ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത് ശങ്കർ പ്രഖ്യാപിച്ച ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘മിത്ത് വിവാദ’ങ്ങൾക്ക് മുൻപേ റജിസ്റ്റർ ചെയ്തതെന്ന് അണിയറ പ്രവർത്തകർ. ‘മിത്തോ ഭാവനയോ? സാങ്കൽപിക കഥാപാത്രമോ അതോ യാഥാർഥ്യമോ?’ എന്ന ടാഗ്‌ലൈനോടെ പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നായിരുന്നു വ്യാഖ്യാനം. വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടി പ്രഖ്യാപിച്ചൊരു സിനിമയാണിതെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു വിമർശനം. എന്നാൽ ‘ജയ് ഗണേഷ്’ എന്ന പേര് സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് നൽകിയതെന്ന് സിനിമയുടെ സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു. തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുൻപ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ടെന്നും ഇപ്പോഴത്തെ വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് ശങ്കർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘നമ്മുടെ ശ്രമം പ്രേക്ഷകരെ വിനോദിപ്പിക്കുന്ന ഒരു സിനിമ ഉണ്ടാക്കുക എന്നുള്ളതാണ്. എന്റെ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് ‘ജയ് ഗണേഷ്’ എന്നത് തന്നെയാണ്. അത് എത്രയോ മാസം മുൻപു തീരുമാനിച്ചതാണ്. ഫിലിം ചേംബറിൽ ഒരു സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷൻ ഒരുപാട് സമയമെടുക്കുന്ന ഒരു പരിപാടിയാണ്. അത് കഴിഞ്ഞ ജൂണിൽ പൂർത്തിയായതാണ്. ഈ സിനിമ കാണുമ്പോൾ എന്തുകൊണ്ട് ഈ പേരിട്ടു എന്നു പ്രേക്ഷകർക്ക് മനസ്സിലാകും. ചിത്രീകരണം ഉടനെ തുടങ്ങും. ചിങ്ങത്തിൽ പടത്തിന്റെ പേര് പ്രഖ്യാപിക്കാനിരുന്നതാണ്. അങ്ങനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

jai-ganesh-title

സിനിമ ഒരു കമേഴ്‌സ്യൽ പ്രോഡക്റ്റ് ആണ്, അത് ആരും അറിയാതെ ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാൻ കഴിയില്ല. കൂടാതെ നന്നായി മാർക്കറ്റ് ചെയ്യേണ്ടി വരും. എന്റെ എല്ലാ സിനിമകളും ചിത്രീകരണം തുടങ്ങുന്നതിന് രണ്ടു മാസം മുൻപൊക്കെ പേര് പ്രഖ്യാപിക്കാറുണ്ട്. ഇതും അതുപോലെ ചെയ്തതാണ്. എന്റെ മുൻപത്തെ സിനിമകൾ നോക്കിയാൽ മനസ്സിലാകും, സിനിമയ്ക്ക് ആവശ്യമുള്ളതുകൊണ്ടാണ് ഈ പേരിട്ടത്. അല്ലാതെ ഇപ്പോഴത്തെ വിവാദവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല.

ജയ് ​ഗണേഷിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനു വേണ്ടി കാത്തിരിക്കുകയായിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതെ, കൃത്യമായ തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു ഉണ്ണിയും. ഞങ്ങൾ ജയ് ഗണേഷിനെക്കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാൻ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നു.’’ –രഞ്ജിത്ത് ശങ്കർ പറയുന്നു.

ചിത്രത്തിന്റെ പേര് മിത്ത് വിവാദങ്ങൾക്കു മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ അണിയറ പ്രവർത്തകർ നൽകുന്നു. ‘‘ജയ് ഗണേഷ് എന്ന സിനിമയുടെ പേര് 2023 ജൂൺ 19 ന് രഞ്ജിത്ത് ശങ്കർ റജിസ്റ്റർ ചെയ്തതാണ്. 2023 ജൂലൈ 21ന് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസംഗത്തിലാണ് ഇപ്പോൾ ചർച്ചയാകുന്ന വിവാദ പരാമർശങ്ങൾ ഉണ്ടായത്. രഞ്ജിത് ശങ്കർ ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായ ഒരു കോമഡി ത്രില്ലർ എന്റർടെയ്‌നറായിരിക്കും ജയ് ഗണേഷ്. സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും.’’ അണിയറപ്രവർത്തകർ പറയുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com