ADVERTISEMENT

‘‘അസ്വതന്ത്രമായ  ലോകത്തെ നേരിടാനുള്ള ഒരേയൊരു പോംവഴി പരിപൂർണമായി സ്വതന്ത്രനാവുക എന്നതാണ്. അങ്ങനെ നിങ്ങളുടെ നിലനിൽപ്പ് തന്നെ ഒരു പോരാട്ടമായിത്തീരുന്നു.’’ - അൽബേർ കാമു.

 

ടി . അരുൺ കുമാർ  എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ലാടൊമാറ്റിന എന്ന ചിത്രം പ്രാഥമികമായി ശ്രദ്ധേയമാകുന്നത് അതിന്റെ പ്രമേയം കൊണ്ടാണ്. അധികാരത്തിന് കുറുകെ ചോദ്യങ്ങളുടെ അലോസരതകൾ  സൃഷ്ടിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ നാലാംതൂണായി വർത്തിക്കേണ്ടവയാണ് മാധ്യമങ്ങൾ എന്നാണ് സങ്കൽപ്പം. ഈ ‘മാധ്യമ ജാലകങ്ങൾ’  ബലമായി വലിച്ചടയ്ക്കപ്പെട്ടാൽ  എന്ത് സംഭവിക്കും എന്നതാണ്  ലാ ടൊമാറ്റിന എന്ന സിനിമ പറയാൻ ശ്രമിക്കുന്നത്. 

 

ഈ  ചിത്രത്തിലൊരിടത്ത് നായകനായ ജോയ് മാത്യുവിന്റെ കഥാപാത്രം അന്വേഷണോദ്യോഗസ്ഥനോട് പറയുന്നുണ്ട് ‘‘നമുക്ക് മോണോലോഗുകൾ വേണ്ട, ഡയലോഗുകൾ മതി’’ എന്ന് . അതൊരു നല്ല ‘സിനിമാറ്റിക് മൊമന്റ്’ ആയി മാറുന്നുണ്ട്. തീർച്ചയായും അത്തരം നല്ല നിമിഷങ്ങൾ ഈ ചിത്രത്തിൽ ധാരാളമുണ്ട്. പലർക്കും അത് പലതായിരിക്കും എന്ന് മാത്രം. ഉത്തരങ്ങളെ മാത്രം സ്വീകരിക്കുന്ന  , ചോദ്യങ്ങളെ അടിച്ചമർത്തുന്ന ‘അധികാരം’ എന്ന ഒരു സംവിധാനം ( അത് ഭരണകൂട അധികാരമോ സ്ഥാപനവൽക്കരിക്കപ്പെട്ട മറ്റ് ഏത് അധികാരമോ ആവാം ) എങ്ങനെയാണ് അസുഖകരമായ ചോദ്യങ്ങളെ നേരിടുന്നതെന്നും എങ്ങനെയാണ് അതിനെ ഇല്ലായ്മ ചെയ്യുന്നതെന്നും  വളരെ മനോഹരമായി പറഞ്ഞു വയ്ക്കുന്നുണ്ട് ഈ ചിത്രം. 

 

ലാ ടൊമാറ്റിന എന്നത് ഒരു സ്പാനിഷ് വിളവെടുപ്പ് ഉത്സവമാണ്. രക്തനിറമുള്ള തക്കാളികൾ ചോരച്ചാലുകളായി സ്പെയിനിലെ തെരുവുകളിലൂടെ ഒഴുകുന്ന ഒരു ഉത്സവം. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ പ്രമേയവും രക്തനിറത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചോര വീഴുന്ന കാഴ്ചകൾ സിനിമയിലുടനീളമുണ്ട്.

സിനിമയുടെ കഥാതന്തു ലാ -ടൊമാറ്റിന എന്ന പേരിൽ തിരക്കഥാകൃത്ത് തന്നെ മുമ്പ് എഴുതിയ ഒരു ചെറുകഥയിൽ നിന്നെടുത്തിട്ടുള്ളതാണ്. 

 

സ്വത്രന്ത്രപത്ര പ്രവർത്തകനായ ഒരു മുതിർന്ന ജേർണലിസ്റ്റ്  ഒരു ‘സംശയ കേന്ദ്രം’ ആയി മാറുന്നു. അയാൾ ,തമസ്ക്കരിക്കപ്പെടുന്ന വാർത്തകളും സർക്കാരിന്റെയും  പൊലീസിന്റെയുമൊക്കെ ദുരൂഹമായ ചെയ്തികളും മറ്റും തന്റെ ഡിജിറ്റൽ ചാനലിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നു. സ്വാഭാവികമായും അയാൾ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിത്തീരുന്നു. അയാൾ ചില ‘അജ്ഞാതരാൽ’ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. അയാളെ നിയമ വിരുദ്ധമായ തടങ്കലിൽ പാർപ്പിച്ച് കൊണ്ട് ചോദ്യം ചെയ്യാൻ തുടങ്ങുന്നു. തുടർന്നുള്ള സംഭവ പരമ്പരകൾ കാണികളെ അസുഖകരമായ ചില കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നു. രാഷ്ട്രീയം പറയുമ്പോഴും സിനിമ രൂപപരമായും  അനുഭവതലത്തിലും സിനിമയായി നിൽക്കുന്നു എന്നതാണ് സവിശേഷത. തിരക്കഥയ്ക്കാണ് ഇവിടെ കയ്യടി കൊടുക്കേണ്ടത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഒരു പാരച്യു ട്ടിലെന്ന പോലെ പതിയെ ക്ളൈമാക്സിലേക്ക് ഊർന്നിറങ്ങുന്ന ചിത്രം രണ്ട് വെറും സാധാരണ സംഭാഷണങ്ങൾ കൊണ്ട് വലിയൊരു സംഘർഷത്തെ അടയാളപ്പെടുത്തി അവസാനിക്കുന്നു. 

 

ശ്രീജിത്ത് രവി,  കോട്ടയം നസീർ എന്നിവർ ഇന്നേ വരെ കാണാത്ത മുഴുനീള വേഷപ്പകർച്ചയിലാണ്. വലിയ പതർച്ചയില്ലാതെ തന്നെ നവാഗത താരങ്ങളും  അവരവരുടെ വേഷം വിജയിപ്പിച്ചിട്ടുണ്ട്. എങ്കിലും  കോട്ടയം നസീറിന്റെ പ്രകടനം എടുത്ത് പറയണം.  തന്നിലെ  ഹാസ്യ നടന്റെ പ്രതിച്ഛായയെ പൊളിച്ചു കളഞ്ഞു കൊണ്ട് ഒരു കരുണയുമില്ലാത്ത സൈമൺ എന്ന കഥാപാത്രമായി അദ്ദേഹം മാറിയിരിക്കുന്നു. ജോയ് മാത്യുവിന്റെ കാര്യമെടുത്താൽ ഇത്രയും പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രം അദ്ദേഹം ഇതിനു മുമ്പ് ചെയ്തിട്ടില്ല എന്ന് തന്നെ പറയണം.  ചിത്രത്തിന് മുന്നോട്ട് പോകുന്തോറും മുറുകി വരുന്ന ചുവപ്പിന്റെ ഒരു വർണ പശ്ചാത്തലമുണ്ട്. അത് പ്രമേയവുമായി സിങ്ക് ചെയ്യുന്ന ഒന്നാണ്. ഇടുങ്ങിയ ഒരിടത്ത് നിന്ന് കഥ പറയുന്നത് കൊണ്ടാവാം , ഷോട്ടുകൾ പരിമിതപ്പെടുത്തപ്പെട്ടതായി തോന്നി. എഡിറ്റിങ്ങിൽ എടുത്ത് പറയാനായി ഒന്നുമില്ല.  കലാസംവിധാനവും വസ്ത്രാലങ്കാരവും തീർത്തും സാധാരണമായി.  പശ്ചാത്തല സംഗീതം മിതത്വം പാലിച്ചിട്ടുണ്ട്. എന്നാൽ എടുത്ത് പറയാൻ ഒന്നുമില്ല താനും. എങ്കിലും    ഗൗരവമേറിയതും കാലികപ്രസക്തവുമായ ഒരു രാഷ്ട്രീയ വിഷയം ഇത്രയും ആധികാരികമായി ചർച്ച ചെയ്യുന്നു  എന്നത് കൊണ്ട് തന്നെ സാമൂഹികമായ ഒരു വീക്ഷണകോണിൽ ഇതെല്ലാം ക്ഷമിക്കാവുന്നതായി മാറുന്നു.  പ്രത്യേകിച്ചും മാധ്യമസ്വാതന്ത്ര്യത്തിന്റെ  ആഗോള സൂചികയിലൊക്കെ  നാം താഴേക്ക് പോവുന്ന ഒരു സമയത്ത് .  

 

പരിമിതമായ ഒരിടത്ത് , പരിമിതമായ കഥാപാത്രങ്ങളാൽ പുരോഗമിക്കുന്ന സിനിമയാണ് ലാ- ടൊമാറ്റിനാ. അതു കൊണ്ട് സംഭാഷണങ്ങൾക്ക്  സ്വാഭാവികമായി തന്നെ പ്രാധാന്യം  വന്നു ചേരുന്നുണ്ട്. സിനിമയിലെ ഓരോ ഡയലോഗും വളരെ ആഴമേറിയതും അനേകം അടരുകളുള്ളതുമായി അനുഭവപ്പെടും. എടുത്തു പറയാനാണെങ്കിൽ പലതുമുണ്ട്. ഉദാഹരണത്തിന്  ‘ഇര’യോട്  ശ്രീജിത്ത് രവിയുടെ ' രാമകൃഷ്ണയ്യർ ' പറയുന്നുണ്ട്  

 

‘‘ഇപ്പോൾ ഈ അടച്ചിട്ട മുറിയാണ് നമ്മുടെ ലോകം’’ - എന്ന്. 

 

അതിന് അയാളുടെ  മറുപടി : ‘‘അല്ല , ഈ നാല് ചുവരുകൾക്ക് പുറത്തുള്ളതാണ് യഥാർഥ ലോകം’’ എന്നാണ്. കൊടിയ പീഡനം അനുഭവിക്കുന്ന മുറിയ്ക്കുള്ളിൽ , കട്ടിലിൽ ബന്ധിക്കപ്പെട്ട് കിടക്കുമ്പോഴും ചുമരിലെ കമ്പ്യൂട്ടർ സ്ക്രീനിലുള്ള ഒരു പ്രകൃതിദൃശ്യം ഓഫാക്കരുതെന്ന് അയാൾ അവരോട് അപേക്ഷിക്കുന്നുണ്ട്.  പുറത്തുള്ള ലോകത്തേയ്ക്ക് തുറക്കുന്ന വാതിലാണ് അയാൾക്കത് . 

 

ഇങ്ങനെ ഒരു വശത്ത്  തടവറകൾ സൃഷ്ടിക്കുന്ന ശക്തികളുടെ  ഭീകരതയും മറുവശത്ത് അടച്ചിട്ട മുറിയിൽ സ്വാതന്ത്ര്യത്തിന്റെ പച്ചപ്പുകൾ തേടുന്ന ഒരു മനുഷ്യന്റെ  നിസ്സഹായതയും  തമ്മിലുള്ള നിരന്തരമായ സംഘർഷങ്ങളാണ് ' ലാ ടൊമാറ്റിന '  എന്ന് ഒറ്റ വാക്കിൽ പറയാം. അതോടൊപ്പം ഒരേ സമയം മനുഷ്യനായും മൃഗമായും മാറാൻ കഴിയുന്ന നമ്മളെത്തന്നെ ഈ സിനിമ കാണിച്ചു തരുന്നുമുണ്ട്.  സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമ്മളിലൊക്കെത്തന്നെ അപകടകരമാം വിധം പതിയിരിക്കുന്നു എന്ന് സിനിമയുടെ ഒടുക്കം നമ്മളറിയുന്നു.

 

ശക്തമായ ഒരു രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുമ്പോഴും മനുഷ്യാസ്ഥകളിലേയ്ക്കും സിനിമ സഞ്ചരിക്കുന്നു.ആൾക്കൂട്ടം ഒരാളെ തല്ലിക്കൊല്ലുമ്പോഴും വളരെ സാധാരണക്കാരനായ ഒരാൾ ഒരു ആശയത്തിന്റെയോ സ്ഥാപനത്തിന്റെയോ ഭാഗമായിത്തീരുമ്പോൾ മറ്റു മനുഷ്യരോട് അതിക്രൂരമായി പെരുമാറുമ്പോഴും എങ്ങനെയാണ് സങ്കല്പത്തിനതീതമായി പ്രവൃത്തിക്കുന്നതെന്ന് സിനിമ കാട്ടിത്തരുന്നു. ഇതാണ് സിനിമയുടെ മറ്റൊരു തലം.

