ADVERTISEMENT

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ വസ്ത്ര ബ്രാൻഡ് എഡ്–എ–മമ്മയും ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേർസ് ലിമിറ്റഡും (ആർആർവിഎൽ) കൈകോർക്കുന്നു. ബ്രാൻഡിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയുടെ ഭാഗമായാണ് ഈ ഒന്നുചേരലമെന്ന് ആലിയ ഭട്ട്. പറയുന്നു. ഇഷ അംബാനിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം സമൂഹമാധ്യമത്തിലൂടെയാണ് താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. 

 

‘‘എഡ്-എ-മമ്മ വലിയ ഹൃദയമുള്ള സംരംഭമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആണ് റിലയൻസ് റീട്ടെയിൽ. കുട്ടികൾക്കു വേണ്ടിയുള്ള സുരക്ഷിതവും പേരന്റ് ഫ്രണ്ട്‌ലിയും പ്ലാനെറ്റ് ഫ്രണ്ട്‌ലിയുമായ ഉൽപന്നങ്ങളുടെ സ്വദേശീയമായ ഒരു പ്രാദേശിയ ബ്രാൻഡ് നിർമിക്കാനുള്ള പ്രവര്‍ത്തനം തുടരുക എന്നതാണ് ഞങ്ങളുടെ പൊതുവായ സ്വപ്നം. 

 

രണ്ട് അമ്മമാർ ഒരുമിച്ച് ഇതിനായി കൈകോർക്കുന്നു എന്നതാണ് എന്നെയും ഇഷയെയും സംബന്ധിച്ച് ഏറ്റവും കൂടുതൽ സന്തോഷം പകരുന്നത്.അത് ഈ ചുവടുവയ്പ്പിനെ കൂടുതൽ സവിശേഷമാക്കുന്നു.’’–ആലിയ ഭട്ട് പറഞ്ഞു.

 

2020 ഒക്ടോബറിൽ ആണ് ആലിയ ഭട്ട് എഡ്-എ-മമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വഴിയാണ് ബ്രാൻഡിന്റെ വിപണനം. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും എഡ്-എ-മമ്മയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.

 

എഡ്-എ-മമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ മുകേഷ് അംബാനിക്കും  ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന.  2022 ഓഗസ്റ്റിൽ ആണ് റിലയൻസ് റീട്ടെയിലിന്റെ പുതിയ മേധാവിയായി ഇഷ അംബാനിയെ മുകേഷ് അംബാനി തിരഞ്ഞടുത്തത്. ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്സ് ബ്രദേഴ്സ്, അർമാനി എക്സ്ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ വഴി ഇന്ത്യയിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com