ADVERTISEMENT

വിവാഹനിശ്ചയം സ്വകാര്യ ചടങ്ങായി നടത്തുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് മീര നന്ദൻ. സിനിമാ നടിമാർക്ക് വിവാഹം കഴിക്കാൻ ആരെ വേണമെങ്കിലും കിട്ടും എന്നത് പലരുടെയും തെറ്റിദ്ധാരണ മാത്രമാണെന്നും ആ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനെന്നും മീര പറഞ്ഞു. ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും വരൻ ശ്രീജുവിനെക്കുറിച്ചും മീര വെളിപ്പെടുത്തിയത്.

‘‘അവസാനം അത് സംഭവിക്കുകയാണ്. ഞാൻ വിവാഹിതയാകാൻ പോകുന്നു. വിവാഹം ഇപ്പോഴില്ല. എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേർക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അതു തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോൾ ശരിയായ സമയമാണെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചതും വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണ പലർക്കമുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്.

മീഡിയയിൽ ആണ്, നടിയാണ് എന്നൊക്കെ പറയുമ്പോൾത്തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളാണ് വിവാഹം ആലോചിക്കുന്ന സമയത്ത് കൂടുതലും ഉണ്ടായിട്ടുള്ളത്. ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് മുഴുവനായി ഇതിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. കാര്യങ്ങളെ വളരെ ഈസിയായി, ജീവിതം ചിൽഡ് ഔട്ട് ചെയ്യുന്ന കക്ഷിയാണ് ശ്രീജു. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നതു കൊണ്ടുതന്നെ അതിന്റേതായ കൾച്ചറൽ ഡിഫറൻസും ഉണ്ട്.

അവിടെ ചെന്നാൽ എന്തു ചെയ്യും എന്നൊക്കെയായിരുന്നു പേടി. അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ഈ കൺസേണുകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽനിന്നു മാറേണ്ട കാര്യമില്ലെന്ന് എന്നോടു പറഞ്ഞു. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, അങ്ങനെയാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ശ്രീജുവുമായി സംസാരിക്കുന്നതിനു മുമ്പ് ഞങ്ങൾക്കൊരു റിലേഷൻഷിപ്പ് മാനേജര്‍ ഒക്കെ ഉണ്ടായിരുന്നു. ഇവർ തങ്ങളുടെ സ്വന്തം സ്ഥലം വിട്ട് എങ്ങോട്ടും വരില്ലെന്നൊക്കെയായിരുന്നു അവർ എന്നോട് പറഞ്ഞിരുന്നത്. പക്ഷേ ശ്രീജു അവിടം വിട്ടു വരാൻ ഒരുക്കമായിരുന്നു. അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു. എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായും ഇഷ്ടപ്പെട്ടു.

ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. കുറച്ച് െടൻഷൻ അടിക്കുന്ന കൂട്ടത്തിലാണ്. ഞാൻ വളരെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു.’’–മീര നന്ദൻ പറയുന്നു.

വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തിൽ പറഞ്ഞു. ‘‘വളരെ ചെറിയ, ഇന്റിമേറ്റ് ഫാമിലി പ്രൈവറ്റ് ഇവന്റ് ആയി വയ്ക്കണമെന്നതായിരുന്നു ആഗ്രഹം. കുടുംബത്തിലും സുഹൃത്തുക്കളിലുമായി എന്റെ വളരെ വേണ്ടപ്പെട്ട കുറച്ചുപേർ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങ്.’’–മീര വ്യക്തമാക്കി. അതേസമയം തന്റെ ഭാവി വരൻ വിവാഹനിശ്ചയത്തിനു വേണ്ടി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വരുന്നതെന്നും മീര നന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT