ADVERTISEMENT

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

 

കോവിഡ് മൂലം കഴിഞ്ഞ 3 വർഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ്.

 

അലിവിന്റെ അമ്മ: മോഹൻലാൽ

 

മാതാ അമൃതാനന്ദമയി അമ്മയെ ഞാൻ ആദ്യം കാണുന്നത് എന്റെ 12–ാം വയസ്സിലാണ്. അന്ന് പൂർവാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടിൽ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കുമുണ്ടായിരുന്നു. അന്നു വളരെ കുറച്ചു പേരേ അമ്മയെ കാണാൻ എത്തിയിരുന്നുള്ളൂ. 

 

അമ്മയെ എന്നിലേക്ക് അടുപ്പിച്ചത് എന്തോ എനർജിയാണ്. അതു പറഞ്ഞു മനസ്സിലാക്കാനാകില്ല. പുഴയിലൂടെ ഒഴുകിവരുന്ന വെള്ളാരംകല്ലുകൾ വർഷങ്ങൾ ഒഴുകിയ ശേഷമാണത്രേ ഉരുണ്ട് മനോഹരമായ കല്ലുകളാകുക. ചിലപ്പോൾ അത് അതീവ പവിത്രമായ സാളഗ്രാമങ്ങളാകും. അമ്മയുടെ ജന്മവും അതുപോലെയാണെന്നു ഞാൻ വിശ്വസിക്കുന്നു. എത്രയോ ജന്മങ്ങളിലൂടെ ഒഴുകി ഇവിടെയെത്തിയൊരു അതീവ പവിത്രമായ സാളഗ്രാമം. അമ്മയും ഗുരുവും വെവ്വേറെയാണെന്നു ഞാൻ കരുതുന്നില്ല.

 

അമ്മയ്ക്കും വല്യമ്മമാർക്കും മുത്തശ്ശിമാർക്കുമൊപ്പം കഥ കേട്ടു വളർന്നതാണ് എന്റെ കുട്ടിക്കാലം. അവർ പറഞ്ഞ കഥകളിലെ നായകന്മാരാണ് എന്റെ ജീവിതത്തിലെ നായകന്മാരും വഴികാട്ടികളുമായത്. ജീവിതത്തെ ആ കഥാപാത്രങ്ങൾ നേരിട്ടതു പോലെയാകാം ഞാനും നേരിട്ടത്. മാതാ അമൃതാനന്ദമയി എനിക്കിന്നും കഥയിലൂടെ ജീവിതത്തിനു വഴികാട്ടുന്ന വെളിച്ചമാണ്. ജീവിതത്തിലെ എത്രയോ പ്രതിസന്ധികളിൽ ഞാ‍ൻ ആശ്രയിച്ചത് അമ്മയുടെ വാക്കുകളാണ്. ഇതിനെല്ലാം വല്ല ശാസ്ത്രീയ അടിസ്ഥാനവും ഉണ്ടോ എന്നു ചോദിച്ചാൽ, നാം ചിലപ്പോൾ ആശ്രയിക്കേണ്ടത് അടിസ്ഥാനങ്ങളെയല്ല, അനുഭവങ്ങളെയാണ് എന്നു ഞാൻ പറയും. എന്നെ അമ്മയിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അതു ഞാൻ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല. 

 

