ADVERTISEMENT

നടൻ ഇന്ദ്രൻസിന്റെ നിഷ്കളങ്കതയെപ്പറ്റി പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. വര്‍ഷങ്ങൾക്കു മുമ്പ് ഒരു സിനിമാ സെറ്റിൽ നടന്ന രസകരമായ സംഭവം ഓര്‍ത്തെടുത്തായിരുന്നു ഇന്ദ്രൻസിന്റെ ‘വേന്ദ്രകഥ’ പ്രിയദർശൻ തുറന്നു പറഞ്ഞത്. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ ഇന്ദ്രൻസ് എത്തി. തന്റെ പ്രതിഫലം 15000 രൂപയാണെന്ന് ഇന്ദ്രൻസ് പറഞ്ഞപ്പോൾ കല്ലിയൂർ ശശി പറഞ്ഞത് 5000 രൂപയിൽ കൂടുതൽ തരില്ലെന്നാണ്. അങ്ങനെ ദേഷ്യം പിടിച്ചുനിന്ന ശശിയെപ്പോലും ചിരിപ്പിച്ച ഇന്ദ്രൻസിനെക്കുറിച്ചായിരുന്നു പ്രിയന്റെ വാക്കുകൾ. നടന്‍ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഫിലിം ഫ്രറ്റേണിറ്റി ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ‘മധുമൊഴി’ എന്ന പരിപാടിയിലായിരുന്നു പ്രിയദര്‍ശൻ ഇന്ദ്രൻസിനെ ആദരിച്ചത്.

 

‘‘ഇന്ദ്രൻസ് ഒരു തയ്യൽക്കാരനായിട്ടാണ് സിനിമയിൽ വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ പതുക്കെ സിനിമയിൽ അഭിനയിക്കാൻതുടങ്ങി. കുറച്ചുകൂടി നല്ല വരുമാനം, ആളുകൾ അറിയുന്നു, അങ്ങനെയിരിക്കെ കല്ലിയൂർ ശശിയുടെ ഒരു സിനിമയിൽ അഭിനയിക്കാൻ ഇന്ദ്രൻസ് വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ശശി ചോദിച്ചു, ‘‘നീ പൈസയുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ’’. ഇന്ദ്രൻസ് പറഞ്ഞു ‘‘എനിക്ക് ഇപ്പോൾ കിട്ടുന്നത് 15000 രൂപയാണ്. അത് തന്നാൽ മതി.’’ 

 

ശശി പറഞ്ഞു അത് ശരിയാകില്ല, ‘‘5000 രൂപയേ തരാൻ പറ്റൂ’’.  ഇന്ദ്രൻസ് പറഞ്ഞു ‘‘15 ആണ് ഇപ്പോ എല്ലാവരും തരുന്നത്.’’  ശശി പറഞ്ഞു, ‘‘എനിക്ക് 5 രൂപയേ തരാൻ പറ്റൂ. സൗകര്യമുണ്ടെങ്കിൽ ചെയ്‌താൽ മതി ഇല്ലെങ്കിൽ പോയിക്കൊള്ളൂ.  രണ്ടു ദിവസം ചെയ്തതിന് ഉള്ള പണം വാങ്ങിക്കോ. ഞാൻ വേറെ ആരെയെങ്കിലും കൊണ്ട് വീണ്ടും ചെയ്യിക്കാം’’.  കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഇന്ദ്രൻസ് ചോദിച്ചു, ‘‘ചേട്ടൻ അഞ്ചു രൂപ തരാം എന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ രണ്ടു ദിവസം അഭിനയിച്ചു. അത് നിങ്ങൾ വീണ്ടും ഷൂട്ട്‌ ചെയ്യും എന്നും പറഞ്ഞു.  അപ്പൊ വീണ്ടും ഷൂട്ട് ചെയ്യാൻ ചേട്ടന് എത്ര തുക ചെലവാകും?’’. ഒരു പത്തു നാൽപതു രൂപ ആകുമെന്ന് ശശി.  ‘‘അപ്പൊ ചേട്ടൻ എനിക്ക് ഞാൻ ചോദിച്ച പതിനഞ്ചു രൂപ തന്നാൽ ചേട്ടന് 25 രൂപ ലാഭമല്ലേ’’– ഉടനെ ഇന്ദ്രൻസിന്റെ മറുപടി. അത് കേട്ട്, ദേഷ്യം പിടിച്ചിരുന്ന ശശി പോലും ചിരിച്ചുപോയി. 

 

അത്ര വേന്ദ്രനാണ് ഈ ഇന്ദ്രൻസ്. ഈ നേട്ടങ്ങളെല്ലാം നേടിയ ഇന്ദ്രൻസ് സിനിമയിലെത്തിയതിനു പിന്നിൽ ഒരു വലിയ കഷ്ടപ്പാടുണ്ട്. ആ കഷ്ടപ്പാടെല്ലാം താണ്ടി ഒരു ദേശീയ അവാർഡ് വാങ്ങുന്നതിലെത്തി നിൽക്കുന്ന ഇന്ദ്രൻസിനെ ആദരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.’’– പ്രിയദർശൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com