ADVERTISEMENT

മലയാളി മറക്കാത്ത പെരുമഴക്കാലത്തിനെ മികച്ച തിയറ്റർ അനുഭവമാക്കി മാറ്റിയ 2018 എന്ന സിനിമ അതിരുകൾ കട‌ന്നും പായുകയാണ്. കേരളം കണ്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ സിനിമ ‘2018– എവരിവൺ ഈസ് എ ഹീറോ’ വിദേശഭാഷാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായതു കഴിഞ്ഞ ദിവസമാണ്. ബോക്സ് ഓഫിസ് വിജയത്തിൽ നൂറുകോടി ക്ലബ്ബും പിന്നിട്ടു കുതിച്ച സിനിമ,  നേട്ടത്തിലേക്കു കടക്കുമ്പോൾ സംവിധായകൻ ജൂഡ് പുതിയ സിനിമകളുടെ പണിപ്പുരയിലാണ്. 

 

ഓസ്കർ നോമിനേഷൻ 2018 എന്ന സിനിമയുടെ ലക്ഷ്യമായിരുന്നോ? 

 

ഓസ്കറിനെപ്പറ്റി ഇടയ്ക്ക് 2018ന്റെ നിർമാതാക്കളിൽ ഒരാൾ സൂചിപ്പിച്ചിരുന്നു. ‘ആർആർആർ’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിട്ടല്ല ഓസ്കറിൽ പോയത്. യുഎസിൽ റിലീസ് ചെയ്തു നേരിട്ടു പോയതാണ്.ആർആർആറിന് ഔദ്യോഗിക എൻട്രി കിട്ടാതിരുന്നതിനാലാണ് അവർ മറ്റു വഴിക്കു നീങ്ങിയത്. 2018നെ സംബന്ധിച്ച് ഇനി അതിന്റെ ആവശ്യമില്ലല്ലോ... ഓസ്കർ‌ വേദിയിലേക്കുള്ള വഴിയിൽ ഇനിയെന്ത് എന്ന കാര്യത്തിൽ എനിക്കു കൃത്യമായ ധാരണയില്ല. അതിനെക്കുറിച്ച് അറിയാവുന്നവരുമായി സംസാരിക്കുന്നുണ്ട്. 

 

കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങൾ ‘2018’ന് അനുകൂല ഘടകമായോ ?

 

2018 സിനിമയുടെ എഴുത്തിന്റെ തുടക്കത്തിൽ, ദുരന്തനിവാരണ മേഖലയിലെ വിദഗ്ധൻ മുരളി തുമ്മാരുകുടിയെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. ആ സമയം എനിക്കു പ്രളയത്തെക്കുറിച്ചുള്ള സംശയങ്ങൾ ഏറെയായിരുന്നു. മനുഷ്യർ പ്രകൃതിയോടു ചെയ്യുന്നതിനെല്ലാം കിട്ടിയ തിരിച്ചടിയാണോ, അത്തരത്തിൽ ലോകത്ത് എവിടെയെല്ലാം സംഭവിച്ചിട്ടുണ്ട് എന്നെല്ലാമാണു ചിന്ത. സിനിമ ആ വഴിക്ക് അവതരിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. പക്ഷേ, പ്രകൃതിതന്നെ എല്ലാം മാറ്റിമറിക്കുന്നുണ്ടെന്നതു സിനിമയിൽ പറയുന്നുണ്ട്. കാലാവസ്ഥ, പ്രകൃതി, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ തുടങ്ങിയവ സിനിമയിൽ പറയുന്നുണ്ട്. തമിഴ്നാട്ടിലെ ജലദൗർലഭ്യമെല്ലാം കടന്നുവരുന്നത് അത്തരത്തിലാണ്. സിനിമയുടെ പല റിവ്യൂകൾ വായിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങൾ ആരും പറഞ്ഞുകേട്ടിരുന്നില്ല. ഫിലിം ഫെഡറേഷൻ സമിതിയംഗങ്ങൾ ആ വിഷയങ്ങൾ സൂചിപ്പിച്ചതും ചർച്ചയായതും സന്തോഷം. 

 

2018 സിനിമ കൂടുതൽ ചർച്ചയായതു കേരളത്തിലോ പുറത്തോ ? 

 

കേരളത്തിൽ സിനിമ കണ്ട് ഏറെപ്പേർ നല്ല അഭിപ്രായം അറിയിച്ചു. എന്നാൽ, ക്രിയേറ്റിവ് പ്രോഡക്ട് എന്ന നിലയിൽ സിനിമയെക്കുറിച്ചു കൂടുതൽ ചോദ്യങ്ങൾ വന്നതും അറിയാൻ ഏറെപ്പേർ താൽപര്യം കാണിച്ചതും തെലുങ്കിൽ നിന്നാണ്. പിന്നെ, ഹിന്ദി, തമിഴ് സിനിമാ മേഖലയിൽ നിന്നും. തെലുങ്കിലേക്കു ഡബ് ചെയ്തു ഹൈദരാബാദിൽ പ്രദർശിപ്പിച്ച ആദ്യ ഷോയ്ക്ക് ഞാനും പോയിരുന്നു. അന്നു സിനിമ, മാധ്യമ രംഗങ്ങളിലുള്ളവർ കൂടുതലും ചോദിച്ചതു സിനിമയുടെ ക്രിയേറ്റിവ് മേഖലകളെക്കുറിച്ചാണ്. ഇവിടെ അത്തരം ചർച്ച അധികം ഉണ്ടായില്ല. 

