ADVERTISEMENT

മോഹൻലാൽ സംവിധാനം ചെയ്യുന്ന 3ഡി സിനിമയായ ബറോസ് ഈ വർഷം ഡിസംബർ 21ന് തിയറ്ററിലെത്തും. 16 ഭാഷകളിൽ ഡബ് ചെയ്യുന്ന ബറോസ് അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിലെ റിലീസിനു തൊട്ടടുത്ത ദിവസമാണു മറ്റു രാജ്യങ്ങളിൽ ബറോസ് എത്തുക. ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തു പോകാതെയാണു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നൂറ്റാണ്ടുകളായി ഡി ഗാമയുടെ നിധി കാക്കുന്ന ഭൂതം അതിന്റെ പിൻഗാമിയെ കണ്ടെത്തി നിധി കൈമാറുന്ന ത്രില്ലറാണ് ബറോസ്. ഈ ഭൂതമായി എത്തുന്നതു മോഹൻലാലാണ്. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ളതാണു കഥ. സാധാരണ കഥാപാത്രങ്ങൾക്കൊപ്പം ഒരു അനിമേഷൻ കഥാപാത്രംകൂടി സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളമാണ് ഇതിന്റെ അനിമേഷനും പിന്നണി സംഗീതത്തിനുമായി ചെലവഴിച്ചത്. സന്തോഷ് ശിവൻ ക്യാമറ ചെയ്യുന്നു. സന്തോഷ് രാമനാണു കലാസംവിധാനം. സംവിധാന യാത്രയിൽ മോഹൻലാലിനൊപ്പം ടി.കെ.രാജീവ് കുമാറും ഉണ്ടായിരുന്നു.

അജിത് കുമാർ ആണ് എഡിറ്റർ. ഓസ്കർ അവാർഡു നേടിയ സിനിമകളായ ഐ ഇൻ ദ് സ്കൈ, ട്രെയ്റ്റർ തുടങ്ങിയവയുടെ പിന്നണി സംഗീതം നൽകിയ മാർക് കിലിയനാണു പിന്നണി സംഗീതം ചെയ്തിരിക്കുന്നത്. അത്ഭുതമെന്ന് എ.ആർ.റഹ്മാൻ വിശേഷിപ്പിച്ച കുട്ടി പ്രതിഭയായ ലിഡിയൻ നാദസ്വരം പാട്ടുകൾക്കു സംഗീതം നൽകി. സിനിമയിലെ പോർച്ചുഗൽ പാട്ടുകൾക്ക് സംഗീതം നൽകിയതു അവരുടെ സംഗീതത്തിന്റെ ഗുരുവായ ഗരേറിയോയാണ്. ആന്റണി പെരുമ്പാവൂരാണു നിർമാണം. 1964ൽ വിതരണരംഗത്തെത്തിയ ഫാർസ് ഫിലിംസാണ് ആഷിഷ് ജോ ആന്റണിയുടെ ആശിർവാദ് സിനിമാസ് കമ്പനിയുമായി ചേർന്നു രാജ്യാന്തര വിതരണം നടത്തുന്നത്. പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ ആദ്യ സിനിമാ പങ്കാളിത്തം കൂടിയാണു ബറോസ്.

 

മോഹൻലാൽ ബറോസിനെക്കുറിച്ച് സംസാരിക്കുന്നു....

barroz-release

 

എവിടെ എത്തുമെന്നോ എങ്ങനെ യാത്ര തുടരുമെന്നോ ഞാനിന്നുവരെ ആലോചിട്ടിട്ടില്ല. എന്നെക്കുറിച്ചു സ്വപ്നവും കണ്ടിട്ടില്ല. പക്ഷേ എനിക്കു ഗുരുത്വം പലപ്പോഴും അത്ഭുതങ്ങൾ കാത്തു വച്ചിട്ടുണ്ടായിരുന്നു. 100 വർഷത്തെ മലയാള സാഹിത്യത്തിലെ 10 കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു നടൻ ക്ഷണിക്കപ്പെടുമ്പോൾ അതു ഗുരുത്വമാണ്. മനോരമ അതിനു മുൻപൊരിക്കലുമതു ചെയ്തിട്ടില്ല. ഞാനും ചെയ്തിട്ടില്ല. വാനപ്രസ്ഥമെന്ന കഥയിലേക്ക് എന്നെ വിളിച്ചതും ഞാൻ കാൻ ഫെസ്റ്റിവൽ വേദിയിൽ നടന്നു കയറിയതും അത്ഭുതമല്ലാതെ എന്താണ്. ഇപ്പോൾ ബറോസും അതുപോലെ എനിക്കു ഗുരുത്വം കാത്തുവച്ച സമ്മാനമാണ്.

ചിത്രത്തിന് കടപ്പാട്:  instagram.com/mohanlal
ചിത്രത്തിന് കടപ്പാട്: instagram.com/mohanlal

 

കാലാപാനി, ചിത്രം പോലുള്ള സിനിമകൾ ഞാനും പ്രിയദർശനും മാത്രം ഒരുമിച്ചിരുന്നു റിലീസിനു മുൻപു തിയറ്ററിൽ കണ്ടിട്ടുണ്ട്. സിനിമ കഴിയുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷം അടക്കാനാകാതെ ചോദിച്ചിട്ടുണ്ട്, ‘നമ്മൾ ഷൂട്ട് ചെയ്തതിലുമപ്പുറം ഈ സിനിമയിലൊരു മാജിക്കുണ്ടായിട്ടില്ലേ എന്ന്. ’ വളരെ സാധാരണമായ ചുറ്റുപാടിൽനിന്നു സിനിമയെക്കുറിച്ച് ഒന്നുമറിയാതെ വന്നവരാണു ഞങ്ങളെല്ലാം. ഈ മാജിക്ക് ഞങ്ങളുണ്ടാക്കിയതല്ല. ഏതോ അനുഗ്രഹം സിനിമയ്ക്കുള്ളിൽ ഒളിപ്പിച്ചുവച്ച മാജിക്കാണ്.

 

എന്നെ മോഹൻലാലാക്കിയതു നവോദയയാണ്. നടനായി വർഷങ്ങൾക്കു ശേഷം നവോദയിൽവച്ചുതന്നെ ഞാൻ സംവിധാകനാകുന്നു. അതും തികിച്ചും അത്ഭുതംപോലെ. അന്നത്തെ ത്രീഡി സിനിമയിൽ ജോലി ചെയ്ത ടി.കെ.രാജീവ് കുമാ‍ർ എനിക്കു തുണയായി എത്തുന്നു. നവോദയയിൽ കുട്ടിച്ചാത്തൻ എന്ന ത്രീഡി അത്ഭുത സിനിമ സൃഷ്ടിച്ച ജിജോ വളരെ കഷ്ടപ്പെട്ടു ഗവേഷണം നടത്തി തയാറാക്കിയ കഥാപാത്രത്തെയാണ് എനിക്കു തന്നത്. പിന്നീടതു ഞങ്ങൾ മാറ്റി എഴുതി പുതിയ സിനിമയാക്കുകയായിരുന്നു. ഞാനതിന്റെ സംവിധായകനുമായി. ഹാൻസിമ്മറെപോലുള്ള ദൈവതുല്യനായ സംഗീതജ്ഞനോടൊപ്പം സംഗീതം ചെയ്തവർ ഈ സിനിമയുടെ പിന്നണി വായിക്കാനെത്തി. ഏതു നടനാണീ ഭാഗ്യമെല്ലാമുണ്ടാകുക. മാർക് കിലിയനെപ്പോലെ വലിയൊരു സംഗീതജ്ഞൻ എന്റെ സിനിമയ്ക്കു സംഗീത സംവിധാനം നിർവഹിക്കുമെന്നതു സ്വപ്നത്തിൽ പോലുമില്ലായിരുന്നു. ഓസ്കർ വേദിയിലെത്തിയ സിനിമകളിൽ ജോലി ചെയ്ത വലിയ മനുഷ്യരാണവർ. മാർക് കിലിയൻ അദ്ദേഹം തയാറാക്കിയ സംഗീതവുമായി ഇവിടെയെത്തി നമ്മളെ കേൾപ്പിച്ച ശേഷം തിരിച്ചുപോയി വീണ്ടും ചെയ്ത് ഇവിടേക്കു വീണ്ടും വന്നു. എന്നിട്ടു ബുഡാപെസ്റ്റിൽ പോയി 100 പീസ് ഓർക്കസ്ട്രയിലാണതു റിക്കോർഡു ചെയ്തത്.

നവോദയിൽനിന്നു വർഷങ്ങൾക്കു ശേഷം നവോദയിലേക്കുതന്നെ എന്നെ നടത്തി ബറോസിലെത്തിച്ചതൊരു പുണ്യമാണ്. എനിക്കു മുൻപുള്ള ആരോ ചെയ്ത പുണ്യം. ബറോസ് കാണുമ്പോൾ സൗണ്ട് ഇഫക്ട് ഒന്നുമില്ലാതിരുന്നിട്ടും എന്റെ നെഞ്ചിലെന്തോ കനംവച്ചതുപോലെ തോന്നി. ഈ സിനിമയിലും ഒരു അത്ഭുതമുണ്ട്. തിയറ്ററിൽ അതു കാണാൻ കാത്തിരിക്കുന്നൊരു കുട്ടിയാണു ഞാനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com