ADVERTISEMENT

മകളുടെ വേർപാടിന്റെ ദുഃഖത്തിലും പുതിയ സിനിമയുടെ പ്രമോഷനിൽ പങ്കെടുത്ത് നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ചിത്രത്തിന്റെ മാധ്യമ സമ്മേളനത്തിനും അഭിമുഖങ്ങൾക്കുമായി രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്റണി വന്നത്. അഭിമുഖങ്ങളില്‍ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ നടന്‍ തയാറായില്ല.

എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും സംസാരിക്കാനും കഴിയുന്നതെന്ന് അഭിമുഖത്തില്‍ വിജയ് ആന്റണിയോട് ചോദിക്കുകയുണ്ടായി. ‘‘ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത്’’ എന്നാണ് വിജയ് ആന്റണി പറയുന്നത്.

പത്തു ദിവസം മുന്‍പാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തിനും തമിഴ് സിനിമാമേഖലയ്ക്കും ഞെട്ടലായിരുന്നു. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. തന്റെ സ്വകാര്യ ദുഃഖങ്ങളുടെ പേരിൽ, ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്ക്ക് കിട്ടേണ്ട പ്രമോഷൻ കിട്ടാതെ പോകരുതെന്ന ചിന്തയാകാം പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടനെ പ്രശംസിച്ച് ആരാധകരും സഹപ്രവർത്തകരുമെത്തി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ നേരിട്ടിട്ടും, ഇത്രയും പോസിറ്റീവായി സംസാരിക്കുന്ന താങ്കള്‍ ശരിക്കുമൊരു പ്രചോദനമാണെന്ന് ആരാധകർ പറയുന്നു. ‘‘ഇതാണ് പ്രഫഷനലിസം’ എന്നായിരുന്നു പ്രമോഷന്റെ ഏതാനും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് നിര്‍മാതാവ് ധനഞ്ജയന്‍ അഭിപ്രായപ്പെട്ടത്.

സി.എസ്.അമുദൻ സംവിധാനം ചെയ്യുന്ന ‘രത്തം’ ഒക്ടോബർ ആറിനാണ് റിലീസിനെത്തുന്നത്. ആർഡിഎക്സ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com