 

രജനീകാന്ത് സാറിന്റെ മകൾ സൗന്ദര്യ വിളിച്ചിരുന്നു, ‘അപ്പയ്ക്ക് 2018 ഇഷ്ടപ്പെട്ടു. നിങ്ങളെ കാണണമെന്ന് അറിയിച്ചു’ എന്നു പറഞ്ഞു. കമൽഹാസൻ സാറിനെ നേരിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റേതും നല്ല വാക്കുകളായിരുന്നു. ആമിർ ഖാൻ നല്ല അഭിപ്രായം പറഞ്ഞെന്ന് അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ കമ്പനി അറിയിച്ചു. നമ്മുടെ സിനിമ അത്ര വലിയ റിലീസ് അല്ലാതിരുന്നിട്ടും ഇവരെല്ലാം കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമകളുടെ കണ്ടന്റ്, സിനിമയിലെ പുതിയ കാര്യങ്ങൾ ഇതെല്ലാം അവർ കൃത്യമായി നോക്കുന്നുണ്ട്. 2018 സിനിമയുടെ ബജറ്റ് അറിഞ്ഞപ്പോൾ മറ്റു ഭാഷകളിലെ നിർമാതാക്കൾ ഞെട്ടി. ഇതേ സിനിമ അവരുടെ ഭാഷയിൽ എടുത്താൽ ആ ബജറ്റ് പലയിരട്ടിയാകുമെന്നാണു പറഞ്ഞത്. കുറഞ്ഞ സമയത്തിനകം ഒതുങ്ങിയ ബജറ്റിൽ ഗംഭീര സിനിമ കൊടുക്കുകയെന്നതു മലയാളി സംവിധായകരുടെ മികവാണ്. പ്രിയദർശൻ സാറിനെ പോലുള്ളവർ ഇതര ഭാഷകളിൽ മുൻപേ ഒരുക്കിയിട്ട അത്തരം പാതയുണ്ട്. റഷ്യൻ, ചൈനീസ് ഭാഷകളിൽ 2018 റീമേക്ക് ചെയ്യുന്നതിനുള്ള ചർച്ചകൾ സജീവമാണ്. 

 

ഇനി സംവിധാനം ബിഗ് ബജറ്റ് സിനിമകൾ മാത്രമാണോ ? 

 

ഞാൻ അനുഭവിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർത്തുവച്ചാണ് 2018 ചെയ്തത്. അങ്ങനെ അതു വലിയ സിനിമയായി മാറിയതാണ്. നല്ല കഥകളിൽ ഇനിയും സിനിമ ചെയ്യണം. അതിൽ വലുതും ചെറുതുമായ സിനിമകളുമുണ്ട്. മറ്റു ഭാഷകളിൽ നിന്നു, പ്രത്യേകിച്ച് തെലുങ്കിൽ നിന്ന് സിനിമ ചെയ്യാൻ ക്ഷണമുണ്ട്. പുതിയ സിനിമയുടെ കഥകളുമായി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ ചർച്ചകൾ സജീവമാണ്. ഏതാണ് ആദ്യം നടക്കുന്നതെന്ന് അറിയില്ല. മറ്റു ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ പുതിയ സാങ്കേതിക സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താമെന്ന സൗകര്യമുണ്ട്. കടൽ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണു തമിഴിൽ ചർച്ചയിലുള്ളത്. മൾട്ടി സ്റ്റാർ പടമാണ്. ആ സർവൈവൽ ത്രില്ലർ സിനിമയുടെ എഴുത്തിനു സമയമെടുക്കും. അതിനു മുൻപ്, കുറഞ്ഞ സമയത്തിൽ തീർക്കാവുന്ന ഒരു സിനിമ തെലുങ്കിൽ ചെയ്യാനുള്ള ശ്രമത്തിലാണ്.

 

 

 

‘ലോകം ശ്രദ്ധിക്കണം’: രവി കൊട്ടാരക്കര (സിനിമ  നിർമാതാവ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്)

 

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി 2018 എന്ന സിനിമ വന്നതോടെ ഇനി അതിന്റെ പിന്നണിയിലുള്ളവർ ശ്രദ്ധിക്കേണ്ടത് ആ സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന രീതിയിൽ അവതരിപ്പിക്കാനാണ്. 70–80 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ മത്സരിക്കാനുണ്ടാകും. അതിൽ നിന്നു മികച്ച 15 സിനിമകളാണു കമ്മിറ്റി തിരഞ്ഞെടുക്കുക. അതിൽ 5 സിനിമകൾക്കാണു നോമിനേഷൻ ലഭിക്കുന്നത്. 2018 എന്ന സിനിമ മലയാളികൾക്കാണു 2018ലെ പ്രളയം പറയുന്ന സിനിമ. രാജ്യാന്തര വേദികളിൽ അതു കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമയാകണം. രാജ്യാന്തര സമൂഹം ഇത്തരം വിഷയങ്ങൾ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ‘സേവ് ദ് വേൾഡ്, സേവ് ദ് മാൻകൈൻഡ്’ എന്ന ലേബലിലാണ് 2018 അവതരിപ്പിക്കേണ്ടത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com