ADVERTISEMENT

നടൻ ലുക്മാനുമായുള്ള ‘അടി’യുടെ പിന്നിലെ കഥ തുറന്നു പറഞ്ഞ് സണ്ണി വെയ്ൻ. പുതിയ ചിത്രമായ ‘ടർക്കിഷ് തർക്കം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൂട്ട് ചെയ്ത വിഡിയോ ആണിതെന്നും സിനിമയുടെ പേര് ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് അങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചതെന്നും സണ്ണി വെളിപ്പെടുത്തി. ‘കാസര്‍ഗോൾഡ്’ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് സണ്ണി വെയ്ൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

 

‘‘ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത് തീർത്ത സിനിമയാണ് ‘ടർക്കിഷ് തർക്കം’. അത് ഇപ്പോൾ റിലീസിനു തയാറെടുക്കുകയാണ്. ആ സിനിമയുടെ പേരും കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കണമെന്ന് നിർമാതാക്കൾക്ക് ആവശ്യമുണ്ടായിരുന്നു. അവര്‍ പ്ലാൻ പറഞ്ഞു. അങ്ങനെ അത് ഷൂട്ട് ചെയ്തു. ഇനി അതിന്റെ ബിഹൈൻഡ് ദ് സീൻസ് ഇറക്കുന്നുണ്ട്. അപ്പോൾ നിങ്ങൾക്ക് കുറച്ച് കൂടി കാര്യങ്ങൾ മനസ്സിലാകും.’’–സണ്ണി വെയ്ൻ പറഞ്ഞു.

 

‘ടർക്കിഷ് തർക്കം’ എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. 

 

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപതിൽപരം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തർക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ടർക്കിഷ് തർക്കത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ, അടിത്തട്ട്, നെയ്മർ പോലുള്ള ഹിറ്റ്‌ ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ളയാണ്. 

 

അബ്ദുൽ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം . ജൂണിലെ മനോഹര ഗാനങ്ങൾ ഒരുക്കിയ ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച മലയാളികൂടിയായ ജിബിൻ നേതൃത്വം നൽകുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു. പി.കെ,ഡിസൈൻസ്: തോട്ട് സ്റ്റേഷൻ,ആർട്ട് മെഷീൻ‌, പിആർഓ: പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com