ADVERTISEMENT

വിജയ് ആന്റണിയുടെ മകളുടെ അപ്രതീക്ഷിത വേർപാടലിന്റെ ഞെട്ടലിലാണ് തമിഴകം. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു വിജയ് ആന്റണിയുടെ മകൾ. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. സ്കൂളിലും മിടുക്കിയായിരുന്നുവെന്നും ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടായിരുന്നതായി കണ്ടിട്ടില്ലെന്നും മകൾ സ്കൂളിലെ അധ്യാപിക മാധ്യമങ്ങളോടു പറയുകയുണ്ടായി.

‘‘പഠനത്തിൽ നോർമൽ ആയ കുട്ടിയായിരുന്നു. സ്കൂളിൽ കൾച്ചറൽ ഗ്രൂപ്പിന്റെ ലീഡറായിരുന്നു. എല്ലാത്തിലും ആക്ടിവ് ആയിരുന്ന കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ഞങ്ങൾക്കുപോലും ഇതു വിശ്വസിക്കാനാകുന്നില്ല. ഈ ചെറുപ്രായത്തിൽ ഇത്രമാത്രം മനോവിഷമം ഉണ്ടാകാൻ കാരണം എന്തെന്നാണ് അറിയാത്തത്. സ്കൂളില്‍ ഒരു തരത്തിലുമുള്ള സമ്മർദം കണ്ടിരുന്നില്ല.’’–അധ്യാപികയുടെ വാക്കുകൾ.

പാർഥിപൻ, കാർത്തി, ചിമ്പു, ഖുശ്ബു, റിതിക സിങ്, സത്യരാജ്, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ വിജയ് ആന്റണിക്കു ആശ്വാസവാക്കുകളുമായി എത്തുകയുണ്ടായി. മരണകാരണം വ്യക്തമല്ലെങ്കിലും മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 19ന് പുലർച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍  ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയ് ആന്റണി തന്നെയാണ് പുലർച്ചെ മൂന്നു മണിയോടെ മുറിയിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ് സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ സംഗീത സംവിധായകനാണ് വിജയ് ആന്റണി. സംഗീതത്തിലുപരി  കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.

ആത്മഹത്യയ്ക്കെതിരെ അഭിമുഖങ്ങളിലും വേദികളിലും സംസാരിച്ചിട്ടുള്ള വിജയ് ആന്‍റണിയുടെ മകൾ ആത്മഹത്യാ ചെയ്തത് തമിഴ് സിനിമാലോകത്തിനു അവിശ്വസനീയമായ കാര്യമാണ്. വിജയ് ആത്മഹത്യക്കെതിരെ സംസാരിച്ചതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. "മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക", എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വിഡിയോയിൽ  വിജയ് ആന്‍റണി പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com