ADVERTISEMENT

ചെറുപ്രായത്തിൽ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കമൽഹാസൻ. തന്നെപ്പോലെ ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത് എന്ന് ആലോചിച്ചാണ് ഇരുപതാം വയസ്സില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. ചെന്നൈ ലയോള കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സംവദിച്ചപ്പോഴാണ് തന്റെ അനുഭവം താരം തുറഞ്ഞു പറഞ്ഞത്. തീപാറുന്ന രാഷ്ട്രീയം പറഞ്ഞും അനുഭവങ്ങളുടെ ആഴങ്ങള്‍ പങ്കുവച്ചും കുട്ടികള്‍ക്കിടയില്‍ കമല്‍ഹാസന്‍ റിയല്‍ സ്റ്റാറായി. സിനിമയും രാഷ്ട്രീയവുമൊക്കെ നിറഞ്ഞ വേദിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സിനിമാ സ്‌റ്റൈല്‍ ഡയലോഗുകളും താരം പങ്കുവച്ചു.

 

കമല്‍ഹാസന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

 

 

ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കാനായി കോളജുകളില്‍ പോകാറുണ്ട്. അത് കാണുമ്പോള്‍ അമ്മ എന്നോട് പറയുമായിരുന്നു നീ ചെറുപ്പത്തില്‍ ഈ ആവേശം കാണിച്ചില്ലല്ലോ എന്ന്. അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ കലയായിരുന്നു എനിക്കെല്ലാം. അതോടെ പഠിക്കാന്‍ പോകാന്‍ വയ്യ എന്ന് തീരുമാനിച്ചു. കലയില്‍ മുഴുകി കഴിഞ്ഞപ്പോഴാണ് അത് പൂര്‍ണമായി മനസിലാക്കാന്‍ കുറച്ചു കൂടി വിദ്യാഭ്യാസവും ഭാഷാജ്ഞാനവും വേണമെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴാണ് പഠിക്കാന്‍ കഴിയാതെ പോയതിലുള്ള നിരാശ തോന്നിയത്. പള്ളിക്കൂടത്തില്‍ പോകാത്തവരെ കോളേജില്‍ ചേര്‍ക്കില്ലല്ലോ. എന്നാലും അഭിനയം അന്നെ ആഗ്രഹമുള്ളതുകൊണ്ട്, പല തവണ കോളജ് കുമാരനായി വേഷമിട്ടിട്ടുണ്ട്. എന്റെ സുഹൃത്തായ സുരേന്ദ്രനൊപ്പം വെറുതേ ഞാന്‍ ലയോള കോളജില്‍ പോകുമായിരുന്നു. നല്ല ഡ്രസ്സൊക്കെ ധരിച്ച്, സിനിമ ഡയലോഗിന്റെ പുസ്തകങ്ങളൊക്കെയായിട്ടാണ് പോകുന്നത്.  കണ്ടാല്‍ അവിടെ പഠിക്കുന്ന ആളാണെന്നേ തോന്നു.

 

മണിപ്പൂരില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്ക് ലയോള കോളജില്‍ തങ്ങാന്‍ ഇടം നല്‍കിയെന്ന് കേട്ടു. അവിടെ നിന്നുള്ള കായികപ്രതിഭകളെ ഇവിടേക്ക് വരുത്തി പ്രത്യേക കായിക പരിശീലനം നല്‍കാന്‍ നല്‍കാന്‍ നടപടികള്‍ ആരംഭിച്ച കായിക മന്ത്രി ഉദയനിധി സ്റ്റാലിന് പ്രത്യേക അഭിനന്ദങ്ങള്‍. കാരണം മണിപ്പൂരില്‍ ഇപ്പോള്‍ കളിക്കളങ്ങളല്ല, പോര്‍ക്കളങ്ങളാണ് ഉള്ളത്. അവിടെ ഇനി പഠനം, സ്‌പോര്‍ട്‌സ്, കല, ഒന്നും  വളരില്ല. ആ സാഹചര്യത്തില്‍ നിന്ന് രക്ഷപെട്ട്, ഇവിടെയെത്തുന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുന്ന സഹായങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ചെയ്യുന്നുണ്ട്. മണിപ്പൂരില്‍ നടക്കുന്ന വിഷയമല്ലേ, നമുക്കെന്ത് എന്ന ചിന്തയല്ല, മറിച്ച് എന്ത് ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. തമിഴ്നാട്ടിലും അങ്ങനെ തന്നെയാണ്. ഇവിടെ ചെയ്യുന്ന പ്രവര്‍ത്തികള്‍ ദ്രാവിഡ മോഡല്‍ ആണ്. രണ്ടായിരം വര്‍ഷങ്ങളായി നമ്മള്‍ കണ്ടുവളര്‍ന്നതും ആ മോഡല്‍ തന്നെയാണ്. ചരിത്രം പഠിക്കുന്ന കുട്ടികള്‍ സിവിലൈസേഷനെ പറ്റിയും മറ്റും പുസ്തകത്തില്‍ പഠിച്ചാല്‍ പോരാ, കണ്ടു പഠിക്കണം.  ഞാന്‍ രാഷ്ട്രീയം പറയുകയല്ല, തെളിവ് സഹിതം ചരിത്രം പറയുകയാണ്.

 

പോകുന്നിടത്തെല്ലാം എന്തിനാണ് രാഷ്ട്രീയം പറയുന്നത് എന്ന് എന്നോട് ചോദിച്ചേക്കാം. രാഷ്ട്രീയമാണ് നമ്മളെ നയിക്കുന്നത്, നമുക്ക് അതിനെപ്പറ്റി പറയാന്‍ പറ്റില്ലേ? വിദ്യാർഥികളായ നിങ്ങള്‍ പറയും കോളജില്‍ പഠിച്ച് ജോലിയൊക്കെ വാങ്ങണം എന്ന്. വാങ്ങാന്‍ ജോലി വേണ്ടേ? അതുകൊണ്ടാണ് ഞാന്‍ ഇത് നിങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നത്. ഈ രാജ്യത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ എന്റെ  മനസ്സിലുള്ളതാണ് പറയുന്നത്. 75 വര്‍ഷം  മുന്‍പുള്ള വിദ്യാര്‍ഥികള്‍, പഠനത്തോടൊപ്പം നാടിനെ കാക്കേണ്ടതും തങ്ങളാണ് എന്ന ചിന്തിച്ചതുകൊണ്ടാണ് നമ്മളൊക്കെ ഇന്ന് ഇവിടെയെത്തിയത്, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത്.

 

സമൂഹമാധ്യമം എന്ന അതിശക്തമായ ഒരു ആയുധം നിങ്ങളുടെ പക്കല്‍ ഉണ്ട്. ലോകം മുഴുവന്‍ മാറ്റാന്‍ ശക്തിയുണ്ട് അതിന്. അത് നിങ്ങള്‍ ബുദ്ധിപരമായി ഉപയോഗിക്കണം. മറ്റൊരു കാര്യം, നിങ്ങളൊക്കെ ഇപ്പോള്‍ വോട്ട് ചെയ്യാനുള്ള പ്രായം എത്തി, എത്ര പേര്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്? ഇപ്പോള്‍ ഉയര്‍ന്ന കൈകളൊക്കെ തിരഞ്ഞെടുപ്പ് സമയത്തും ഉയരണം, ആ കൈകളില്‍ മഷി പുരളുന്നതിനു മുന്‍പ് നാളെ നിങ്ങളെ ആര് ഭരിക്കും എന്ന കൃത്യമായ ചിന്തയും ബോധവും ഉണ്ടാവണം. ഇപ്പോള്‍ നിങ്ങളില്‍ ചിലര്‍ക്ക് സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍, ചിലര്‍ക്ക് സിനിമ, ചിലര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് ഒക്കെയാവും താല്പര്യം. ആ മേഖലകളിലെ അപ്‌ഡേറ്റുകള്‍ അറിയുന്നതിനൊപ്പം നമ്മുടെ നാട്ടില്‍ നടക്കുന്നതിനെ പറ്റിയും അറിയണം. കാരണം വോട്ടവകാശം ഇപ്പോള്‍ നിങ്ങളുടെ കയ്യിലാണ്.

 

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്താല്‍ എല്ലാം ശരിയാവുമോ? ഇല്ല. പടിപടിയായി മാത്രമേ ശരിയാവു. അതിനു വേണ്ട കാര്യങ്ങള്‍ എല്ലാ ദിവസവും ചെയ്യണം. ഗ്രാമത്തില്‍ നിന്ന് വന്നു പഠിക്കുന്ന കുറേപ്പേര്‍ ഇവിടെയുണ്ടാവുമല്ലോ. അവരുടെ ഗ്രാമത്തില്‍ ഗ്രാമസഭ നടക്കുമ്പോള്‍ വിദ്യാഭ്യാസം ഉള്ള കുറച്ചുപേര്‍ ഒന്നും മിണ്ടാതെ കൈകെട്ടി തീപാറുന്ന കണ്ണുകളോടെ നോക്കി നിന്നാല്‍ തന്നെ മതിയാവും. ഒരു ചോദ്യം പോലും ചോദിച്ചില്ലെങ്കിലും നിങ്ങളുടെ ഗ്രാമത്തില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ വന്നതാണ് എന്ന് പറഞ്ഞാല്‍ തന്നെ അവര്‍ ജാഗരൂകരാവും. അതേപോലെ പട്ടണത്തിലുള്ളവര്‍ അവരുടെ ഏരിയ സഭയിലും വാര്‍ഡ് സഭയിലുമൊക്കെ പങ്കെടുത്ത് എന്താണ് നടക്കുന്നത് എന്നറിയണം. എനിക്ക് പറയാന്‍ അറിയുന്നത് ഇതൊക്കെയാണ്. നിങ്ങള്‍ എന്ത് പഠിച്ചാലാണ് നല്ലത് എന്ന് പറഞ്ഞു തരാന്‍ എനിക്കറിയില്ല.  നിങ്ങളെപ്പോലെ ഞാനും നല്ല സിനിമാസ്വദകനാണ്. അതാണ് എന്റെ ആദ്യ അഡ്രസ്സ്. ചോദ്യങ്ങള്‍ ചോദിക്കണം. മുഖം കാണിക്കാതെ സമൂഹമാധ്യമത്തില്‍ തോന്നുന്നതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യാം. പക്ഷെ അതല്ല, നാലാളു കൂടുന്നിടത്ത് ധൈര്യമായി, നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ ശീലിക്കണം.

 

കലയും കച്ചവടവും

 

കച്ചവടവും കലയും രണ്ടാണ്. കച്ചവടത്തിന് മുന്‍തൂക്കം നല്‍കിയാല്‍ കലാമൂല്യം കുറയും. കലയ്ക്ക് പ്രാധാന്യം കൊടുത്താല്‍ കച്ചവടസാധ്യത തള്ളിക്കളയേണ്ടി വരും. ഇതിനു രണ്ടിനും നടുവില്‍ നിന്ന് സിനിമ ചെയ്യാന്‍ പറ്റില്ല എന്ന് പലരും പറഞ്ഞു. പക്ഷേ പറ്റും എന്നതിനു പല തെളിവുകളുമുണ്ട്. 1950കളില്‍ വന്ന ഇന്ത്യന്‍ സിനിമകള്‍ പരിശോധിച്ചാല്‍ അവയെ എന്ത് വിഭാഗത്തില്‍ പെടുത്തും? വാണിജ്യസിനിമകളോ അതോ കലാമൂല്യമുള്ള സിനിമകളോ? ആ ബാലന്‍സ് അവരില്‍ നിന്നാണ് കൈമാറി ഞങ്ങളിലെത്തിയത്. ആ ബാലന്‍സ് പുതിയ തലമുറയും പഠിച്ചാല്‍ ആ പാരമ്പര്യം തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന വ്യക്തിത്വം

 

ഗാന്ധിജി തിരിച്ചു വന്നാല്‍ നന്നായിരിക്കും എന്ന് പലരും പറയാറുണ്ട്. പക്ഷേ പോയവരൊന്നും തിരിച്ചുവരില്ലല്ലോ. എന്നാല്‍, അവര്‍ അവശേഷിപ്പിച്ചു പോയ ചിന്തകള്‍, തത്വങ്ങള്‍ ഒക്കെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് ഇന്നുള്ളവരുടെ സ്വത്വം.. ഗാന്ധിജിയെപ്പോലെ ഒരാള്‍ വരണം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയും തത്വങ്ങളും പിന്തുടരാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അത് അസാധ്യവുമല്ല. ആ ധൈര്യം നിങ്ങളില്‍ ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം. അതാണ് ഇന്നിന്റെ ആവശ്യവും!

 

ജീവിതത്തില്‍ പണത്തിന്റെ പ്രാധാന്യം

 

താടി വയ്ക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ അത് നിങ്ങള്‍ ബ്ലെയ്ഡിനോടല്ല ചോദിക്കേണ്ടത്. ബ്ലെയ്ഡ് വെറും ഉപകരണമാണ്. അതുപോലെയാണ് പണവും. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനുള്ള ഒരു ഉപകരണം മാത്രമാണ്. അതിനു മുകളില്‍ പണം ഒന്നുമല്ല.

 

ഇനി ഒരു കമലാഹാസന്‍ ഉണ്ടാകുമോ?

 

40 ലക്ഷ്യം ബീജങ്ങളില്‍ നിന്ന് ജയിച്ച് വന്നതാണ് ഓരോ മനുഷ്യനും. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും ഉലകനായകന്മാരാണ്. എല്ലാവര്‍ക്കും അവരുടെതായ ഡിഎന്‍എ ഉണ്ട്. ശരീരം, നമ്മുടെ കൈരേഖ എന്നൊക്കെ പറയുന്നത് വെറും അടയാള്‍ മാത്രമാണ്. ആത്മധൈര്യം എന്നും നമ്മളിലുണ്ടെങ്കില്‍ ലോകത്തില്‍ ഒന്നിനും നമ്മെ തകര്‍ക്കാന്‍ ആവില്ല. മറ്റൊരു കമല്‍ഹാസന്‍ ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ ഇത്രയും പേര് എന്റെ സിനിമ കാണുന്നുണ്ട്. ആ ചിന്തയില്‍ എനിക്ക് നല്ലത് ചെയ്യാന്‍ ആത്മവിശ്വാസവും ഉണ്ടാവും. നിങ്ങള്‍ എന്നെ കാണുന്നതുകൊണ്ട് സിനിമയില്‍ നിന്ന് എനിക്ക് വരുമാനവും ഉണ്ടാകും. പക്ഷെ എന്നെപോലെ ആവണം എന്ന് നിങ്ങള്‍ ആഗ്രഹിക്കാന്‍ പാടില്ല. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ എനിക്ക് വഴികാട്ടി ആയത് ശിവാജി ഗണേശന്‍ സാറാണ്. ഞാന്‍ നിങ്ങള്‍ക്ക് ഇന്ന് എന്തെങ്കിലും പറഞ്ഞു തരുന്നത് എനിക്ക് ശിവാജി ഗണേശനെ പോലെ ആവണം എന്നതുകൊണ്ടല്ല, ഇനിയൊരു ശിവാജി ഗണേശന്‍ ഉണ്ടാവും എന്നും എനിക്ക് തോന്നലില്ല. ഞാന്‍ നിങ്ങള്‍ക്ക് എനിക്കറിയാവുന്നത് പറഞ്ഞു തരും. അത്കൊണ്ട് എന്നെപ്പോലെ ആവണം എന്നല്ല നിങ്ങള്‍ ആഗ്രഹിക്കേണ്ടത്, എന്തെങ്കിലും ആയാല്‍ ഇത്‌പോലെ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കണം എന്ന് മാത്രമാണ്.

