പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ജൂൺ 13നാണ് മലൈക്കോട്ടൈ വാലിബന് ലിജോ പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച് ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ.
ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പിആർഓ പ്രതീഷ് ശേഖർ.