ADVERTISEMENT

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ അണിയറ പ്രവർ‍‍ത്തകര്‍ പുറത്തുവിട്ടത്. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം വർധിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് റോജിൻ തോമസ് മനോരമ ഓൺലൈനിനൊപ്പം...

 

കത്തനാര്‍ ആദ്യ ഗ്ലിംപ്സ് എല്ലാവരും സ്വീകരിച്ചു 

 

‘കത്തനാർ’ എന്ന സിനിമയ്ക്ക് പിന്നിൽ ആറു വർഷത്തെ ഒരു യാത്രയുണ്ട്. ‘ഹോം’ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ നമ്മൾ കത്തനാറുടെ റിസർച്ചിൽ ആയിരുന്നു. പ്രത്യേകിച്ചും വിഎഫ്എക്സ്, സിജി ഡിപ്പാർട്ട്മെന്റ് ഒരുപാട് ടെസ്റ്റും കാര്യങ്ങളും ഒക്കെ ചെയ്തിട്ടാണ് ഈ ഒരു സ്റ്റേജിൽ എത്തിയിരിക്കുന്നത്. ഈ സിനിമ ആളുകൾ എങ്ങനെ എടുക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ടീസർ ഇറങ്ങിയത് മുതൽ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഭയങ്കര സന്തോഷമുണ്ട്. വിഎഫ്എക്സ് ചെയ്ത ടീമിന് നല്ലൊരു അംഗീകാരമാണ് കിട്ടിയിരിക്കുന്നത്, അതിൽ സന്തോഷമുണ്ട്.

 

അനുഷ്ക ഷെട്ടിയാണ് നായിക 

 

അനുഷ്ക ഷെട്ടിയുടെ അടുത്ത് പോയി കഥ പറഞ്ഞത് എന്നും ഓർത്തിരിക്കുന്ന നിമിഷങ്ങൾ ആയിരുന്നു, അവർ വളരെ നേരത്തെ കമ്മിറ്റ് ചെയ്ത പ്രോജക്ട് ആണ്. പലതരത്തിലുള്ള തടസം വന്ന്  ഷൂട്ടിങ് ഡേറ്റ് എല്ലാം മാറിപ്പോയി. ഔദ്യോഗികമായി അനൗൺസ് ചെയ്തില്ല എന്നേയുള്ളൂ. സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അനുഷ്കയുടേത്. കഥ പറഞ്ഞപ്പോൾ തന്നെ അനുഷ്കയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പാൻ ഇന്ത്യൻ അംഗീകാരം ലഭിക്കുന്ന ഒരു മുഖം അവിടെ വേണമെന്ന് തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്നത് അനുഷ്ക ഷെട്ടി ആയിരുന്നു.

 

ആദ്യം മനസ്സിൽ തോന്നിയ ആളുടെ അടുത്ത് തന്നെ പോകുകയും കഥ മുഴുവൻ കേട്ട് അനുഷ്ക സമ്മതിക്കുകയുമായിരുന്നു. അനുഷ്ക വളരെ സെലക്ടീവായി സിനിമ സ്വീകരിക്കുന്ന ആളാണ്. ബാഹുബലി കഴിഞ്ഞ് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അനുഷ്ക ചെയ്തിട്ടുള്ളൂ. ദിവസവും നാലഞ്ച് പേരൊക്കെ അവരുടെ അടുത്ത് കഥ പറയാൻ പോകാറുണ്ട്. അത്രയ്ക്ക് ഡീറ്റെയിൽ ആയി കഥകൾ കേട്ടിട്ടാണ് സിനിമകൾ സ്വീകരിക്കുന്നത്. അനുഷ്കയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ പോകുന്നതേയുള്ളൂ. അടുത്ത ഷെഡ്യൂൾ അനുഷ്കയുടേതാണ്.

 

താരങ്ങൾ എല്ലാം സർപ്രൈസ് 

 

സിനിമയുടെ ചിത്രീകരണം ഇനി 130  ദിവസത്തോളം ബാക്കിയുണ്ട്. ഒരു നാൽപത് ശതമാനം പൂർത്തി ആയി എന്നെ ഇപ്പോൾ പറയാൻ പറ്റൂ. 200 ദിവസം പ്ലാൻ ചെയ്തതിൽ ഒരു 40 ദിവസമാണ് കഴിഞ്ഞിരിക്കുന്നത്.  സിനിമയിൽ ഒരുപാട് സർപ്രൈസ് കഥാപാത്രങ്ങൾ ഉണ്ട്. എല്ലാ കഥാപാത്രങ്ങളെയും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. കത്തനാരുടെ കഥയാണ് പറയുന്നത്. അതിൽ ജയസൂര്യ ഉണ്ട്, അനുഷ്ക ഷെട്ടി ഉണ്ട്. പിന്നെ ഇപ്പോൾ ടീസറിൽ കോട്ടയം രമേശ്, നടൻ വിനീത്, ഗുൽപ്രീത് യാദവ് എന്ന ഹിന്ദി താരം എന്നിവരെ കാണാം. ഇത്രയും പേരുടെ കാര്യമേ ഇപ്പോൾ പറയാൻ പറ്റൂ. ബാക്കിയുള്ളതെല്ലാം സർപ്രൈസ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com