എന്റെ അമ്മ ഇന്നും എന്റെ കൂടെയുള്ളത് അമൃത എന്ന ആശുപത്രി ഉള്ളതുകൊണ്ടാണ്. സത്യത്തിൽ അമ്മയെ അവിടെവച്ചു തിരിച്ചുകിട്ടുകയായിരുന്നു. അതിനു കാരണമായ പുണ്യത്തെ ഞാൻ സ്നേഹിക്കുന്നതിൽ എനിക്കൊരു തെറ്റും തോന്നുന്നില്ല. ലക്ഷക്കണക്കിനാളുകളുടെ മനസ്സിൽ അമൃതാനന്ദമയിയുടെ രൂപം തെളിയുന്നതിന് ഒരു കാരണം ആ ആശുപത്രിയാണ്. എത്രയോ പേർക്ക് അതു ക്ഷേത്രംപോലെ പവിത്രമാണ്. കാരണം, അവരുടെ അനുഭവം അവരെ അതു പഠിപ്പിക്കുന്നു. തെറ്റുകളും കുറവുകളും അന്വേഷിച്ചു പോകുന്നവർക്ക് അത് എവിടെയും കണ്ടെത്താനാകും. എന്നാൽ, അതിന്റെ മറുവശത്ത് ഈ കാരുണ്യസ്പർശം അറിഞ്ഞ ലക്ഷക്കണക്കിനാളുകളുടെ കടലുണ്ടെന്നു നാം ഓർക്കണം. സൂനാമിയും പ്രളയവും വന്നപ്പോൾ അമ്മ കോടിക്കണക്കിനു രൂപയാണ് അവർക്കു സഹായമായി നൽകിയത്. എത്രയോ പേർ ആ വീടുകളിൽ സന്തോഷത്തോടെ അന്തിയുറങ്ങുന്നു. അങ്ങനെ ഒരു പവിത്രമായ മനസ്സിവിടെ ഉണ്ടായി എന്നതാണു നാം കാണേണ്ടത്. 

 

എന്റെ എത്രയോ സംശയങ്ങൾക്കു ഞാൻ ഉത്തരം കണ്ടെത്തിയത് അമ്മയിൽനിന്നാണ്. സംസ്കൃതം പഠിക്കാത്ത ഞാൻ എങ്ങനെയാണു 2 മണിക്കൂർ ഇടവേളയില്ലാതെ ലൈവായി സ്റ്റേജിൽ സംസ്കൃത നാടകം അഭിനയിച്ചത്. സംസ്കൃത പണ്ഡിതർ നിറഞ്ഞ സദസ്സായിരുന്നു അത്. ഒരിക്കൽപോലും പിഴച്ചില്ലെന്ന് അവർ പറഞ്ഞു. എനിക്കു നാടകം ചെയ്തു വലിയ പരിചയവുമില്ല. കഥകളി അറിയാത്ത ഞാൻ എങ്ങനെയാണു കഥകളിനടന്റെ സൂക്ഷ്മമായ ചലനങ്ങൾ സ്വന്തമാക്കി അഭിനയിച്ചത്. 

 

ഇതെല്ലാം എന്റേതല്ലാത്ത ഏതോ ശക്തി കൊണ്ടാണ്. നമ്മെ വിട്ടുപോയ എത്രയോ ഗുരുക്കന്മാരുടെ പോസിറ്റീവ് എനർജി ഇവിടെയെല്ലാമുണ്ട്. അതു ഞാൻ കണ്ടെത്തുന്നുണ്ടാകാം. മാതാ അമൃതാനന്ദമയിയിലെ പോസിറ്റീവ് എനർജി ഞാൻ കണ്ടെത്തുന്നത് ഈ ഗുരുകൃപാ കടാക്ഷം കൊണ്ടാണ്. ഗുരുക്കന്മാർ എന്നെ അനുഗ്രഹിക്കുന്നതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് അമ്മയെന്നതു ഗുരുകൃപയാണ്. എല്ലാ ഇരുട്ടിലും എന്നെ നയിക്കുന്നൊരു കാരുണ്യത്തിന്റെ വെളിച്ചം. എന്റെ കൈകൾ അമ്മ ചേർത്തുപിടിക്കുമ്പോൾ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നതായി അനുഭവപ്പെടാറുണ്ട്. അത്തരം എത്രയോ ഗുരുക്കന്മാരുടെ വെളിച്ചമാണ് എന്നെ ഇവിടെ നിർത്തുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com