ADVERTISEMENT

വർഷങ്ങൾക്കു മുൻപ് നടി ജ്യോതിർമയിയെ ഒരു ചിത്രകാരിയായി മഹാരാജാസ് കോളജിൽ വച്ച് കണ്ടുമുട്ടിയ കഥ പറഞ്ഞ് നടൻ സലിം കുമാർ. മഹാരാജാസ് കോളജിൽ പെയിന്റിങ് മത്സരം നടക്കുമ്പോൾ കാഴ്ചക്കാരാരുമില്ലാതെ തനിയെ നിന്ന് ചിത്രം വരക്കുന്ന പെൺകുട്ടിയെ കണ്ട കഥയാണ് നടന്‍ ഓർത്തെടുത്തത്. ചിത്രം നന്നായാലേ അടുത്ത് ആളുണ്ടാകൂ എന്ന് ആ പെൺകുട്ടിയോട് താൻ പറഞ്ഞുവെന്നും ആ പെൺകുട്ടിയാണ് പിൽക്കാലത്ത് വലിയ നടിയായും അമൽ നീരദിന്റെ ഭാര്യയായും മാറിയ ജ്യോതിർമിയെന്നും സലിം കുമാർ പറഞ്ഞു. അമൽ നീരദിന്റെ അച്ഛനും പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുൻ അധ്യാപകനുമായ പ്രഫ. സി.ആർ. ഓമനക്കുട്ടന്റെ പുസ്തകപ്രകാശനത്തിനിടെയാണ് രസകരമായ ഈ ഓർമ നടൻ പങ്കുവച്ചത്. മമ്മൂട്ടി, ആർ. ഉണ്ണി അടക്കമുള്ള പ്രശസ്തർ പുസ്തകപ്രകാശനത്തിനെത്തിയിരുന്നു.

‘‘ഞാനിന്ന് നിങ്ങൾ അറിയപ്പെടുന്ന ഒരു സലിംകുമാർ ആകാൻ മഹാരാജാസ് കോളജ് വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെ എനിക്ക് പ്രിയപ്പെട്ട ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓമനക്കുട്ടൻ മാഷിനെ തന്നെയായിരിക്കും. കോളജിൽ തുടങ്ങിയ ആ ബന്ധം ഇന്നുവരെ വളരെ ദൃഢമായി പോകുന്നുണ്ട്. അങ്ങനെ ഞങ്ങളുടെ കമ്പനി കൂടിക്കൂടി നാലു വർഷത്തോളം ഞാൻ മഹാരാജാസ് കോളജിൽ പഠിച്ചു. സാധാരണ ഡിഗ്രി കോഴ്സ് മൂന്നുവർഷമേ ഉള്ളൂ. പക്ഷേ മൂന്നുവർഷം പഠിച്ചിട്ട് എനിക്ക് മതിയായില്ല.

നാലാം വർഷം ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിരുവല്ലയിലെ പരിപാടി കഴിഞ്ഞു കപ്പ് ഞങ്ങൾക്കാണ് കിട്ടിയത്. ഞങ്ങൾ മഹാരാജാസ് കോളജിലേക്ക് തിരിച്ചുവന്നു. പിള്ളേരെല്ലാം പോയി, അതിനുശേഷം ഞാനും ഓമനക്കുട്ടൻ മാഷും കൂടി മഹാരാജാസിന്റെ സെൻട്രൽ സർക്കിളിൽ ഇരുന്ന് ഒരുപാട് നേരം കഥകൾ പറഞ്ഞു. ആ കഥകളൊന്നും എനിക്ക് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല. കുറച്ചുനേരം കഴിഞ്ഞ് മാഷ് ചോദിച്ചു, ‘എടാ നമുക്ക് ഉറങ്ങണ്ടേ’. ഞാൻ പറഞ്ഞു, ‘‘തീർച്ചയായിട്ടും ഉറങ്ങണം, പക്ഷേ ഇവിടെ കിടന്നുറങ്ങേണ്ടിവരും കാരണം തിരിച്ചു പോകാൻ പറ്റില്ലല്ലോ’’. അപ്പോ മാഷ് പറഞ്ഞു, ‘‘ഹോസ്റ്റലിന്റെ ചുമതല എനിക്കാണ്. ഹോസ്റ്റൽ വാർഡൻ എന്ന നിലയിൽ എനിക്ക് ഒരു റൂമുണ്ട്. അവിടെ പോയി കിടക്കാം’’ എന്ന് പറഞ്ഞ് അവിടെ പോയി കിടന്നു. ആ രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു.

സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മാഷ് എന്നോട് ചോദിച്ചു, ‘‘എന്തായാലും ഞാൻ നിന്റെ ഒരു സുഹൃത്ത് അല്ലേ, നീ എന്നോട് പറയൂ, നീ ഇപ്പോൾ മഹാരാജാസിൽ ഏത് ക്ലാസിലാണ് പഠിക്കുന്നത്?’’ അപ്പോൾ ഞാൻ പറഞ്ഞു ‘‘മലയാളം ബിഎക്ക് ആണ് പഠിക്കുന്നത്’’ ‘‘മാഷോ?’’ എന്ന് ​ഞാൻ തിരിച്ചു ചോദിച്ചു? അപ്പോ മാഷ്, ‘‘ഞാൻ മലയാളം ബിഎ ആണ് പഠിപ്പിക്കുന്നത്’’ എന്നു പറഞ്ഞ് കൈപിടിച്ച് കുലുക്കി. അവിടെ വച്ചാണ് ഗുരുവും ശിഷ്യനും തമ്മിൽ ഞെട്ടിക്കുന്ന ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്; അത് എന്നെ പഠിപ്പിക്കുന്ന മാഷ് ആണെന്ന്.

പിറ്റേന്ന് രാവിലെ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ഓമനക്കുട്ടൻ മാഷ് തറയിൽനിന്ന് ബീഡിക്കുറ്റികൾ പെറുക്കി എടുക്കുകയാണ്. ഞാൻ രാത്രി ബീഡി വലിച്ചിട്ട് കുറ്റികൾ അവിടെയെല്ലാം ഇട്ടിരുന്നു. അത് പെറുക്കിക്കളഞ്ഞില്ലെങ്കിൽ മാഷിന്റെ പേരിലാണ് കുറ്റം വരിക. ആ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു ദുഃഖഭാരം ഉണ്ടായി. അന്ന് ഞാനൊരു ശപഥം ചെയ്തു, ഇനി ബീഡി വലിച്ച് കുറ്റി താഴെ ഇടില്ല, ഒരു ആഷ്ട്രെ വാങ്ങിക്കാമെന്ന്. ബീഡി വലിച്ചിടാനുള്ള ഒരു ആഷ്ട്രെ വാങ്ങിക്കാനായി ഞാൻ തീരുമാനമെടുക്കാൻ കാരണം ഓമനക്കുട്ടൻ മാഷ് ആയിരുന്നു.

പിന്നീട് ഒരു ദിവസം ഓമനക്കുട്ടൻ മാഷും ഞാനും കൂടി കന്റീനിൽനിന്ന് ചായ കുടിച്ചിട്ട് വരുമ്പോൾ മഹാരാജാസ് കോളജിന്റെ സെന്റർ സർക്കിളിൽ ഒരു പെയിന്റിങ് മത്സരം നടക്കുകയാണ്. ഒരുപാടുപേർ പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നു. ചുറ്റും കുറെ കുട്ടികൾ പ്രോത്സാഹിപ്പിക്കാനായി നിൽക്കുന്നുണ്ട്. അന്ന് അമൽ ഇവിടെ ചെയർമാനാണ്. അമൽ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെ നിൽപ്പുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തിൽ കാൻവാസ് ചാരി വച്ചിട്ട് വരച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത് ആരുമില്ല. ഈ പെൺകുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാൻ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോൾ ഈ പെൺകുട്ടിയുടെ അടുത്ത് ഞാൻ മാത്രമേയുള്ളൂ. ബാക്കി എല്ലാ സ്ഥലത്തും നിറയെ ആളുകളുണ്ട്. ഞാൻ അവിടെ ഇരിക്കുന്നത് കണ്ടു ഈ പെൺകുട്ടി എന്നെ തിരിഞ്ഞുനോക്കി. ഞാൻ വരച്ചോളൂ എന്ന് കൈ കാണിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു ‘‘മോളെ, മോളുടെ അടുത്ത് ആരും ഇല്ലാത്തത് എന്താണെന്ന് മനസ്സിലായോ? അവിടെല്ലാം നിറയെ ആൾക്കാർ നിൽക്കുന്നുണ്ടല്ലോ. നന്നായിട്ട് പടം വരയ്ക്കണം. എന്നാലേ ഇതുപോലെ നിറയെ ആളുകൾ അടുത്തു കൂടൂ’’

ഈ പെൺകുട്ടി പിൽക്കാലത്ത് ഒരുപാട് സിനിമകളിൽ നായികയായിട്ടും സഹ നായികയുമായിട്ടൊക്കെ അഭിനയിച്ച് ഇന്ന് ഓമനക്കുട്ടൻ മാഷിന്റെ മരുമകളായ, അമൽ നീരദിന്റെ ഭാര്യയായ, ജ്യോതിർമയി ആണെന്നുള്ള ഒരു സത്യം ഞാൻ വെളിപ്പെടുത്തുകയാണ്. പിന്നീട് ജ്യോതിർമയി പടം വരച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മാഷ് ഒരുപാട് പുസ്തകങ്ങൾ ഇനിയും എഴുതണം. മാഷിന് ഇപ്പോഴും ചെറുപ്പമാണ്. ആ ചെറുപ്പവും കൊണ്ട് ഒരുപാട് പുസ്തകങ്ങൾ ഇനിയും എഴുതാൻ മാഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.’’–സലിം കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com