 

ആത്മഹത്യ പെരുകുന്ന സമൂഹം

 

മരിച്ചുകളയാം എന്ന് എനിക്കും തോന്നിയിട്ടുണ്ട്. നമുക്കൊക്കെ നമ്മളെപ്പറ്റി അമിതമായ ചില വിശ്വാസങ്ങള്‍ കാണുമല്ലോ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നമ്മള്‍ തന്നെ അങ്ങനെ ചില തീരുമാനങ്ങളിലേക്ക് എത്തുകയാണ്.  ഇരുപത് വയസ്സുള്ള സമയത്ത് സിനിമയില്‍ അഭിനയിക്കുമ്പോള്‍  എന്നെപ്പോലെ ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്യാം, അപ്പോള്‍ എല്ലാവരും എന്നെ ശ്രദ്ധിക്കുമല്ലോ എന്നൊക്കെയാണ് അന്ന് തോന്നിയത്.

 

അനന്തു എന്ന് പറയുന്നൊരു സിനിമ സുഹൃത്തുണ്ട് അന്ന്. എന്റെ ചിന്തകളൊക്കെ കേട്ട് അവന്‍ അന്ന് ചൂടായി. ‘പോടാ മണ്ടാ, നീ ജീനിയസ് ആണെങ്കില്‍ ഞാനപ്പോ എന്താടാ? നിന്നെക്കാള്‍ എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു, എന്നിട്ട് എന്നെ ആരും ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ. സമയമാകുമ്പോള്‍ എല്ലാം കൃത്യമായി നടക്കും’ എന്ന് അവന്‍ പറഞ്ഞു. അതാണ് ശരി എന്ന് എനിക്കും തോന്നി. ഞാന്‍ തന്നെ ഇങ്ങനെ ചിന്തിച്ച ഒരാള്‍ ആയതുകൊണ്ട് ഇതിനെപ്പറ്റി ഉപദേശം തരാന്‍ ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. കൊലപാതകം പാപമാണെങ്കില്‍ അതില്‍ ഒട്ടും കുറയാത്ത പാപമാണ് ആത്മഹത്യയും. മറ്റൊരാളുടെ കുഞ്ഞിനെ കൊല്ലുന്നത് കുറ്റമാണെങ്കില്‍ നമ്മുടെ മാതാപിതാക്കളുടെ കുഞ്ഞിനെ കൊല്ലുന്നതും തെറ്റല്ലേ? ആ കുറ്റം ആരും ചെയ്യരുത്. എപ്പോഴും ഇരുട്ടായിരിക്കില്ല, എപ്പോഴെങ്കിലും വെളിച്ചത്തിനു വന്നേ പറ്റൂ. അതുവരെ അല്‍പ്പം ക്ഷമയോടെ കാത്തിരിക്കൂ. ഇനി ഇരുട്ടിനെ നിങ്ങള്‍ക്ക് പേടിയാണെങ്കില്‍, അതിനെ പ്രകാശമാക്കാന്‍ സ്വപ്നങ്ങള്‍ കാണൂ. ചില സ്വപ്നങ്ങളൊക്കെ സത്യമാവും. ഇനി അവ നടന്നില്ലെങ്കില്‍ അടുത്ത പ്ലാന്‍ എന്താണെന്നു ചിന്തിക്കണം. മരണം എന്നാണെങ്കിലും സംഭവിക്കും, എന്തിനാണ് ധൃതി?