 

സിനിമയിലെ അതിക്രൂരനായ സൈമൺ എന്ന ഉദ്യോഗസ്ഥൻ വഴിയിലൂടെ നടക്കുമ്പോൾ ഒരു മനുഷ്യനെ അറിയാതെ തട്ടിവീഴ്ത്തുമ്പോൾ ക്ഷമാപണം ചെയ്യുന്ന ഒരാളാണ്. ഇവരുടെ 'തല ' ആയ  ശ്രീജിത്ത് രവിയുടെ കഥാപാത്രമാവട്ടെ, വീട്ടിൽ  സ്നേഹസമ്പന്നനായ അച്ഛനും ഭർത്താവുമൊക്കെയാണ്. ക്രൂരമായ പീഡനങ്ങൾ നടത്തുമ്പോഴും അയാൾ ബോർഡിൽ വരയ്ക്കുന്നത്  ബുദ്ധന്റെ ചിത്രമാണ് ! വായിക്കുന്നത് ദസ്തയവസ്ക്കിയുടെ വിഖ്യാത നോവലും ! ഈ അസംബന്ധമാണ് കാലത്തിന്റെ നേര് എന്ന് നമുക്ക് തോന്നും , സിനിമ പുരോഗമിക്കുമ്പോൾ. 

 

അബു എന്ന മറ്റൊരു കഥാപാത്രം വളരെ കരുണയോടെ ഇരയോട്  പെരുമാറുന്നയാളാണ്. ബെല്ല എന്ന വനിതാ ഓഫിസർ   ഒരേ സമയം ആദരവും ക്രൂരതയും അയാളോട് കാണിക്കുന്നു. അതിനവൾക്ക് കാരണവുമുണ്ട്.  ബ്ലെയിഡുപയോഗിച്ച് അയാളുടെ കാല് കീറുക പോലും ചെയ്യുന്നുണ്ട് ,അവൾ.  ഇങ്ങനെ ഒരാളിൽ  തന്നെയുള്ള പരസ്പര വിരുദ്ധമായ, അതി സങ്കീർണ്ണമായ മാനസികാവസ്ഥകളെക്കൂടി വളരെ മനോഹരമായി സിനിമ ചിത്രീകരിക്കുന്നു.സിനിമയുടെ ' അടിക്കുറിപ്പ് ' എന്ന് പറയാവുന്ന ഒന്ന്  ഇതിലെ നായക കഥാപാത്രം പറയുന്നുണ്ട്.

 

എന്താണ് വാർത്ത ?  എന്ന ചോദ്യത്തിനുള്ള ഉത്തരമാണത്.

 

‘‘മറച്ചുവയ്ക്കപ്പെടുന്നതാണ് വാർത്ത, ബാക്കിയെല്ലാം പരസ്യങ്ങളാണ്’’, എന്നതാണ് ആ വാചകം.

 

സമഗ്ര വീക്ഷണത്തിൽ  ' സ്റ്റേറ്റ് ' എന്ന യാഥാർത്ഥ്യം  എങ്ങനെയാണ് ' സത്യാന്വേഷണങ്ങളെ '  ഭയക്കുകയും നേരിടുകയും ചെയ്യുന്നത് എന്നതിന്റെ നേർച്ചിത്രമാണ് ലാടൊമാറ്റിന. 

ഭരണകൂടവിമർശനം,  മാധ്യമ സ്വാതന്ത്ര്യം , പൗരാവകാശങ്ങൾ , അഭിപ്രായ സ്വാതന്ത്ര്യം എന്നിവ വെല്ലുവിളിക്കപ്പെടുന്ന ഒരു കാലത്ത് ഈ ചിത്രം ചില കുറവുകളോടെ ആണെങ്കിലും  ധീരമായ പരിശ്രമം ആയി മാറുന്നു.

 

2023 ഇതേ വരെ എടുത്താൽ പ്രമേയപരമായി ഏറ്റവും ശക്തമായ ചിത്രം ലാ- ടൊമാറ്റിനയാണ്. ടൊമാറ്റോ എന്ന ഒരു ' വെറും പച്ചക്കറിയെ '  ഒരു സിനിമയുടെ കേന്ദ്രസ്ഥാനത്ത് നിർത്താനുള്ള ചിന്ത തന്നെ അതിന് തെളിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com