ADVERTISEMENT

പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരമാണ് ഇതെന്ന് ദേശീയ അവാർ‍ഡിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ ഇന്ദ്രൻസ്. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഹോമിന് പ്രേക്ഷകർ എന്നേ പുരസ്‌കാരം നൽകിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്തിട്ട് രണ്ടു വർഷമായതുകൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയതെന്നും ദേശീയ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞുപോയന്നാണ് ഓർത്തിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു 

 

‘‘അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. പ്രപഞ്ചത്തിൽ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരും കിട്ടാത്തപ്പോൾ വിഷമം തോന്നും. അവാർഡ് പ്രതീക്ഷിച്ചില്ല, സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷമായല്ലോ ഇതൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയത്. പക്ഷേ ദേശീയ പുരസ്‌കാരം കഴിഞ്ഞില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു.  എന്നേക്കാൾ കഷ്ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവർ, അത് അംഗീകരിക്കാതെ പോയതിൽ അന്ന് എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു. ഒരുവർഷത്തോളം തിയറ്റർ തുറക്കാൻ കാത്തിരുന്ന് എന്നിട്ടും തുറക്കാതെ വന്നപ്പോഴാണ് ഒടിടിയിൽ കൊടുത്തത്. പക്ഷേ അംഗീകാരം എല്ലാ പ്രേക്ഷകരിൽ നിന്നും കിട്ടിയിരുന്നു. ഇപ്പോൾ ദേശീയതലത്തിൽ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്.’’– ഇന്ദ്രൻസ് പറയുന്നു

 

നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് 'ഹോം' സിനിമയെ ഒഴിവാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ച് ഇന്ദ്രൻസ് രംഗത്തു വന്നിരുന്നു. ഹോം സിനിമ അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ല. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല. ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും എന്നാണ് ഇന്ദ്രന്‍സ് അന്ന് പ്രതികരിച്ചത്.

 

‘‘സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കിൽ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെ. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർക്കു കൊടുത്തില്ലേ. ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കമായിരുന്നില്ലേ. എന്റെ കുടുംബം തുലച്ചു കളഞ്ഞതിൽ സങ്കടമുണ്ട്. ഹോം സിനിമയുടെ പിന്നിൽ വലിയ ക്രൂ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ തന്ന പരിമിതികൾക്കുള്ളിൽ ചെയ്ത സിനിമയാണ്. സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ്. പലരും ഒടിടി പ്ലാറ്റ്ഫോം അറിഞ്ഞു തുടങ്ങിയതു തന്നെ ഹോം സിനിമയ്ക്കു ശേഷമാണ്.’’–ഇന്ദ്രൻസിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com