ADVERTISEMENT

ബോക്സ്ഓഫിസിൽ അക്ഷയ് കുമാറിന്റെ കഷ്ടകാലം തുടരുന്നു. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ റാണിഗഞ്ജും പരാജയത്തിലേക്കെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 55 കോടി മുതൽ മുടക്കുള്ള ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ നേടിയത് വെറും 17 കോടി മാത്രമാണ്.

ഒക്ടോബര്‍ 6 വെള്ളിയാഴ്ചയാണ് ടിനു ആനന്ദ് ദേശായ് സംവിധാനം ചെയ്ത മിഷന്‍ റാണിഗഞ്ജ് എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 2.80 കോടിയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. ഞായറാഴ്ച 5 കോടി. ഇതുവരെ ആകെ നേടിയത് വെറും 17 കോടിയും. പല തിയറ്ററുകളിൽ നിന്നും ചിത്രം പിൻവലിച്ചു കഴിഞ്ഞു. വലിയ റിലീസുകൾ ഇല്ലായിരുന്നിട്ടു കൂടി സിനിമയ്ക്കു നേട്ടമുണ്ടാക്കാനായില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സിനിമയുടെ പരാജയത്തെക്കുറിച്ച് അക്ഷയ് കുമാറും തുറന്നു പറഞ്ഞു. ‘‘ഞാൻ ഈ സിനിമ കണ്ടിരുന്നു. ഇതൊരു വാണിജ്യ ചിത്രമല്ല. സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതിയില്‍ അതിന് സ്വീകാര്യത കിട്ടിയില്ല. പക്ഷേ 150 സിനിമകളില്‍ അഭിനയിച്ച അനുഭവപരിചയം വച്ച് ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്. സത്യസന്ധമാർന്ന സിനിമയാണിത്. അതു മാത്രം മതി എനിക്ക്.’’–അക്ഷയ് കുമാർ പറയുന്നു.

1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടു കൂടിയായിരുന്നു ബോളിവുഡ് നോക്കിയിരുന്നത്. ഈ വർഷം രണ്ടു സിനിമകൾ ആയിരം കോടി ക്ലബിൽ കയറ്റി ഷാരൂഖ് ഖാൻ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സമീപകാലത്തെ മറ്റൊരു ഹിറ്റ് ആയ, സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 മൂന്ന് ദിനം നീണ്ട വാരാന്ത്യത്തില്‍ നിന്ന് നേടിയത് 134.88 കോടി ആയിരുന്നു. അതുപോലെ അക്ഷയ് കുമാറിന്റെ ഈ ബയോപിക്കും വലിയ വിജയമാകുമെന്നു ബോളിവുഡ് അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെച്ചതുമാണ്. എന്നാൽ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രവും ബോക്സ് ഓഫീസില്‍ പരാജയം രുചിക്കുകയാണ്

കോവിഡിന് മുൻപ് ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന ബോളിവുഡിന്റെ സൂപ്പര്‍ താരമായിരുന്നു അക്ഷയ് കുമാർ. എന്നാൽ കോവിഡിന് ശേഷം ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളിൽ ഭൂരിഭാഗവും അമ്പേ പരാജയമായി മാറി. 2021 നവംബറിലെത്തിയ സൂര്യവന്‍ശിയും കഴിഞ്ഞ റിലീസ് ആയ ഒഎംജി 2 (ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗം)  ഒഴികെ അക്ഷയ് കുമാറിന്‍റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു.

തുടർച്ചയായ ആറ് സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ബോക്സ്ഓഫിസിൽ തകർന്നു വീണത്.  കഴിഞ്ഞ വർഷം മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കി കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം നേടിയത് 60 കോടി രൂപ. അക്ഷയ് കുമാറിന്റെ കരിയറിലെ വമ്പൻ പരാജയമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്.

ഓഗസ്റ്റിൽ റിലീസ് ചെയ്ത രക്ഷാബന്ധനും കനത്ത പരാജയം നേരിട്ടു. 70 കോടി മുടക്കിയ സിനിമയ്ക്ക് 60 കോടി മാത്രമാണ് കലക്ട് ചെയ്യാൻ കഴിഞ്ഞത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫി വമ്പൻ പരാജയമായി മാറി. നൂറ് കോടി മുടക്കിയ ചിത്രത്തിന് ലഭിച്ചത് വെറും 23 കോടി. 110 കോടി മുടക്കിയ രാം സേതു എന്ന ചിത്രം കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പരാജയം തന്നെയായിരുന്നു.

സൂരരൈ പോട്രിന്റെ ഹിന്ദി റീമേക്ക്, ബഡേ മിയാൻ ചോട്ടേ മിയാൻ 2, ഹേരാ ഫേരി 3, സിങ്കം എഗെയ്ൻ എന്നിവയാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രങ്ങൾ.

  

English Summary:

With Mission Raniganj getting disastrous response, Akshay Kumar now has six back-to-back box office flops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com