ADVERTISEMENT

ഡാര്‍ക്ക് ക്രൈം മൂഡിലാണ് ലിയോ ഒരുങ്ങുന്നതെന്നും ഞെട്ടിക്കുന്ന ഫൈറ്റുകളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ ലോകേഷ് കനകരാജ്.  ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഫൈറ്റ് സീന്‍ ചിത്രീകരിച്ച ശേഷം, കരിയറില്‍ ഇതുവരെ ഇത്രയും കഷ്ടപ്പെട്ട് ചെയ്ത ഒരു ഫൈറ്റ് സീനും ഉണ്ടായിട്ടില്ലെന്ന് വിജയ് പറഞ്ഞെന്നും സംവിധായകന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലിയോയുടെ വിശേഷങ്ങള്‍ ലോകേഷ് കനകരാജ് പങ്കുവച്ചത്.

ട്രെയിലർ ആദ്യമായി കണ്ടത്

ചിത്രത്തിന്റെ ട്രെയിലർ ആദ്യമായി കാണിച്ചത് വിജയ് അണ്ണനെ ആണ്. അദ്ദേഹം മൂന്നു തവണ അത് ആവര്‍ത്തിച്ചു കണ്ടു. നന്നായിട്ടുണ്ടെന്നു പറഞ്ഞു. ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ നാല്‍പത്തിമൂന്നു മിനിറ്റാണ്. അതിന്റെ ഒരു മിനി വേര്‍ഷനായാണ് ട്രെയിലറില്‍ 2 മിനിറ്റ് 42 സെക്കൻഡിൽ ചെയ്തിട്ടുള്ളത്. തിയറ്ററിലേക്ക് ജനം എത്തുന്നതിനു മുന്‍പ് അവര്‍ക്ക് ചിത്രത്തിന്റെ മൂഡ് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് അത് ചെയ്തിട്ടുള്ളത്. ട്രെയിലറില്‍ കണ്ടതും അതിലേറെയുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ലിയോയില്‍ അഭിനയിച്ചോ?

ലിയോയില്‍ അഭിനയിച്ച താരങ്ങളുടെ ലിസ്റ്റ് ഗൂഗിളില്‍ തിരഞ്ഞാല്‍ തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളുടെയും ചിത്രങ്ങള്‍ കാണാം. കൂട്ടത്തില്‍ എന്റെ പടവും കാണാം. പക്ഷേ ഞാന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ ഞങ്ങള്‍ പുറത്ത് വിടാത്ത, ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഒരു താരത്തിന്റെ പടവും അക്കൂട്ടത്തില്‍ കാണാം. അത് തിയറ്ററില്‍ത്തന്നെ കണ്ടാല്‍ മതി.

vijay-lokesh-kanagaraj
വിജയ്‌യും ലോകേഷും

ലിയോയിലെ ഗോസിപ്പുകള്‍

ചിത്രത്തെയും ഷൂട്ടിങ്ങിനെയും ചുറ്റിപ്പറ്റി ഒരുപാട് തെറ്റായ വാര്‍ത്തകളൊക്കെ വന്നിരുന്നു. ഞാനും വിജയ് അണ്ണനും തമ്മില്‍ വഴക്കാണെന്നും വലിയ പ്രശ്നങ്ങള്‍ ആണെന്നുമുള്ള തരത്തിലൊക്കെ ഇടയ്ക്ക് വാര്‍ത്ത കണ്ടു. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതു കണ്ട് കുറെ ചിരിച്ചു. ചിത്രീകരണത്തിനിടയിലാണ് ഈ വാര്‍ത്തയൊക്കെ വരുന്നത്.

leo-vijay-1
വിജയ്

വിജയ്‌യുടെ ഞെട്ടിക്കുന്ന ഫൈറ്റുകള്‍

ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഫൈറ്റ് സീനുണ്ട്. തീയ്ക്കിടയിലൊക്കെയാണ് അത്. ട്രെയ്‌ലറില്‍ അതിന്റെ ചില ഭാഗങ്ങളൊക്കെ കാണിക്കുന്നുണ്ട്. അത് ചെയ്യാന്‍ വിജയ് അണ്ണന്‍ എടുത്ത ശ്രമങ്ങള്‍ ചെറുതല്ല. കരിയറില്‍ ഇതേവരെ ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഒരു ഫൈറ്റ് സീനും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു. ആ സീന്‍ എടുത്ത ശേഷം അദ്ദേഹത്തിന് എവിടെയൊക്കെ മുറിവ് പറ്റിയിട്ടുണ്ടെന്ന് ഇപ്പോഴും അറിയില്ല. എത്ര റിസ്‌കുള്ള സീക്വന്‍സുകള്‍ ഉണ്ടെങ്കിലും  ഡ്യൂപ്പിനെ വച്ചു ചെയ്യാന്‍ പാടില്ല എന്ന് ചിത്രത്തിന്റെ പൂജയുടെ അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. എന്നെക്കൊണ്ട് പറ്റുന്നില്ലെങ്കില്‍ ചെയ്തുനോക്കിയിട്ട് ഞാന്‍ തന്നെ പറയാമെന്നും അതല്ലാതെ ഡ്യൂപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. റിസ്‌ക്ക് ഫാക്ടര്‍ കൂടിയ പല സീനുകളിലും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് കൃത്യമായ പരിശീലനം കിട്ടിയ ഫൈറ്റേഴ്സിനെ വച്ച് എടുക്കാം എന്ന്. പക്ഷേ അദ്ദേഹം സമ്മതിക്കില്ല. കയ്യും കാലും മാത്രം കാണിക്കുന്ന സീനുകളില്‍ പോലും ആരാധകര്‍ക്ക് തന്റെ കൈ കണ്ടാല്‍ നന്നായി അറിയാം എന്നൊക്കെ പറഞ്ഞ് അദ്ദേഹം തന്നെ ചെയ്യാറാണ് പതിവ്.

ഓഡിയോ ലോഞ്ച് ഇല്ലാതെ പോയത്

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ തീയതി നിശ്ചയിച്ച് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതാണ്. പക്ഷേ എത്രപേര്‍ വരുമെന്നത് കണക്കുകൂട്ടിയപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആ കണക്കുയര്‍ന്നു. 6000 പേര്‍ ഇരിക്കേണ്ട സ്ഥാനത്ത് ഞങ്ങളുടെ ഭാഗത്ത് നിന്നുതന്നെ 12,300 സീറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക് വന്നത്. ഒപ്പം 70,000നു മുകളില്‍ കാണികള്‍ അല്ലാതെയും വന്നേക്കാം, കാരണം അത് ഫ്രീപാസ് വച്ച് പ്ലാന്‍ ചെയ്ത ഒരു പ്രോഗ്രാമായിരുന്നു. എല്ലാവരും ചേര്‍ന്ന് ഒന്നുകൂടി ചിന്തിച്ചപ്പോള്‍ അത് വലിയ റിസ്‌കാണ് എന്ന അഭിപ്രായം വന്നു. കാരണം ഇത്രയും ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ എന്തെങ്കിലും ഒരു പ്രശ്നം നടന്നാല്‍ അത് എക്കാലവും ഒരു കളങ്കമായി നില്‍ക്കും. അതിലും നല്ലത് അങ്ങനെയൊരു പരിപാടി നടത്താതിരിക്കുന്നതാണല്ലോ. പിന്നെ ലിയോയെ സംബന്ധിച്ചിടത്തോളം, വിജയ് അണ്ണനെ സംബന്ധിച്ചിടത്തോളം ഒരു ഓഡിയോ ലോഞ്ച് വെച്ച് ആളെ ആകര്‍ഷിക്കേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നില്ല.

harol-das
അർജുൻ

സാധാരണ ഓഡിയോ ലോഞ്ചുകളിലാണ് നമ്മുടെ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരെ ഓരോരുത്തരെയും പരിചയപ്പെടുത്താറുള്ളതും അവരെക്കുറിച്ചൊക്കെ എല്ലാവരോടും പറയാറുള്ളതും. ഈ ചിത്രത്തിനു വേണ്ടി 12 മാസങ്ങളായി കഷ്ടപ്പെട്ട കുറേപ്പേരുണ്ട്. അവരെക്കുറിച്ച് തുറന്നുപറയാനുള്ള ഒരു വേദി നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. എന്നാല്‍ അത് സക്സസ് മീറ്റില്‍ നടക്കുമെന്നൊരു വിശ്വാസമുണ്ട്.

മുന്‍ധാരണകളില്ലാതെ ആസ്വദിക്കാം

ലിയോ മറ്റേതെങ്കിലും ഭാഷാ ചിത്രത്തിന്റെ റീമേക്ക് ആണോ, അഡാപ്റ്റേഷന്‍ ആണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചിത്രത്തിന്റെ പൂജയുടെ സമയം മുതൽ കേള്‍ക്കുന്നതാണ്. അതേപോലെ ചിത്രം ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ ഭാഗമാണോ എന്നും. ഇതേപ്പറ്റിയൊന്നും റിലീസിന് മുന്‍പ് എവിടെയും സംസാരിക്കാത്തത്തിന്റെ കാരണം തിയറ്ററിലെ പുതുമയുള്ള അനുഭവം പ്രേക്ഷകര്‍ക്ക് നഷ്ടമാവരുത് എന്നു കരുതിയാണ്. ആദ്യം ചിത്രം ഇറങ്ങട്ടെ, പ്രേക്ഷകര്‍ അത് മുന്‍ധാരണകളൊന്നുമില്ലാതെ ആസ്വദിക്കട്ടെ. ചര്‍ച്ചകള്‍ പിന്നെയാവാമല്ലോ.

