ADVERTISEMENT

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് സംവിധായകൻ വിനയൻ. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ സത്യസന്ധത തെളിയിക്കാൻ നിർണായക പങ്കുവഹിച്ച ആളാണ് മധുവെന്ന് വിനയൻ പറയുന്നു. ‘‘എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ മധുസാറിന്റെ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേരള സമൂഹത്തിന്റെ മുന്നിൽ എന്റെ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാൻ പറ്റാത്ത ആ അനുഭവം.’’–വിനയന്റെ വാക്കുകൾ. 

 

വിനയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

 

‘‘നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. അനായാസമായ അഭിനയസിദ്ധി കൊണ്ടും അനിതരസാധാരണമായ വ്യക്തിത്വം കൊണ്ടും മലയാളസിനിമയിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മധുസാറിന്റെ കലാ ജീവിതത്തെപ്പറ്റി എത്രയേറെ പറഞ്ഞാലും തീരില്ല എന്നതാണു സത്യം..

 

എന്നാൽ ഇവിടെ ഞാനെന്റെ തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ കുറിച്ചു മാത്രമാണു പറയുന്നത്.. ഇന്നു രാവിലെ മധുസാറിനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോഴും ഈ കാര്യം ഞാനദ്ദേഹത്തോടു സൂചിപ്പിച്ചിരുന്നു..  അതു കേട്ട് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിഷ്കളങ്കമായി ചിരിച്ചു..അത്ര മാത്രം...

 

എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ മധുസാറിന്റെ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേരള സമൂഹത്തിന്റെ മുന്നിൽ എന്റെ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാൻ പറ്റാത്ത ആ അനുഭവം.. മാത്രമല്ല എന്റെ തൊഴിൽ വിലക്കുകയും എനിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖവ്യക്തികൾക്കും  സംഘടനകൾക്കും സുപ്രീം കോടതി ഉൾപ്പടെ പിഴ ചുമത്തിയത് അന്ന് ഏറെ ചർച്ച ചെയ്ത വിഷയമാണ്.  

 

മധുസാറിന്റെ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. എന്റെ സിനിമകൾ വിലക്കിയതെല്ലാം രേഖകളൊന്നും ഇല്ലാതെ അതി നിഗൂഢമായ ഗൂഢാലോചനകളിൽ കൂടി ആയിരുന്നല്ലോ?  അതിൽ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു കൈമലർത്തു കയും കൂടി ചെയ്തപ്പോൾ ഞാൻ നിസ്സഹായനായി നിന്നു പോയി.. എന്നെ സഹായിക്കുമെന്ന്  ഞാൻ കരുതിയവർ പോലും മറ്റു പല കാരണങ്ങളാലും വലിയ സിനിമാക്കാരെ ഭയന്ന് നിശ്ശബ്ദരായപ്പോൾ മധു സർ സത്യസന്ധമായി തന്റെ അനുഭവം കമ്മീഷന്റെ മുന്നിൽ പറയാൻ തയാറായി. 

 

2011ൽ വിനയന്റെ ഒരു സിനിമയിൽ അഭിനയിക്കാനായി താൻ അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് മലയാള സിനിമയിലെ വളരെ പ്രമുഖരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് തന്റെ വീട്ടിൽ എത്തിയെന്നും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന് പറഞ്ഞ് തന്നെ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.. അവിടെ ചെന്ന പ്രമുഖരിൽ പലരുടേയും പേരുകൾ സഹിതമാണ് അദ്ദേഹമന്ന് പറഞ്ഞത്. ആരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകൾ ഇവിടെ പറയുന്നില്ല. 

 

സിസിഐയുടെ വെബ് സൈറ്റിൽ ഉള്ള ആ കേസിന്റെ വിധിപ്പകർപ്പു വായിക്കുന്നവർക്ക് കൂടുതൽ വ്യക്തത കിട്ടും.. മധുസാറിന്റെ  വാക്കുകൾക്ക് അന്ന് അന്വേഷണക്കമ്മീഷൻ വലിയ വിലയാണ് കൊടുത്തത്. അങ്ങനെയാണ് അന്യായമായ ആ തൊഴിൽ വിലക്കിന്റെ അപ്രിയ സത്യങ്ങൾ കോടതിക്കും കേരള സമൂഹത്തിനും മനസ്സിലായത്. വിനയനെന്ന വ്യക്തിയേക്കാളും മധുസാറിന് ഏറെ ബന്ധമുള്ളവർ എതിർ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തന്റേടിയും സത്യസന്ധനുമായ ആ വലിയ കലാകാരന്റെ.. മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവന്റെ.... കാൽപ്പാദങ്ങളിൽ പ്രണാമം..’’–വിനയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com