ADVERTISEMENT

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’ എന്ന ചിത്രത്തെ പ്രശംസിച്ച് മുൻമന്ത്രിയും ആർഎസ്പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോൺ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ്് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ലെന്നും ടിനു പാപ്പച്ചനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രമാണ് ചാവേർ. ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്ന അവസരത്തിലാണ് ചിത്രത്തെയും പ്രമേയത്തേയും അവതരണശൈലിയേയും അഭിനന്ദിച്ചുകൊണ്ട് ഷിബു ബേബി ജോൺ രംഗത്തെത്തിയത്. 

‘‘ഞാനിന്ന് ചാവേർ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേർ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ  നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. 

എന്നാൽ, ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്‌ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്,  ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുത്.

ചാവേർ നാമോരോരുത്തരും തിയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം  നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തിയറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ.’’–ഷിബു ബേബി ജോൺ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെ.യു, സംഗീത, ജോയ് മാത്യു എന്നിവരാണ് ചാവേറിൽ പ്രധാന വേഷങ്ങളിൽ. അതേസമയം ഷിബു ബോബി ജോൺ ആദ്യമായി നിർമിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസിനൊരുങ്ങുകയാണ്. 2024 ജനുവരി 25-നു ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Shibu Baby John About Chaaver Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com