antony-das
സഞ്ജയ് ദത്ത്

ഡാര്‍ക്ക് ക്രൈം മൂഡാണ് ചിത്രം

ഇത്രയും ഡാര്‍ക്ക് മൂഡിലുള്ള ഒരു പടം വിജയ് അണ്ണന്‍ ഇതിനു മുന്‍പ് ചെയ്തിട്ടില്ല. എല്ലാ പ്രായക്കാര്‍ക്കിടയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. കൊച്ചുകുട്ടികള്‍ ഏറെയും അദ്ദേഹത്തിന്റെ ആരാധകരാണ്. അതുകൊണ്ട് ഇത്തരം ചിത്രങ്ങളൊന്നും അദ്ദേഹം മുന്‍പ് ചെയ്തിട്ടില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് ലിയോയില്‍ എത്തിയത്. ഏകദേശം മൂന്നു വര്‍ഷമായി ഈ കഥ അദ്ദേഹത്തോടു പറഞ്ഞിട്ട്. ചെയ്യാമെന്നു സമ്മതിക്കുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ അദ്ദേഹം സമ്മതിച്ചു. ഇത്രയും ജോളിയായി അദ്ദേഹം സെറ്റില്‍ ഇരിക്കുന്നത് മുന്‍പാരും കണ്ടിട്ടില്ല. അത്രയ്ക്ക് ആസ്വദിച്ചാണ് അദ്ദേഹം ഇതില്‍ അഭിനയിച്ചത്. ഇങ്ങനെയൊരു ഡാര്‍ക്ക് ക്രൈം ചിത്രം അദ്ദേഹം മുന്‍പ് ചെയ്തിട്ടില്ല, ഇനി ചെയ്യുമോ എന്ന് എനിക്കറിയുകയുമില്ല.

‘ലിയോ’ അഞ്ച് വർഷം മുമ്പ് എഴുതിയത്

‘വിക്രം’ ചെയ്യേണ്ട സമയത്ത് രജനികാന്ത് സാറുമായി ഒരു ചിത്രം കരാർ ഒപ്പിേടണ്ടതായിരുന്നു. കോവിഡ് കാരണം അത് നടന്നില്ല. പിന്നീട് ‘അണ്ണാത്തെ’ സിനിമയുമായി സാറും തിരക്കായി. അങ്ങനെ ‘വിക്രം’ കഥ എഴുതാൻ സമയം കിട്ടി. ലോക്ഡൗണ്‍ സമയത്ത് അത് എഴുതി തീര്‍ത്തു. ഇപ്പോൾ ഉള്ള ‘ലിയോ’യുടെ കഥ അഞ്ച് വർഷം മുമ്പ് എഴുതിയതാണ്. സ്റ്റോറി ബോർഡ് ഒരു പുസ്തകം പോലെ ആക്കി വച്ചിരുന്നു. കുറച്ച് വ്യത്യാസങ്ങൾ മാത്രമെ വരുത്തിയുള്ളു. 

മാസ്റ്റര്‍ സിനിമ പുതിയതായി എഴുതിയ തിരക്കഥയാണ്. സെക്കൻഡ് ഫാഫ് എഴുതി തീർക്കാതെയാണ് ഷൂട്ട് പോലും തുടങ്ങിയത്. ആ പ്രശ്നം ലിയോയിൽ ഇല്ല.

leo-cheet

ആദ്യം തീരുമാനിച്ച പേര് ‘ആന്റണി’

‘ആന്റണി’ എന്നാണ് വർക്കിങ് ടൈറ്റിൽ വച്ചിരുന്നത്. പിന്നീട് അതേ പേരിൽ കുറച്ച് സിനിമകൾ വന്നു. സ്റ്റണ്ട് മാസ്റ്റേഴ്സ് സൈഡിൽ നിന്നാണ് ഈ പേര് വരുന്നത്. ലയൺ എന്ന പേരുപോലെ. ആന്റണി എന്ന പേര് പിന്നീട് സഞ്ജയ് ദത്ത് സാറിന്റെ കഥാപാത്രത്തിനിട്ടു. ആ പേര് പറയുമ്പോൾ ഒരു കനമുണ്ടല്ലോ.

mathew-leo
മാത്യു തോമസ്

എന്തുകൊണ്ട് മാത്യു തോമസ്

നല്ല പെർഫോമറാണ് മാത്യു. ഇതിനു മുമ്പുള്ള മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തെ വളരെ അനായാസമായി മാത്യുവിന് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. നമ്മൾ മനസ്സിൽ വച്ച കഥാപാത്രങ്ങളെ ഇങ്ങനെയുള്ള താരങ്ങൾക്കു നൽകിയാൽ തന്നെ പകുതി ജോലി പൂർത്തിയായി കഴിഞ്ഞു. മാത്യു സൂപ്പർ ആയി ചെയ്തിട്ടുണ്ട്.

English Summary:

Lokesh Kanagaraj about Leo movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com