ADVERTISEMENT

‘ജയിലർ’ സിനിമയിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമനെ ഷോലയിലെ ഗബ്ബർ സിങ്ങിനോടുപമിച്ച് രജനികാന്ത്. കഥ കേൾക്കുമ്പോൾത്തന്നെ വർമൻ ആളുകൾക്കിടയിൽ തരംഗമാകുമെന്ന് അറിമായിരുന്നുവെന്നും വർമൻ ഇല്ലെങ്കിൽ ജയിലറിന് ഇത്രയും സ്വീകാര്യത ലഭിക്കുമായിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച ‘ജയിലർ’ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.

‘‘ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിങ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു. നെൽസണ്‍ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’’–രജനികാന്ത് പറഞ്ഞു.

ജയിലര്‍ സിനിമയിലെ ഏറ്റവും വലിയ അനുഭവം രജനികാന്തിന്റെ പെരുമാറ്റമായിരുന്നുവെന്ന് വിനായകനും പറഞ്ഞിരുന്നു. എല്ലാ ദിവസവും ഷൂട്ടിങ് കഴിയുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ചാണ് അദ്ദേഹം യാത്ര പറയാറുള്ളതെന്ന് വിനായകന്‍ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

‘‘നമുക്ക് ഒരു സ്പേസ് കിട്ടണം... മിക്ക ആര്‍ടിസ്റ്റിനും അങ്ങനെയാണ്. എനിക്ക് അവര്‍ ആ സ്പേസ് തന്നു. ഈ കഥാപാത്രത്തെ അവര്‍ കൃത്യമായി പ്രോഗ്രാം ചെയ്തിരുന്നു. അതൊക്കെ ഭയങ്കര അനുഗ്രഹമാണ്. രണ്ടാമത്, നമുക്ക് ഒരു എനര്‍ജി സോഴ്സ് ലൊക്കേഷനില്‍ വേണം. അതായത്, നമ്മളെയങ്ങോട്ട് അഴിച്ചുവിടാനായിട്ടുള്ള ഒരെണ്ണം. അല്ലെങ്കില്‍ നമ്മള്‍ വല്ലാതെ ബാലന്‍സ് ചെയ്യും. വലിയ ആളുകളുള്ള സിനിമയാണ്, ശ്രദ്ധിക്കണം എന്നൊക്കെ. അപ്പോള്‍ മാനസികമായി നമ്മള്‍ കുറച്ചൊന്ന് ഡൗണ്‍ ആകും. പക്ഷേ ബാബ ആണ് എന്നോട് പറയുന്നത് ചെയ്തോളാന്‍. കെട്ടിയങ്ങ് പിടിക്കുവാണ് എല്ലാദിവസവും. ഒരുമിച്ചുള്ള എല്ലാ ദിവസവും ഷൂട്ട് കഴിയുമ്പോള്‍ 'വിനായകന്‍ എങ്കേ' എന്ന് പുള്ളി (രജനീകാന്ത്) ചോദിക്കും. എന്നിട്ട് കെട്ടിപ്പിടിച്ചിട്ടാ പോണത്. അതിനപ്പുറത്ത് എന്താണ് വേണ്ടത്. 'ഒന്നും നോക്കേണ്ട, എന്തുവേണേലും ചെയ്തോ' എന്നൊക്കെയാണ് പുള്ളി പറയുന്നത്. എന്നെപ്പോലെ ഒരാള്‍ക്ക് പിന്നെന്താ വേണ്ടത്..

അദ്ദേഹം എനിക്ക് നടനൊന്നുമല്ല. എന്റെ ദൈവമാണ്. പുള്ളിയെ ഫോളോ ചെയ്യാന്‍ വേണ്ടി ജീവിച്ചവനാണ് ഞാന്‍. ഇപ്പൊഴല്ല കേട്ടോ, ഇരുപത്തഞ്ചും മുപ്പതും കൊല്ലം മുന്‍പൊക്കെ ഞാന്‍ പുള്ളിയെ ആണ് ഫോളോ ചെയ്യുന്നത്. അപ്പോ, അവിടെ കാണുന്നത് ബാബയെ ആണ്. പുള്ളി എനിക്ക് ഒരു മനുഷ്യനോ ആക്ടറോ ഒന്നുമല്ല. പുള്ളി എന്റെ ബാബയാണ്. എന്റെ ദൈവമാണ്.’’–വിനായകന്റെ വാക്കുകൾ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com