ADVERTISEMENT

ബോക്സ്ഓഫിസിൽ കൂപ്പുകുത്തി ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കർ’. അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘വേതാളം’ സിനിമയുടെ റീമേക്ക് ആയിട്ടു കൂടി ഈ ചിത്രത്തെ തെലുങ്ക് പ്രേക്ഷകർ കൈവിട്ടു. ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ ആകെ നേടിയത് 45 കോടിയാണ്. സിനിമയുടെ ബജറ്റ് എൺപത് കോടിക്കു മുകളിലും. പ്രേക്ഷകരും സിനിമയെ തഴഞ്ഞ മട്ടാണ്. പല തിയറ്ററുകളിലും ഷോ കാൻസല്‍ ചെയ്യുന്നു. ഇതോടെ ഈ അടുത്തിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങളിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചിത്രങ്ങളിലൊന്നായി ഭോലാ ശങ്കർ മാറി.

 

ഇതിനിടെ സിനിമയിലെ തന്റെ പ്രതിഫലത്തിൽ നിന്നും പത്ത് കോടി രൂപ നിർമാതാവ് അനിൽ സുങ്കരയ്ക്കു മടക്കു നൽകിയെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 കോടിയാണ് ഈ സിനിമയ്ക്കായി ചിര‍‍‍ഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

 

അതിനിടെ നിർമാതാവ് അനിൽ സുങ്കരയ്ക്ക് ഇരട്ടി ആഘാതമാണ് ഈ സിനിമ നൽകിയത്. അനിൽ ഇതിനു മുമ്പ് നിർമിച്ച ‘ഏജന്റ്’ എന്ന സിനിമയും ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു. 67 കോടി മുടക്കിയ ഏജന്റിന് ആകെ ലഭിച്ചത് 12 കോടി ബിസിനസാണ്. അതിൽ നിന്നുണ്ടായ നഷ്ടം ഈ ചിത്രത്തിലൂടെ നികത്താമെന്ന ആഗ്രഹിച്ച അനിലിന് ഈ രണ്ട് സിനിമയിലൂടെ ഉണ്ടായത് 100 കോടിയുടെ നഷ്ടവും. 

 

അജിത്ത് ഗംഭീരമായി തമിഴിൽ ചെയ്ത കഥാപാത്രത്തെ തെലുങ്കിലെത്തിയപ്പോൾ കോമഡിയാക്കി മാറ്റിയെന്നാണ് പ്രേക്ഷക അഭിപ്രായം.  തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നു. തമന്നയാണ് നായിക. മെഹർ രമേശ് ആണ് സംവിധാനം. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേശ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. പത്ത് വർഷങ്ങൾക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഭോലാ ശങ്കർ.

 

രജനിയുടെ ‘ജയിലർ’ തെലുങ്ക് റീമേക്ക് വലിയ പ്രതികരണം സ്വന്തമാക്കിയതും ഈ ചിത്രത്തിനു വിനയായി. ഈ വർഷം ആദ്യം റിലീസ് ചെയ്ത മറ്റൊരു ചിരഞ്ജീവി ചിത്രമായ വാൾട്ടർ വീരയ്യ ബോക്സ്ഓഫിസിൽ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. ചിരഞ്ജീവിയുടെ അടുത്ത ചിത്രം മോഹൻലാലിന്റെ ‘ബ്രോഡാഡി’യുടെ റീമേക്ക് ആണെന്നും കേൾക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com