 

വനിത സംവരണം

 

എന്റെ വീട് നോക്കിയത് എന്റെ അമ്മയാണ്. അച്ഛന്‍ സമ്പാദിക്കുന്ന പണത്തിന്റെ ഒരു പങ്ക് എണ്ണിപോലും നോക്കാതെ അമ്മയ്ക്ക് കൊടുത്തിട്ട് പോകും. അത് എല്ലാ ആവശ്യങ്ങള്‍ക്കും തികയുമോ എന്ന് പോലും ചോദിക്കാറില്ല.  ആ പണം വച്ച്, ഒരു വീട് പുലര്‍ത്തിയതും മക്കളെ പഠിപ്പിച്ചതും വയസ്സുകാലത്ത് അച്ഛന് കൂട്ടായതും ഒക്കെ അമ്മയാണ്. ഒരു വീട്ടില്‍ ഒരു സ്ത്രീക്ക് അത്രയും ചെയ്യാന്‍ പറ്റുമെങ്കില്‍ ഒരു നാടിനു വേണ്ടി അവര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും? അവരുടെ സേവനങ്ങള്‍ക്കുള്ള ബഹുമാനം മാതൃദിനത്തില്‍  ആശംസകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അവര്‍ക്കും കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കണം. എന്റെ അമ്മയ്ക്ക് ആ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. എന്റെ അമ്മൂമ്മ വിധവയായപ്പോള്‍ മുടി മൊട്ടയടിച്ചു. അത് അന്നത്തെ രീതിയാണ്. അവരുടെ ഇരുപത്തിയെട്ടാം വയസ്സ് മുതല്‍ എനിക്ക് ഓര്‍മയുള്ള കാലം വരെയും അവര്‍ മൊട്ടയായിരുന്നു. അവര്‍ ജീവിച്ച കാലത്താണ് ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുന്നത്. അപ്പോള്‍  അമ്മൂമ്മ ചിന്തിച്ചത് എന്താവും എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. 'കാലം എന്നെ പറ്റിക്കുകയായിരുന്നില്ലേ? എന്നെപ്പോലെ ഒരു പെണ്ണ് ഇന്ന് നാട് ഭരിക്കുന്നു...' ഇങ്ങനെ അമ്മൂമ്മ സങ്കടപ്പെട്ടുകാണില്ലേ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. 'നിന്റെ മകള്‍ക്ക് ആ ഗതി വരാതെ നീ നോക്ക്, കഴിഞ്ഞതോര്‍ത്ത് സങ്കടപ്പെടണ്ട' എന്നാണ് അമ്മ മറുപടി തന്നത്. ഇന്ന് വനിതാ സംവരണത്തെക്കുറിച്ച്  കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്, അഭിമാനമുണ്ട്. എങ്കിലും ആശങ്ക ഉള്ളത്, മുപ്പത്തിമൂന്നു ശതമാനത്തില്‍ എത്ര ശതമാനം ശരിക്കും സ്ത്രീ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കും എന്നത് മാത്രമാണ്. സ്ത്രീകളെ പിറകില്‍ നിന്ന് നയിക്കുന്നത് പുരുഷന്മാരായാല്‍ അവിടെ സ്ത്രീക്ക് എന്ത് സ്വാതന്ത്ര്യമാണ്? അങ്ങനെ ആയാല്‍ ആ സംവരണത്തിന് അർഥമില്ലാതെയാവും. പൂര്‍ണമായ സ്ത്രീസ്വാതന്ത്ര്യമാണെങ്കില്‍ മുപ്പതു ശതമാനം ആയാലും ധാരാളമാണ്! അതില്‍ മുഴുവന്‍ അധികാരവും സ്ത്രീകള്‍ക്ക് നല്‍കിയാല്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com