ADVERTISEMENT

‘പുഷ്പ’ എന്നു പറഞ്ഞാല്‍ ഫ്‌ളവറല്ല ഫയറാണെന്ന് തെളിയിച്ച അല്ലു അര്‍ജുന്‍. വലതുതോള്‍ ചെരിച്ച്, കൈ നിവര്‍ത്തി കീഴ്ത്താടി നീട്ടിത്തടവി 'തഗ്ഗത്തലെ' എന്ന പൊളി ഡയലോഗുമടിച്ച് പുഷ്പരാജ് തിയറ്ററുകളിലുണ്ടാക്കിയ ആവേശം ആകാശത്തോളമായിരുന്നു. രക്തചന്ദനത്തിന്റെ കരുത്തും കാടിന്റെ നേരുമായി ആവേശത്തിന്റെ തീക്കനല്‍ പടര്‍ത്തി. കണ്ണില്‍ കര്‍പ്പൂരദീപമായെത്തിയ ശ്രീവല്ലിക്കൊപ്പം കാമുകഭാവമണിഞ്ഞപ്പോള്‍ പ്രേക്ഷകരും പുഷ്പയ്‌ക്കൊപ്പം ആടിത്തിമര്‍ത്തു. അത്രമേല്‍ ‘പുഷ്പ’ ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. ഒടുവില്‍ അതിനുള്ള അംഗീകാരമായി അല്ലു അര്‍ജുന് ദേശീയ പുരസ്‌കാരവും. ഇതോടെ തെലുങ്ക് സിനിമ ചരിത്രത്തിന്റെ തന്നെ ഭാഗമായി ‘പുഷ്പ’യും മാറി.

 

ശരീരഭാഷയിലും നടപ്പിലും ഇരിപ്പിലുമൊക്കെ പുത്തന്‍ അനുഭവമായി മാറുകയായിരുന്നു അല്ലു അര്‍ജുന്‍ പുഷ്പയില്‍. അതുവരെ പ്രേക്ഷകര്‍ ആ നടനില്‍ കണ്ട ഭാവങ്ങളൊന്നും പുഷ്പയില്‍ വന്നുപോയില്ല. അപ്പോഴും തന്റെ പ്രേക്ഷകരെ സംതൃപ്പ്ത്തിപ്പെടുത്താനെന്നവണ്ണം മാസ്സും ക്ലാസും പ്രണയവുമൊക്കെ ഇവിടേയും ഇടകലര്‍ത്തി. തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രത്തിന്റെ മനസ്സിലുള്ള ഫയര്‍ കാഴ്ച്ചക്കാരിലേക്കും എത്തിക്കാന്‍ ആ പ്രകടനത്തിനു കഴിഞ്ഞു. അതുവരെയുള്ള തെലുങ്ക് സിനിമകളുടെ ചരിത്രം മാറ്റി എഴുതി പുഷ്പ വിജയത്തിന്റെ പുഷ്പക വിമാനത്തിലേറി.

pushpa-review

 

പുഷ്പരാജ് ആവുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് അല്ലു അര്‍ജുന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണമായും നഗരവും നഗരജീവിതവും കണ്ടു വളര്‍ന്ന തനിക്ക് പുഷ്പരാജിനെപ്പോലെ തനി ലോക്കല്‍ ഗുണ്ടയായി മാറുക അത്ര എളുപ്പമുള്ള കാര്യമല്ല.  ഇത്തരമൊരു കഥാപാത്രത്തെ ചെയ്യുമ്പോള്‍ ഒട്ടും സ്‌റ്റൈല്‍ ആവാന്‍ പാടില്ല. തന്റെ സിനിമ കൂടുതലും കാണുക സാധാരണക്കാരാണ്. അവര്‍ക്ക് ആ മാറ്റത്തെ തിരിച്ചറിയാന്‍ കഴിയും എന്നാണ് താരം അന്ന് പറഞ്ഞത്. അതുകൊണ്ടു തന്നെ ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ പദ്ധതികളോടെയാണ് പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറിയത്.

