ADVERTISEMENT

‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ ആദ്യം നായികയാകേണ്ടിയിരുന്നത് സായി പല്ലവി. ‘പ്രേമ’ത്തിനു ശേഷം സായി പല്ലവി കരാ‍ർ ഒപ്പിട്ട സിനിമ കൂടിയായിരുന്നു ഇത്. എന്നാൽ അവസാന നിമിഷം തന്റെ പഠനത്തിന്റെ ഭാഗമായി വിദേശത്ത് പരീക്ഷ എഴുതാൻ പോകേണ്ടി വന്നതിനാൽ ആ വേഷം നഷ്ടപ്പെടുകയായിരുന്നു. നിർമാതാവ് സന്തോഷ് ടി. കുരുവിളയാണ് സില്ലി മോങ്ക്സിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

 

‘‘മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അല്ലായിരുന്നു ആദ്യ നായിക. ഞാൻ ആദ്യം അഡ്വാൻസ് ചെക്ക് നൽകിയത് സായ് പല്ലവിക്കാണ്. അൻവർ റഷീദ് പുള്ളിയുടെ പടം കഴിഞ്ഞ ശേഷം (പ്രേമം), നല്ല നടിയാണ് കയ്യോടെ അഡ്വാൻസ് കൊടുത്തോളു എന്ന് എന്നോട് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റർനാഷനൽ ഹോട്ടലിന്റെ മുന്നിൽ വെ‍ച്ച് ചെക്കെഴുതി ഞാൻ കൊടുക്കുന്നത്. എനിക്കൊപ്പം ആഷിഖ് അബുവും ഉണ്ടായിരുന്നു.

 

അൻവറിന്റെ പടം വലിയ ഹിറ്റായി. പക്ഷേ ആ കുട്ടിക്ക് എന്തോ പരീക്ഷയോ മറ്റോ ആയിട്ട് ജോർജിയയിൽ ആയിപ്പോയി. നമുക്ക് സിനിമ നീട്ടി വയ്ക്കാൻ യാതൊരു താല്പര്യവും ഇല്ലാത്തത് കൊണ്ട് പിന്നീട് നമ്മൾ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവരിപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങിച്ചു.’’– സന്തോഷ് ടി കുരുവിള പറഞ്ഞു.

 

മായാനദിയിലും ആദ്യം തീരുമാനിച്ചിരുന്നത് ഒരു പുതുമുഖ നായികയെ ആയിരുന്നുവെന്നും സന്തോഷ് ടി. കുരുവിള പറയുകയുണ്ടായി.

 

‘‘മായനദിയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെയാണ്. ആ കുട്ടിക്ക് കോസ്റ്റ്യൂം നൽകിയപ്പോൾ സ്ലീവ്‌ലെസ് ഇടാൻ കഴിയില്ലെന്ന് പറഞ്ഞു. ആ ചിത്രത്തിൽ ഐശ്വര്യയുടെ വസ്ത്രം കൂടുതൽ സ്ലീവ്‌ലെസ് വസ്ത്രങ്ങളാണ്. അങ്ങനെ ആ കുട്ടി പല മുടക്കുകളും പറഞ്ഞത് കൊണ്ടാണ് ആ കുട്ടിയെ മാറ്റി ഐശ്വര്യ ലക്ഷ്മിയെ ഇതിലേക്ക് കൊണ്ടുവന്നത്.’’ 

 

ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ കാസ്റ്റിങ് മാറിയതിനെ കുറിച്ചും സന്തോഷ് ടി കുരുവിള അഭിമുഖത്തിൽ സംസാരിച്ചു. ‘‘ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ മജിസ്‌ട്രേറ്റ് ആകേണ്ടിയിരുന്നത് വിനയ് ഫോർട്ടാണ്. വിനയ് ഫോർട്ടിന്റെ ഡേറ്റ് ഞങ്ങൾ വാങ്ങിയതാണ്. എന്നാൽ സിനിമയുടെ പ്രീ ഷൂട്ടിൽ കുഞ്ഞികൃഷ്ണൻ മാഷ് നന്നായി ചെയ്തതുകൊണ്ട് അദ്ദേഹത്തിന് തന്നെ ആ വേഷം നൽകുകയായിരുന്നു. രാജേഷ് മാധവൻ ചെയ്ത റോൾ ചെയ്യാഞ്ഞിരുന്നത് സൈജു കുറുപ്പാണ്. ടീച്ചറുടെ റോൾ ചെയ്യാൻ ഇരുന്നത് ഗ്രേസ് ആന്റണിയും മന്ത്രിയുടെ വേഷത്തിൽ ജാഫർ ഇടുക്കി ആയിരുന്നു വരേണ്ടിയിരുന്നത്. പ്രീ ഷൂട്ടിൽ ഇവരൊക്കെ നന്നായി ചെയ്തതോടെ ഒരുപാട് മാറ്റങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരുത്തിയതാണ്. സിനിമ പ്രീഷൂട്ട് ചെയ്ത് വന്നപ്പോൾ അൽപം സമയം എടുത്തു. ഇതോടെ പലരുടെയും ഡേറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി. പിന്നീട് ആ ഡേറ്റിലേക്ക് ഇവരെയൊക്കെ കൊണ്ടുവരാൻ നമ്മൾ പരിശ്രമിച്ചില്ല എന്നതും വാസ്തവമാണ്.’’– സന്തോഷ് ടി. കുരുവിള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com