ADVERTISEMENT

അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.

 

മലയാളത്തിൽ സൂപ്പർഹിറ്റായ ഫ്രണ്ട്സ് തമിഴിലേക്ക് അതേ പേരിൽ റീമേക്ക് ചെയ്തപ്പോൾ സിദ്ദീഖ് കാസ്റ്റ് ചെയ്തത് യുവതാരങ്ങളായ വിജയ്‌യെയും സൂര്യയുമായിരുന്നു. തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു സിദ്ദീഖിന്റെ ‘ഫ്രണ്ട്സ്’. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്കു ലഭിച്ച മികച്ച ബ്രേക്കായി ഫ്രണ്ട്സിലെ കഥാപാത്രം മാറി. സൂപ്പർതാര പദവിയിലേക്ക് ഉയർന്നു കൊണ്ടിരുന്ന വിജയ്‌യുടെ കരിയറിലും ഫ്രണ്ട്സ് ഒരു നാഴികക്കല്ലായി

 

പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദീഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ എക്സിൽ (ട്വിറ്റർ) കുറിച്ചത്. ഫ്രണ്ട്്സ് എന്ന സിനിമ പല കാരണങ്ങളാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നുവെന്നും സൂര്യ കുറിച്ചു. ‘‘ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദീഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.

 

ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.

 

ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേർപാടിൽ മനസ്സുതകർന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർഥിക്കുന്നു. അങ്ങയുടെ ഓർമകൾ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ജീവിതത്തിൽ നിലനിർത്തും.’’–സൂര്യ പറഞ്ഞു.

 

 

English Summary: Suriya Visited Director Siddique's Home And Extended His Condolences To His Family in Cochin Kerala. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com