ADVERTISEMENT

വിജയ് ആന്റണിയുടെ മകൾ സ്നേഹമുള്ള കുട്ടിയായിരുന്നുവെന്നും വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും വിജയ് ആന്റണിയുടെ വീട്ടിലെ ജോലിക്കാരി ചന്ദ്രകാന്തി. മകളുടെ മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിജയ് ആന്റണിയുടെ വീട്ടിലേക്ക് ഓടിയെത്തിയതാണ് ചന്ദ്രകാന്തി. മകൾക്ക് സ്കൂളിലേക്ക് ടിഫിൻ തയാറാക്കി കൊടുത്തിരുന്നത് താനായിരുന്നുവെന്ന് ചന്ദ്രകാന്തി പറയുന്നു. ഒരു പരാതിയുമില്ലാതെ സ്വന്തം കാര്യം തനിച്ച് ചെയ്ത് വളരെ സൗമ്യമായി എല്ലാവരോടും പെരുമാറുന്ന കുട്ടിയായിരുന്നു. പിറന്നാളിന് ജോലിക്കാരെയെല്ലാം വേർതിരിവില്ലാതെ ഒപ്പം കൂട്ടി തന്റെ അടുത്ത് വന്ന് ആശീർവാദം വാങ്ങിയ കുട്ടി ഇത്ര പെട്ടെന്ന് വിടവാങ്ങിയത് അറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി എന്ന് ചന്ദ്രകാന്തി പറയുന്നു.

‘‘എന്റെ പേര് ചന്ദ്രകാന്തി. വിജയ് ആന്റണി സാറിന്റെ വീട്ടിൽ മൂന്നു മാസം ഞാൻ പാചകം ചെയ്യാൻ നിന്നിട്ടുണ്ട്. നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു. മകളുടെ പിറന്നാളിന് ഞാൻ ഉണ്ടായിരുന്നു. ഒരു ജോലിക്കാരിയായ എന്നെ വേർതിരിച്ചു കാണാതെ സ്നേഹത്തോടെ എന്റടുത്ത് വന്ന് ‘എനിക്ക് ആശീർവാദം തരൂ’ എന്ന് പറഞ്ഞു. ജോലിക്കാരെ എല്ലാം വിളിച്ച് കേക്ക് കൊടുത്തു. എന്നും അവൾക്ക് ആഹാരം ഉണ്ടാക്കിക്കൊടുത്തിരുന്നതാണ്. സ്കൂളിൽ കൊണ്ടുപോകാൻ ടിഫിൻ ബോക്സിൽ ആഹാരം കൊടുത്തുവിടുന്നത് ഞാൻ ആയിരുന്നു.

മരണവാർത്ത അറിഞ്ഞ് പെരമ്പൂരിൽനിന്നു വന്നതാണ്. ഈ വിവരം അറിഞ്ഞ് ഹൃദയം തകർന്നുപോയി. അറിഞ്ഞ വിവരം സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വിജയ് ആന്റണി സാർ സ്നേഹമുള്ള മനുഷ്യനാണ്. കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ ‘വരുന്നേ ആന്റീ’ എന്ന് പറയും, നമ്മളെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് ചായ, കാപ്പി എല്ലാം അടുക്കളയിൽ വന്ന് എടുത്തുകൊണ്ടുപോകും. ആരെയും ശല്യം ചെയ്യാതെ സ്നേഹമായി പെരുമാറുന്ന കുട്ടിയാണ്. ഒരു സ്പൂൺ വേണമെങ്കിൽ പോലും ‘‘ആന്റീ ഞാൻ എടുക്കാം നിങ്ങൾ ബുദ്ധിമുട്ടേണ്ട’’ എന്ന് പറയും. ഉച്ചത്തിൽ സംസാരിക്കാറില്ല. കുട്ടി വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല.

തൈര് ആണ് അവൾക്ക് ഏറെ ഇഷ്ടം. ആഹാരത്തിന് ഒരു നിർബന്ധവും ഇല്ല, തൈര് ഉണ്ടെങ്കിൽ അവൾക്ക് സന്തോഷമാണ്. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവരുടെ വീട്ടിൽനിന്നു പോയത്. വിവാഹം കഴിഞ്ഞ് 13 വർഷത്തിനു ശേഷം എന്റെ മകൾ ഗർഭിണിയായതറിഞ്ഞ് പോയതാണ്. വിജയ് സാറിന്റെ ഭാര്യയും അമ്മയും എല്ലാം നല്ല സ്നേഹമുള്ള ആളുകളാണ്. മകൾക്ക് പാട്ട് വളരെ ഇഷ്ടമാണ് എപ്പോഴും അച്ഛന്റെ പാട്ടുകൾ വച്ച് കേട്ടുകൊണ്ടിരിക്കുമായിരുന്നു. ടിവിയിൽ വാർത്ത അറിഞ്ഞാണ് ഞങ്ങൾ വന്നത്. കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല. 16 വയസ്സുള്ള കുട്ടിയാണ് പോയത് എന്റെ വീട്ടിലെ കുട്ടി പോയതുപോലെ ഭയങ്കര വിഷമം. അവളുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു.’’–ചന്ദ്രകാന്തി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com