ADVERTISEMENT

അധ്യാപക ദിനത്തിൽ ‘ഇരുധി സുട്ര്’ എന്ന തന്റെ വിജയചിത്രത്തിന് പിന്നിൽ താണ്ടിയ കനൽ വഴികളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സംവിധായിക സുധ കൊങ്കര.  2010 ൽ ‘ദ്രോഹി’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് സുധ കൊങ്കര.  ‘ദ്രോഹി’ വൻ പരാജയമായിരുന്നു.  ആദ്യത്തെ സിനിമ പരാജയപ്പെട്ട് നിരാശയുടെ പടുകുഴിയിൽ പെട്ടുപോയ തനിക്ക് പിന്നീടൊരു ചിത്രം സംവിധാനം ചെയ്യാൻ കരുത്ത് പകർന്നത് നടൻ ആർ.  മാധവൻ ആണെന്ന് സുധ പറയുന്നു.  ഇരുധി സുട്ര് എന്ന സിനിമയുടെ കഥയുമായി മാധവനെ സമീപിച്ചതും പിന്നീട് ആ സിനിമയും ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയെങ്കിലും മാധവന്റെ പ്രോത്സാഹനം മാത്രം കാരണമാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു നീണ്ട കുറിപ്പിൽ സുധ കൊങ്കര പറഞ്ഞു. 

 

‘‘ഈ സിനിമയുടെ യാത്രയെക്കുറിച്ച് ഞാൻ ഓർക്കുകയാണ്. ‘ദ്രോഹി’ എന്ന എന്റെ ആദ്യ സിനിമ പരാജയമായിരുന്നു. മോശമായി എഴുതിയതുകൊണ്ടോ നന്നായി സംവിധാനം ചെയ്യാത്തതുകൊണ്ടോ എന്താണെന്ന് അറിയില്ല എന്തായാലും ആ അവസരത്തിൽ മികച്ച പ്രകടനം നടത്താത്തതിൽ ഞാൻ ശരിക്കും ലജ്ജിക്കുന്നു.  എന്നന്നേക്കുമായി സിനിമ വിടാൻ തീരുമാനിച്ച സമയത്താണ് ഞാൻ ഒരു കഥയുടെ നാലുവരിയുമായി മാഡിയെ കാണാൻ എത്തുന്നത്.  മാഡി ഞാൻ നിങ്ങളുടെ വീട്ടിൽ വന്നു സാറ എന്ന് അന്ന് നമ്മൾ വിളിച്ചിരുന്ന സിനിമയുടെ ത്രെഡ് പറഞ്ഞത് ഓർക്കുന്നുണ്ടോ.  നിങ്ങൾ എന്നോട് പറഞ്ഞത് നീ മറ്റെല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക, ഇതാണ് നിന്റെ കോളിങ് കാർഡ്.  എല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക എന്നുതന്നെ നിങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ടേയിരുന്നു.  ഞാൻ നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പുതിയ ഊർജ്ജവുമായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്.  പിന്നീട് ഏഴുമാസം എടുത്ത് ഞാൻ സാറായുടെ കഥ എഴുതി അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ ചെയ്യാം എന്ന് നിങ്ങൾ സമ്മതിക്കുകയായിരുന്നു.

 

നമ്മുടെ പോരാട്ടം അവിടെ ആരംഭിക്കുകയായിരുന്നു.  ഒരു നിർമാതാവോ പ്രധാന നടിയോ നമ്മെ പിന്തുണക്കാനില്ലാതെ നമ്മൾ ശരിക്കും ബുദ്ധിമുട്ടി.  ആ നാലുവർഷത്തിനിടെ പല പ്രാവശ്യം ഞാൻ നിങ്ങളോടു പറഞ്ഞതോർക്കുന്നു "മാഡി നിങ്ങൾ ഒരു നല്ല സംവിധായകനെ കണ്ടെത്തിക്കൊള്ളൂ ഈ കഥ ഞാൻ നിങ്ങള്ക്ക് തരാം. ഞാൻ നിങ്ങളുടെ വെള്ളാനയാണ്. ‘‘വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം കുറച്ച് മാസത്തേക്ക് എനിക്ക് ഒരു അവധി എടുക്കേണ്ടി വന്നു.  നിങ്ങൾ ഈ സിനിമയുമായി മുന്നോട്ടു പോകൂ’’ എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞത് ‘‘നീ ഇത് ചെയ്തില്ലെങ്കിൽ, ഞാൻ ആരുമായും ഈ സിനിമ ചെയ്യുന്നില്ല, ഈ സിനിമ പൂർണമായും നിങ്ങളാണ്’’ എന്നാണ്.

 

പിന്നീട് നമ്മൾ നേരിട്ടത് എണ്ണമറ്റ അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളുമാണ്.  സിനിമയുടെ പേര് ശരിയല്ല, നെഗറ്റീവ് ആണ്, ആദ്യ രംഗം ധാർമികമല്ല, ഈ കഥാപാത്രത്തെ ആളുകൾ ഒരിക്കലും  ഇഷ്ടപ്പെടില്ല, അത് മാറ്റുക. വളരെയധികം മോശം ഡയലോഗുകൾ ഉണ്ട് അതെല്ലാം ഒഴിവാക്കുക. പ്രശസ്തയായ ഒരു നായികയെ കണ്ടെത്തുക, ഈ കഥ ചിലപ്പോൾ ഹിന്ദിയിൽ വിജയിച്ചേക്കാം പക്ഷെ തമിഴിൽ ദുരന്തമായിരിക്കും ഉറപ്പാണ് അങ്ങനെ അങ്ങനെ നിരവധി അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്നു.

 

‘‘നീ ചെയ്യാൻ പോകുന്നത് ഒരു ഇതിഹാസമാണ് സുധ അത് ഒരിക്കലും മറക്കരുത്, നിന്റെ മനസ്സ് ശരിയെന്നു പറയുന്നതെല്ലാം ശരിയാണ്, ഞാൻ നിന്റെ ഒപ്പമുണ്ട്’’ എന്ന് നിങ്ങൾ മാത്രമാണ് പറഞ്ഞത്.  എന്റെ ആത്മാവിനെ പണയം വയ്ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ ഒരിക്കലും നിങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളെപ്പോലെ തന്നെ നമ്മളോടൊപ്പം മറ്റൊരു മനുഷ്യൻ കൂടി തണലായി നിന്നു, നമ്മുടെ നിർമാതാവ്.

 

ഇന്ന് മഴ പോലും വകവയ്ക്കാതെ  മദിയെയും പ്രഭുവിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരെ കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് "മാഡി, എന്റെ പ്രിയ സുഹൃത്തേ, ചിറകില്ലാതെ പറക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി.  എന്നെ അനിയന്ത്രിതമായി പറക്കാൻ അനുവദിച്ചതിന് നന്ദി ശശി. ഒരു പരാജയപ്പെട്ട സംവിധായികയായിട്ടുകൂടി ഈ പെൺകുട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. അല്ലെങ്കിൽ ഈ സംവിധായിക അവളുടെ പിറവിക്കു മുമ്പേ മരിച്ചുപോയേനെ.’’–സുധ കൊങ്കര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com