‘സമാറ’യുടെ തണുപ്പിൽ തിളച്ച് ബിനോജിന്റെ അലൻ മോസസ്
Mail This Article
അതുല്യ നടൻ ഭരത് പ്രേംജിയുടെ ഏകലോചനമെന്ന വിസ്മയ മുഖഭാവം അച്ചടിച്ച കടലാസുമായി ബിനോജ് വില്യ പണ്ട് ഏറെനേരം കണ്ണാടിക്കു മുന്നിൽ നിന്നിട്ടുണ്ട്. പ്രേംജിയുടെതു പോലെ മുഖത്തിന്റെ ഇരു പകുതികളിലും 2 വ്യത്യസ്ത ഭാവങ്ങൾ ഒരേസമയം കൊണ്ടുവരാനുള്ള നിരന്തര പരിശ്രമമായിരുന്നു അത്. വർഷങ്ങളുടെ ഈ അധ്വാനം സമാറയെന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ഏറെക്കുറെ കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് ബിനോജ് വില്യ എന്ന നടൻ. മുഖത്തിന്റെ ഒരു പകുതിയിൽ പുച്ഛം, മറുപകുതിയിൽ തിളച്ചുമറിയുന്ന കോപം. രാഹുൽ മാധവിന്റെ ഡോക്ടർ കഥാപാത്രത്തെ പൊലീസ് വെടിവച്ചു വീഴ്ത്തുമ്പോൾ ഡോ.അലൻ മോസസെന്ന ബിനോജിന്റെ പട്ടാള കഥാപാത്രം ഒരു നിമിഷത്തേക്ക് ഏകലോചന ഭാവത്തിന്റെ അരികിലുണ്ട്.
പ്രോസ്തെറ്റിക് മേക്കപ് മൂലം സമാറയിലെ ബിനോജിനെ ആദ്യമൊന്നും പലരും തിരിച്ചറിഞ്ഞില്ലെങ്കിലും കണ്ണിലെ അഭിനയത്തിളക്കം ഈ വൈറ്റിലക്കാരന്റെ മുഖംമൂടിയഴിച്ചു. റഹ്മാന്റെ നായക വേഷത്തിൽ മുങ്ങിപ്പോകാതെ ഈ പട്ടാള കഥാപാത്രത്തെ പിടിച്ചുനിർത്തിയതും ഈ കണ്ണുകൾ തന്നെ, അല്ലെങ്കിലും അഭിനയത്തിന്റെ ആധാരം കണ്ണാണല്ലോ. കൊച്ചിക്കാരൻ തന്നെയായ ചാൾസ് ജോസഫിന്റെ ആദ്യ സിനിമയായ സമാറ, തമിഴ് അടക്കമുള്ള മറ്റു ഭാഷകളിലേക്കും ഒടിടിയിലേക്കും കൂടി ഉടനെത്തുമ്പോൾ ഈ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. പെൻഡുലം എന്ന സിനിമയിലെ അമീറെന്ന സ്വപ്ന കഥാപാത്രമായി മലയാള സിനിമയുടെ അരങ്ങിലെത്തിയ ബിനോജിന് സമാറ നൽകുന്ന ഊർജം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. നേരത്തെ അഭിനയിച്ച സിനിമയായ ഒരു കഥ പറയും നേരം വൈകാതെ പുറത്തിറങ്ങുമെന്നു കരുതുന്നു.
∙ മേക്കപ്പിനായി 18 മണിക്കൂർ
ഏറ്റുമുട്ടലിനിടെ ദേഹമാസകലം പൊള്ളലേറ്റ ഡോക്ടർ കൂടിയായ പട്ടാളക്കാരന്റെ ആദ്യഷോട്ടിനു വേണ്ടിയുള്ള മേക്കപ്പ് നീണ്ടത് 18 മണിക്കൂർ. കൃത്രിമ റബർ കൊണ്ടുള്ള ഷീറ്റുകൾ പല കഷണങ്ങളായി ദേഹം മുഴുവൻ പശതേച്ച് ഒട്ടിച്ചുവയ്ക്കുന്നതാണ് രീതി. ശരീരം മുഴുവനായും കാണിക്കുന്നത് ആ ഷോട്ടിൽ മാത്രമാണ്. പിന്നീട് കയ്യും മുഖവും മാത്രമാണ് ഈ മേക്കപ്പിൽ കാണിക്കുന്നത്. ഇതിനുപോലും ഓരോ തവണയും അഞ്ചും ആറും മണിക്കൂറെടുത്തു. ഒരൊറ്റ തവണ മാത്രമേ ഈ മേക്കപ് ഉപയോഗിക്കാനാകൂ. അനിൽ നേമമായിരുന്നു മേക്കപ് മാൻ. ഇന്ത്യൻ എന്ന സിനിമയിൽ കമൽഹാസന്റെ മേക്കപ്പും ഇതേരീതിയിലുള്ളതായിരുന്നു (പ്രോസ്തെറ്റിക്). മണാലിയിൽ സമാറയുടെ ഷൂട്ടിങ് നീണ്ടത് 67 ദിവസം. സിനിമയുടെ ആരംഭത്തിലുള്ള ജർമൻ നൃത്തവും പാട്ടും ചിത്രീകരിച്ചത് കാലടിയിൽ. അതിനു സെറ്റിടാൻ മാത്രം 5 ദിവസമെടുത്തു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് വിദേശികളായ നടീനടന്മാരെ നൃത്തത്തിനായി കൊണ്ടുവന്നു. പാട്ട് ചിത്രീകരണത്തിനു മാത്രം ചിലവിട്ടത് 60 ലക്ഷം രൂപ.
∙ നാടകക്കാരൻ സിനിമയിലേക്ക്
14 വർഷമായി ഓസ്ട്രലിയയിലെ മെൽബണിൽ കുടുംബസമേതം താമസിക്കുന്ന ബിനോജിനെ അഭിനേതാവും തുടർന്ന് നിർമാതാവുമെന്ന നിലയിലേക്കു കൊണ്ടുവന്നത് പഴയ നാടകാനുഭവങ്ങൾ തന്നെ. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യനെന്നതാണ് ജോലിയെങ്കിലും അഭിനയം വെറും സൈഡ് ബിസിനസല്ല. കോവിഡ് കാലത്ത് ബ്രോക്കൺ എന്ന പേരിൽ ഹ്രസ്വചിത്രം ചെയ്ത ബിനോജ്, അട്ടപ്പാടി മധുവിനെക്കുറിച്ച് മെൽബണിൽ ചെയ്ത ഏക കഥാപാത്ര നാടകത്തിന് മികച്ച സ്വീകരണം കിട്ടി. ഐടി ഡിപ്ലോമ പഠനം കഴിഞ്ഞ് സൗദിയിലേക്കും പിന്നീട് ഓസ്ട്രേലിയയിലേക്കും പോകുംമുൻപ് കേരളത്തിലങ്ങോളം നാടകവുമായി അരങ്ങിലെത്തിയിട്ടുണ്ട്. ഡോ.അനീഷ് ഉറുമ്പിൽ സംവിധാനം ചെയ്ത ഒറ്റച്ചോദ്യം എന്ന സിനിമയിലെ നായകനായിരുന്നു, രൺജി പണിക്കരുടെ മകന്റെ വേഷത്തിൽ.
ഫിലിം ഫെസ്റ്റിവലുകൾ ലക്ഷ്യം വച്ച് എടുത്ത ഈ സിനിമ പക്ഷേ കോവിഡിൽ തട്ടിത്തകർന്നു. തുടർന്നാണ് ഒരു കഥ പറയും നേരം എന്ന ചിത്രത്തിലെത്തുന്നത്. റെയ്സ് സിദ്ദീഖ് സംവിധാനം ചെയ്ത ഈ സിനിമയിലെ സഹതാരം ഷോബി തിലകനുമായുള്ള അടുപ്പമാണ് റെജിൻ എസ്.ബാബുവെന്ന സംവിധായകനിലേക്കും തുടർന്ന് പെൻഡുലത്തിലെ അമീറിലേക്കും ബിനോജിനെ എത്തിക്കുന്നത്. ഏറെനേരം സ്ക്രീനിലില്ലെങ്കിലും അമീറെന്ന ദുരൂഹതയുണർത്തുന്ന കഥാപാത്രത്തെ മികച്ചതാക്കിക്കൊണ്ടാണ് ബിനോജിനെ മലയാള സിനിമാ പ്രേക്ഷകർ ആദ്യമായി കണ്ടുമുട്ടുന്നത്. സമാറയിലൂടെ ആദ്യ മുഴുനീള കഥാപാത്രമായി വീണ്ടും.