ADVERTISEMENT

ഇരുപത്തിമൂന്നു വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം വേണ്ടെന്നു വയ്ക്കാൻ നർത്തകി മേതിൽ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം സിനിമയിലേക്കില്ല എന്ന ഉറച്ച തീരുമാനത്തിനപ്പോൾ ഒരു പതിറ്റാണ്ടോളം പ്രായമായിരുന്നു. പതിമൂന്നാം വയസ്സു മുതൽ പലവട്ടം സിനിമ ദേവികയുടെ കയ്യിൽ വലിയ അവസരങ്ങൾ വച്ചു കൊടുത്തിട്ടുണ്ട്. ‘കാബൂളിവാല’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും ‘നോ’ തന്നെയായിരുന്നു മറുപടി.

 

methil-devika-34

എണ്ണം പറഞ്ഞ സംവിധായകർ പലവട്ടം പരിശ്രമിച്ചിട്ടും ഇളക്കാനാകാതെ പോയ ആ തീരുമാനം ഒരു പുതുമുറക്കാരന്റെ കഠിന പരിശ്രമത്തിനു മുന്നിൽ ഒടുവിൽ അലിഞ്ഞിരിക്കുന്നു. നാൽപത്തിയാറാം വയസ്സിൽ മേതിൽ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെ.

Methil-Devika-4

 

methil-devika

‘എന്തുകൊണ്ട് ഇപ്പോൾ?’ എന്ന ചോദ്യത്തിനു ദേവികയ്ക്കു കൃത്യമായ മറുപടിയുണ്ട്. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം. ആ തീരുമാനം ഒരു ശതമാനം പോലും തെറ്റിയില്ലെന്ന പൂർണവിശ്വാസമുണ്ട്. ഇന്നോളമുള്ള നൃത്തജീവിതത്തിനിടെ ലഭിച്ച രണ്ടു ദേശീയ പുരസ്കാരങ്ങൾ, കേരള സംഗീതനാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ, ആർക്കൈവൽ ഫിലിമിനു ലഭിച്ച ഓസ്കർ കണ്ടെൻഷൻ എന്നീ നേട്ടങ്ങൾ അതിനു തെളിവായുണ്ട്. ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. 

 

കലയെ ശാസ്ത്രവുമായി കോർത്തിണക്കി ഞാൻ തന്നെ ആശയം നൽകി നടത്തുന്ന പഠനമാണിത്. ശാസ്ത്രീയനൃത്തത്തിന്റെ മേഖലയിൽ ചുവടുറപ്പിച്ച് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ. നൃത്തവേദിയിൽ നിന്നു ലഭിക്കുന്ന സന്തോഷത്തിലും വലുതല്ല എനിക്കു മറ്റൊന്നും. വിഷ്ണു വളരെ ഗിഫ്റ്റഡ് ആയ ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’ നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു.

 

ദേവികയിൽ ഇരുത്തം വന്ന അഭിനേത്രിയെ ആണു താൻ കണ്ടതെന്നു വിഷ്ണു മോഹനും പറയുന്നു. ‘ ഏറെ പരിചിതമായ, എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്.

 

വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി.അനീഷ് എന്നിവർ ചേർന്നാണു ‘കഥ ഇന്നു വരെ’ നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com