ADVERTISEMENT

‘പ്രിയപ്പെട്ട സംവിധായകൻ ആരെന്നു ചോദിച്ചാൽ അച്ഛൻ നിസ്സംശയം ജോർജ് സാറിന്റെ പേരു പറയുമായിരുന്നു. നടനും സംവിധായകനും എന്ന നിലയിൽ അച്ഛനും ജോർജ് സാറും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു–’ കെ.ജി.ജോർജിനെക്കുറിച്ചു ഭരത് ഗോപിയുടെ മകൻ മുരളി ഗോപി ഓർമിക്കുന്നു.

 

പിൽക്കാലത്തു നടനും തിരക്കഥാകൃത്തുമായി മാറിയപ്പോൾ കെ.ജി.ജോർജിൽനിന്നു പ്രചോദനം ലഭിച്ചിട്ടുണ്ടെന്നു മുരളി ഗോപി പറഞ്ഞു. ‘ഒരു ക്യാംപ് ഫയറിന്റെ അടുത്തിരിക്കുമ്പോൾ കിട്ടുന്ന ചൂടുപോലെയാണ് അദ്ദേഹത്തിന്റെ സിനിമകളിൽനിന്ന് എനിക്കു ലഭിക്കുന്ന പ്രചോദനം. അടിസ്ഥാനപരമായി ഒരു തിരക്കഥാകൃത്തുകൂടി ആയതിനാൽ അദ്ദേഹം ഒപ്പം സഹകരിച്ച എഴുത്തുകാരുടെ ക്രാഫ്റ്റിനെ സ്വാധീനിച്ചിട്ടുണ്ടാകും. നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും നിർദേശങ്ങൾ ജോർജ് സാർ നന്നായി സ്വീകരിച്ചിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. 

 

‘നടന്റെ വൈഭവം മനസ്സിലാക്കി ബഹുമാനിക്കാനും അതിനെ അംഗീകരിച്ചു നിർലോഭം പ്രശംസിക്കാനും ആ ക്രാഫ്റ്റ്സ്മാൻ തയാറായിരുന്നു. സംവിധായകനെ മനസ്സിലാക്കുന്ന നടൻ എന്ന നിലയിൽ അച്ഛനും ജോർജ് സാറും തമ്മിലുണ്ടായിരുന്ന ക്രിയേറ്റീവ് വൈബ് ആണ് അവരുടെ സിനിമയുടെ പൂർണത. അങ്ങനെയുള്ള ഒരു സംവിധായകനും നടനും ചേരുമ്പോൾ അവരുടെ ഓരോ സിനിമയും ഓരോ തേടിപ്പോകലുകളാണ്. അതിന്റെ ഭംഗി അവരുടെ സിനിമകളിലുണ്ടായിരുന്നു.

 

‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും ‘പഞ്ചവടിപ്പാല’ത്തിലെ ദുശ്ശാസനക്കുറുപ്പും ഒരു നടനാണോ എന്ന് അതിശയിപ്പിക്കുന്നവിധം പരകായ പ്രവേശം നടത്താൻ നടനെ പ്രേരിപ്പിക്കുന്നതുപോലെതന്നെ സംവിധായകനെക്കുറിച്ചും നമുക്കു തോന്നും. യവനികയും പഞ്ചവടിപ്പാലവും കോലങ്ങളും ഇരകളും ആദാമിന്റെ വാരിയെല്ലും എല്ലാം ഒരേ സംവിധായകന്റേതു തന്നെയാണോ എന്ന് ആരും സംശയിക്കാം. ഓരോ സിനിമയും അവതരണത്തിലും ചിത്രീകരണത്തിലും വ്യത്യസ്തവും അപ്രതീക്ഷിതവുമാണ്–’ മുരളി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com