ADVERTISEMENT

‘ഉപ്പെണ്ണ’യ്ക്കു ശേഷം നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു സിനിമയിൽ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. രണ്ടു വർഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്.

2021 ൽ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ഈ ചിത്രം വൻ വിജയമായിരുന്നു. മാത്രമല്ല മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഉപ്പെണ്ണയ്ക്കു ശേഷം കൃതിയും വിജയ് സേതുപതിയും സ്‌ക്രീൻ പങ്കിട്ടിട്ടില്ല. ഈ സിനിമയുടെ വിജയത്തിനു ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു.

‘‘ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് ശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ്. ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക.

ഉപ്പെണ്ണയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കൂ. അവൾ അങ്ങനെ ചെയ്തതുകൊണ്ട് ആ രംഗം നന്നായി. കൃതി ഷെട്ടി എനിക്ക് മകളെപ്പോലെയാണ്. അവളെ എന്റെ നായികയായി എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.’’ വിജയ് സേതുപതി പറയുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT