ADVERTISEMENT

ഈ സിനിമയിലെ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ലെന്നും അങ്ങനെ തോന്നിയാൽ അത് യാദൃച്ഛികമാണെന്നും സിനിമയ്ക്കു മുൻപ് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ചാവേർ എന്ന സിനിമയെ സംബന്ധിച്ച് അത് ശരിയല്ലെന്ന് സിനിമ തുടങ്ങി അധികം വൈകാതെ പിടിത്തം കിട്ടും. ഇതിലെ കഥയും കഥാപാത്രങ്ങളും മലയാളിക്ക് നല്ല പരിചയമാണ്. എത്രയോ കാലമായി കേരളം ഈ കഥകളിലൂടെയും കാര്യത്തിലൂടെയും കടന്നുപോയിക്കൊണ്ടേയിരിക്കുന്നു.

കണ്ണൂരിന്റെ ഭൂമിയിലൂടെ ടിനു പാപ്പച്ചൻ നടത്തുന്ന മുഴുനീളൻ ജീപ്പ് യാത്ര പോലെ കേരളത്തിന്റെ മനസ്സിലൂടെയും ശരീരത്തിലൂടെയും എത്രയോ തവണ ഈ ഭീകരതയുടെ ഇരമ്പൽ കേട്ടിരിക്കുന്നു. എത്രയോ തവണ ഈ കത്തി ആഴ്ന്നിറങ്ങിയിരിക്കുന്നു. എത്രയോ തവണ ഈ ചില്ലുകൾ ഹൃദയത്തിൽ തറച്ചിരിക്കുന്നു. എത്രയോ തവണ ഈ തോക്കിൻ കുഴൽ തീ പടർത്തിയിരിക്കുന്നു. 

ചോര കണ്ട് അറപ്പു മാറാത്ത എത്രയോ ചാവേറുകൾ നമുക്കിടയിലൂടെ കടന്നുപോയി. ചോരവറ്റി എത്രയോ ചാവേറുകൾ ഇപ്പോഴും മരിച്ചു ജീവിക്കുന്നു. കാലം മാറിയപ്പോൾ ചാവേറുകളുടെ രീതിയും മാറി. കത്തിയില്ല, കയ്യിൽ ചോരയുമില്ല. പകരം കംപ്യൂട്ടർ മൗസും കീ പാഡും ആയുധങ്ങളാക്കി സൈബറിടങ്ങൾ കൊല്ലാക്കൊലയുടെ പുതിയ ഭൂമികയാകുന്നു. അതുകൊണ്ടു തന്നെയാണ് ചാവേർ എന്ന സിനിമ പുറത്തിറങ്ങും മുൻപു തന്നെ അതിനെതിരെ ഡി ഗ്രേഡിങ് എന്ന മോശം പ്രചാരണം വ്യാപകമായത്. ചാവേറുകൾ സിനിമയിലേ  മരിക്കുന്നുള്ളൂ. പുതിയ ഇടങ്ങളിൽ അവർ ഉയിർ കൊള്ളുന്നു. 

പൊളിറ്റിക്കൽ, പക്ഷേ കൊടിയില്ല 

തൊണ്ണൂറ്റഞ്ചു ശതമാനം ഭാഗവും കണ്ണൂരിൽ ചിത്രീകരിച്ച ഈ സിനിമ  പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ തന്നെയാണെന്ന് സംവിധായകൻ ടിനു പാപ്പച്ചനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ജോയി മാത്യുവും പറയുന്നുണ്ടെങ്കിലും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ പ്രസ്ഥാനങ്ങളുടെ യോ കൊടിയടയാളം പ്രത്യക്ഷത്തിൽ ഇതിലില്ല. അതില്ലാതെ തന്നെ അതിലെ രാഷ്ട്രീയം തിരിച്ചറിയാൻ മലയാളിക്കു പറ്റുന്നുണ്ടെങ്കിൽ ചാവേറുകളെ അത്രയും നേരിട്ട് കേരളത്തിന് അറിയാം എന്നതുകൊണ്ടു തന്നെയാകണം. ജാതീയതയും തൊട്ടുകൂടായ്മയും വെറും മിത്തുകൾ മാത്രമല്ലെന്ന് സമീപകാല കേരള പരിസരം വെളിവാക്കും മുൻപാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതിൽ നിന്നു തന്നെ മനസ്സിലാക്കാമല്ലോ ഈ രണ്ടു പദങ്ങളും എത്ര ഹിപ്പോക്രാറ്റിക്ക് ആയാണ് എന്നും മലയാളി ഉപയോഗിച്ചു പോരുന്നതെന്ന്. സ്വന്തം വീടിന്റെ ഉമ്മറത്തെത്തും വരെ മാത്രമേ നാം ജാതിയിലെ സമത്വത്തെക്കുറിച്ച് വാചാലരാകൂ. 

chaaver-making

അടുത്ത കാലെടുത്തു വച്ചാൽ നാം സ്വയം ചാവേറാകുകയോ അല്ലെങ്കിൽ ചാവേറുകളുടെ അപ്പനാകുകയോ ചെയ്യും. കുഞ്ചാക്കോ ബോബനും സംഘവും ഇവിടെ ചാവറാകുന്നത് ഇത്തരമൊരു ജാതിവെറിക്കു വേണ്ടിയാണ്.  സിനിമാ പോസ്റ്ററിൽ ചാവേർ എന്ന വാക്കുകൾ കൊരുത്തിട്ടിരിക്കുന്നതിനേക്കാൾ കരുത്തുണ്ട് തിയറ്റർ അനുഭവത്തിന്. അജഗജാന്തരം പോലെ ടിനു പാപ്പച്ചന്റെ സ്ഥിരം ഇടിപ്പട രീതിയല്ല ചാവേറിനെന്ന് പറയുന്നതും ശരിയല്ല. ഇത് ശരിക്കുമൊരു ഇടിപ്പടമാണ്. മലയാളിയുടെ മനസ്സിലാണ് ഇടി കിട്ടുന്നത്. ജാതീയതയുടെ നെഞ്ചിലാണ് ഇരട്ടക്കുഴൽ പൊട്ടുന്നത്. ചാവേറുകളെ ഒരുക്കി വിടുന്ന രാഷ്ട്രീയ, ഭീകര പ്രസ്ഥാന നേതൃത്വങ്ങളുടെ തലയിലാണ് ബോംബു പൊട്ടുന്നത്. പക്ഷേ ഓരോ ആക്രമണത്തിനു ശേഷവും, ഇരയായ ആന്റണി വർഗീസ് പെപ്പെ യുടെ കിരൺ എന്ന കഥാപാത്രം അശോകൻ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ നോക്കും പോലത്തെ ഒരു ദയനീയ നോട്ടമുണ്ട്. എന്തിനാ യിരുന്നു ഇതെന്ന ചോദ്യത്തിന്റെ വടിവാൾ. 

വിഷ്വൽ-സൗണ്ട് ട്രീറ്റ്  

നിൽക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്ന സിനിമയിലെ ജീപ്പു പോലെ പൊളിറ്റിക്കൽ ജേർണി ത്രില്ലറാണിത്. സംസാരം കുറവ്. ആക്‌ഷൻ ധാരാളം. സിനിമയുടെ ആരംഭത്തിലെ ഗ്രാഫിക്സ്, വരാനിരിക്കുന്ന വിഷ്വൽ ട്രീറ്റിന്റെ ആരംഭം മാത്രം. ഷോട്ടുകൾ സംസാരിക്കുമ്പോൾ വാക്കുകളെന്തിന്..? ടിനു പാപ്പച്ചനെന്ന പുതുതലമുറ സംവിധായകൻ ഒരുക്കിക്കൊടുത്ത അസാമാന്യ മേക്ക് ഓവറിൽ കുഞ്ചാക്കോ നിറഞ്ഞാടുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ കാല പ്രണയ സിനിമകളിൽ നിന്നുള്ള അതിവേഗ കുതിപ്പ് ഓർത്തു പോയി. കെ.യു. മനോജ് എന്ന നടന്റെ മുസ്തഫയെന്ന  കഥാപാത്രം എത്ര കരുത്തോടെയാണ് മനസ്സിൽ നിറയുന്നത്. ചാവേറുകൾക്കിടയിൽ അറിയാതെ പെട്ടു പോകുന്നവന്റെ ജീവിതാവസ്ഥയെ സാധാരണ മലയാളിയുടെ പേടിപ്പെടുത്തുന്ന ആശ്ചര്യത്താൽ അരുൺ എന്ന കഥാപാത്രത്തിലൂടെ അർജുൻ അശോകനും ഗംഭീരമാക്കുന്നു. 

ശരിക്കുമൊരു വിഷ്വൽ- സൗണ്ട് മൂവിയാണിത്. ജിന്റോ ജോർജിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചാവേറിനെ കരുത്തുള്ള ചിത്രമാക്കുന്നു. മുകുന്ദനെന്ന രാഷ്ട്രീയ നേതാവായി സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ജോയ് മാത്യുവിന്റെ തിരക്കഥ ഇഴ കീറി വിമർശിക്കുന്ന സിനിമാ വിദ്യാർഥികൾ ഒഴികെയുള്ള ഭൂരിപക്ഷം കാണികൾക്കും  സാങ്കേതിക കൂടിനുമപ്പുറമുള്ള രാഷ്ട്രീയ കേരളത്തിന്റെ തിരക്കഥയാണ് ചാവേർ. സിനിമയിൽ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യമറിയിക്കുന്ന ജി.കെ എന്ന രണ്ടക്ഷര ചാവേർ നിയന്ത്രാതാവിന്റെ മുഖം സമകാലീന കേരളത്തിൽ നാം എത്രയോ തവണ കണ്ടിരിക്കുന്നു. പക്ഷേ പതിവു പോലെ സാങ്കേതികതയുടെ വിധിന്യായത്തിനു മുന്നിൽ പലപ്പോഴും എത്തിപ്പെടുക ഒറിജിനൽ പ്രതികളാകില്ല, പകരക്കാരായിരിക്കും. കോടി രൂപ എന്ന വാക്കിനു പകരം സി.ആർ എന്ന രണ്ടക്ഷരം വ്യാപകമാകുന്ന ഇക്കാലത്ത് രണ്ടക്ഷരത്തിൽ ഒതുങ്ങുകയോ വളരുകയോ ചെയ്യുന്ന എത്രയോ പേരുടെ മുഖങ്ങളാണ് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിലൂടെ ഓടിപ്പോകുന്നത്. 

ഒരു ബോംബ് കൂടി       

പാർട്ടിയുടെ ഉന്നത നേതാവായ ജികെ ഉന്നതകുല ജാതനാണ്. ചാവേറുകളാല്‍ വെട്ടേറ്റു വീഴുന്ന തെയ്യം കലാകാരനായ കിരൺ താഴ്ന്ന ജാതിക്കാരനും. നടുറോഡിൽ കിരണിനു നേരെ എറിയുന്ന ആദ്യ ബോംബ് പൊട്ടുന്നില്ല. ഡബിൾ സ്ട്രോങ്ങായ രണ്ടാമത്തെ ബോംബ്  പൊട്ടുന്നത് പൊട്ടക്കിണറിൽ. ഇനിയുമൊരു ബോംബ് കൂടി അവശേഷിക്കുന്നു. അതെവിടെയാണ് പൊട്ടുക..? അതെന്നാണ് പൊട്ടുക..? സ്വന്തം തലച്ചോറും യുക്തിയും പ്രസ്ഥാനങ്ങളുടെ നേതാക്കൾക്ക് കാഴ്ചവയ്ക്കുന്നവരുടെ എണ്ണം കൂടുമ്പോൾ, സ്റ്റാൻഡ് അപ് കോമഡി ജീവിത ശൈലിയാകുമ്പോൾ ചാവേറുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ സിനിമ കഴിഞ്ഞു പോയൊരു ആക്രമണത്തിന്റെ വിവരണമല്ല. നടന്നുകൊണ്ടിരിക്കുന്ന കൊല്ലാക്കൊലകളുടെ വിശദീകരണമാണ്. നാളെ നടക്കാൻ പോകുന്ന ചാവേർ ആക്രമണങ്ങളുടെ മുന്നടയാളമാണ്. വെടിയുണ്ടയേറ്റ് തകർന്ന ജനൽച്ചില്ലിനിടയിലൂടെ കേരളത്തെ നോക്കിക്കാണാം. മുഖത്ത് ചോരയൊഴുകാതെ അതിനു സാധിക്കുമോ.?

English Summary:

Chaaver: Kunchacko-Tinu Pappachan film is a visual treat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com