 

പുഷ്പയില്‍ അല്ലു അര്‍ജുന്റെ വ്യത്യസ്തമായ നടത്തത്തെക്കുറിച്ച സംവിധായകന്‍ സുകുമാര്‍ പറഞ്ഞ കമന്റ് ശ്രദ്ധേയമായിരുന്നു. ചിത്രീകരണം തുടങ്ങും മുന്‍പ് പുഷ്പരാജിന്റെ വ്യത്യസ്ത നടപ്പുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമയം. അല്ലു അര്‍ജുന്‍ പലരീതിയില്‍ സംവിധായകനു മുന്നില്‍ നടന്നു കാണിച്ചു. ‘‘എങ്ങനെ വേണമെങ്കിലും നടന്നോളു, പക്ഷേ സിനിമ കഴിയുമ്പോള്‍ പ്രേക്ഷകര്‍ പുഷ്പയെപ്പോലെ നടക്കണം’’ എന്നായിരുന്നു അന്ന് സുകുമാര്‍ പറഞ്ഞ കമന്റ്. ഒടുവിലത് കൊച്ചുകുട്ടികളടക്കം ഏറ്റുപിടിച്ചു. അതുവരെയുള്ള എല്ലാ അര്‍ജുന്‍ കഥാപാത്രങ്ങളെയും മാറ്റി നിര്‍ത്തി പുഷ്പരാജ് മുന്നില്‍ നടന്നു നീങ്ങി.

 

പഞ്ചു ഡയലോഗുകളില്‍ മാസ്സ് പ്രകടനം മാത്രമായിരുന്നില്ല അല്ലു അര്‍ജുന്റേത്. വൈകാരിക രംഗങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിഞ്ഞു. അതുവരെയുണ്ടായിരുന്ന പ്രകടനങ്ങളെയൊക്കെ പൊളിച്ചടുക്കി. തെലുങ്കുനാട്ടിലും അതിനപ്പുറം ദക്ഷിണേന്ത്യയും മാത്രം ലക്ഷ്യംവച്ചെത്തിയ ചിത്രമായിരുന്നു പുഷ്പയെന്നും എന്നാല്‍ അത് അല്ലു അര്‍ജുന്റെ പ്രകടനംകൊണ്ട് പാന്‍ ഇന്ത്യന്‍ ചിത്രമായി മാറുകയായിരുന്നുവെന്നും സംവിധായകന്‍ സുകുമാര്‍ പറഞ്ഞിട്ടുണ്ട്. ലോക്കല്‍ റൗഡിയായി എത്തി അതിന്റെ എല്ലാ സാധ്യതകളിലേക്കും ഇറങ്ങി അഴിഞ്ഞാടി പ്രകടനം കാഴ്ചവയ്ക്കാനും താരത്തിനായി.

 

ഗംഗോത്രി എന്ന ആദ്യ ചിത്രത്തിലുടെ പരാജയം ഏറ്റുവാങ്ങിയ അല്ലു അര്‍ജുന് വഴിത്തിരിവാകുന്നത് സുകുമാര്‍ തന്നെ സംവിധാനം ചെയത ആര്യയാണ്. അത് മലയാളത്തിലടക്കം കോളിളക്കം സൃഷ്ടിച്ചു. അല്ലു അര്‍ജുന് മല്ലു അര്‍ജുനെന്ന് വിശേഷണവും വന്നു. മലയാളികളും അത്രമേല്‍ ആഘോഷമാക്കുന്നതാണ് ഓരോ അല്ലു അര്‍ജുന്‍ ചിത്രവും. പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസില്‍ കൂടി എത്തിയതോടെ കൂടുതല്‍ ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റുപിടിച്ചു. ഇനി കാത്തിരിപ്പാണ്, പുഷ്പ ടുവിന്റെ തേരോട്ടത്തിനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com