നു തന്നെ പറയാം. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാബൂലിവാലയിലെ കന്നാസും കടലാസും. ആദ്യം ചിരിപ്പിച്ചും പിന്നീട് കരയിപ്പിച്ചും പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠാ നേടിയ കഥാപാത്രങ്ങളാണ് കന്നാസും കടലാസും. നായകൻ വിനീതിനെയും നായിക ചാർമ്മിളയെയും മറ്റ് എല്ലാ സഹതാരങ്ങളെയും നിഷ്പ്രഭരാക്കുന്നുണ്ട് കന്നാസിന്റെയും കടലാസിന്റെയും കഥാപാത്രങ്ങൾ. മലയാളത്തിലെ ഏറ്റവും മികച്ച ഡാർക്ക് ഹ്യൂമർ കഥാപാത്രങ്ങളാണ് കന്നാസിന്റെയും കടലാസിന്റേതും. 

 

‘നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാണ് തനി തങ്കം’ ഗർവാസീസ് ആശാൻ

 

വില്ലനായും സ്വാഭവ നടനായും കോമേഡിയനായും മലയാള സിനിമയിൽ ജനാർദ്ദനൻ എന്ന നടൻ അൻപത് വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ മാന്നാർ മത്തായി സ്പീക്കീങിലെ നാടകക്കാരാനായ ഗർവാസീസ് ആശാൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിൽ എന്നും വേറിട്ട് നിൽക്കും. ആ പേരിൽ തന്നെ തുടങ്ങുന്നു കൗതുകവും നർമ്മവും. കട്ടി കറുപ്പുള്ള മീശയും പുരികവും  കഴിത്തിലൊരു മാലയും. മദ്യമാണ് ആശാന്റെ വീക്ക്നസ്. സീരിയലിനു സീറ്റീരിയലെന്നും എപ്പിസോഡിനു എപ്പിഡോസും എന്നു പറയുന്ന ആശാൻ, ആദ്യ സീൻ മുതൽ ചിരിപടർത്തുന്നു. ‘സന്ധ്യാവ് ആശാന്റെ കസ്റ്റഡിയിൽ തന്നെയുള്ള പെണ്ണാണ്ണ്’, ‘’എടാ എൽദോ നിന്നെ സിനിമയിലെടുത്തു’, ‘പേരു കിട്ടി ശകുന്തള’, ‘ഈ പത്രക്കാരുടെ ഒരു കാര്യം’, ‘ആശാന്റെ കാൽ തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു’ ഇങ്ങനെ ചിരിയുടെ മാലപടക്കം തീർത്ത എത്രയോ രംഗങ്ങൾകൊണ്ടു ധന്യമാണ് ഗർവാസീസ് ആശാന്റെ വേഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com