ADVERTISEMENT

ശ്രീദേവിയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഭർ‌ത്താവ് ബോണി കപൂർ. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തിയത്. ശരീരത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ തൽപരയായിരുന്നു ശ്രീദേവി. അതുകൊണ്ടുതന്നെ സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാർഥത്തിൽ അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്ന് ബോണി കപൂർ പറയുന്നു. ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം നടി പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശ്രീദേവി മരിച്ച ദിവസം ഒപ്പമുണ്ടായിരുന്ന ബോണി കപൂര്‍, അവരുടെ മരണകാരണത്തെപ്പറ്റി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

‘‘അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 48 മണിക്കൂർ വരെ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. വാസ്തവത്തിൽ, മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോടു പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ, ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു.’’– ബോണി കപൂർ പറഞ്ഞു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി വീട്ടിൽ വന്ന നടൻ നാഗാർജുന തന്നോടു പറഞ്ഞ കാര്യവും ബോണി കപൂർ വെളിപ്പെടുത്തി.

“പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്ക്രീനിൽ തന്നെ നന്നായി കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയത്തും രണ്ടു മൂന്നു തവണ അവൾക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്രഷർ താഴുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ആഹാരത്തിൽ ഉപ്പ് ഉൾപ്പെടുത്തണമെന്ന് ഉപദേശിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾ ഇതൊന്നും ഗൗരവമായി എടുത്തില്ല. അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി.

ശ്രീദേവിയുടെ മരണം തികച്ചും നിർഭാഗ്യകരമായിരുന്നു. അവൾ അന്തരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ നടൻ നാഗാർജുന വീട്ടിൽ വന്നിരുന്നു. അവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ അവൾ ക്രാഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെ അവൾ കുളിമുറിയിൽ വീണു പല്ല് പൊട്ടിയെന്നും അദ്ദേഹം എന്നോട് പറഞ്ഞു’’. ബോണി കപൂർ പറഞ്ഞു.

2018 ലാണ് ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചിലർ ആരോപിച്ചിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു കാര്യവും ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല. ബോണിയുടെ മൗനവും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ഇപ്പോൾ ശ്രീദേവിയുടെ മരണ കാരണത്തെപ്പറ്റി ബോണി പറഞ്ഞത് ചർച്ചയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT