ADVERTISEMENT

ക്ലാസ്മേറ്റ്സ് സിനിമയിൽ കാവ്യാ മാധവൻ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. തിരക്കഥ മുഴുവൻ വായിച്ചപ്പോൾ, റസിയയാണ് നായികയെന്നും തനിക്ക് റസിയയുടെ കഥാപാത്രം തന്നെ വേണമെന്നും കാവ്യ നിർബന്ധം പിടിച്ചു. പക്ഷേ താരമൂല്യമുള്ള കാവ്യ ആ കഥാപാത്രം ചെയ്‌താൽ ആ വേഷത്തിന്റെ പ്രധാന്യം ആദ്യം തന്നെ പ്രേക്ഷകർക്കു ബോധ്യമാകുമെന്ന് ലാൽജോസിന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. ‌ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘‘ക്ലാസ്മേറ്റ്സിലെ ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോൾ കാവ്യ മാത്രം വന്നിരുന്നില്ല. കരാർ ഒപ്പിടുന്ന സമയത്ത് റഫ് ആയി മാത്രം ഒരു കഥ ഞാൻ പറഞ്ഞിരുന്നു. ‘‘കഥ മുഴുവൻ പിടികിട്ടിയില്ല, പിന്നെ ലാലു ചേട്ടന്റെ പടമല്ലേ, ഞാനങ്ങട് പൂവാന്ന് വച്ചു’’ എന്ന് പിന്നീട് കാവ്യ ആരോടോ പറഞ്ഞുവെന്ന് കേട്ടു. പിടികിട്ടാണ്ട് അഭിനയിക്കാൻ പാടില്ല, അതുകൊണ്ട് മുഴുവൻ കഥയും കാവ്യയോട് പറയാൻ ജയിംസിനോട് ഞാൻ ആവശ്യപ്പെട്ടു.

കഥ പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ പന്തികേടുണ്ടെന്ന് ജയിംസ് എന്നോടു പറഞ്ഞു. കണ്ണിൽ നിന്നൊക്കെ വെള്ളം വന്ന് മാറി ഇരിക്കുകയാണ് കാവ്യ. കഥ കേട്ടതിന്റെ ഇമോഷൻ കൊണ്ടാകും കരയുന്നതെന്ന് ഞാനും പറഞ്ഞു. എല്ലാവരും ലൊക്കേഷനില്‍ റെഡിയാണ്, പെട്ടെന്നു വരാൻ പറഞ്ഞ് ഞാനും ദേഷ്യം പിടിക്കാൻ തുടങ്ങി.

എന്നാൽ കാവ്യ വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ കാര്യമെന്തെന്ന് അറിയാൻ ഞാന്‍ നേരിട്ടു ചെന്നു. കാവ്യയുടെ പ്രശ്നം ഈ പടത്തിലെ നായിക താനല്ല, അത് റസിയ ആണെന്നതായിരുന്നു. റസിയയെ കാവ്യ ചെയ്യാമെന്നും താര കുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാനും പറഞ്ഞു. കാവ്യയെക്കൊണ്ട് ഒരിക്കലും റസിയയെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാവ്യയെപ്പോലെ ഇത്രയും താരമൂല്യം ഉള്ള ഒരാൾ റസിയയുടെ കഥാപാത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്കു മനസ്സിലാകും ഈ കഥാപാത്രം കൊണ്ട് സിനിമയിലെന്തോ പരിപാടിയുണ്ടെന്ന്. അതുകൊണ്ട് ആ കഥാപാത്രം എന്തായാലും കാവ്യ ചെയ്യാൻ പറ്റില്ല. 

പിന്നെ ഞാൻ കാവ്യയോട് പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്, എല്ലാ പ്രണയകഥകളിലും കോമൺ ആയിട്ടുള്ള ഒന്നുണ്ട്. ആദ്യം രണ്ടുപേരും വഴക്കടിക്കും, പിന്നെ പ്രണയിക്കും, അത് തീവ്രമാകും. പിന്നെ അത് സഫലമാകാതെ എന്തെങ്കിലും കുഴപ്പം വരും‌. ഒന്നുകിൽ അസുഖമാകാം, ചിലപ്പോൾ സാമ്പത്തിക അന്തരമാകാം. ഇതൊന്നുമല്ലെങ്കിൽ ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെട്ടു വേറെ വഴിക്ക് പോകുന്നു. അങ്ങനെ എന്തെങ്കിലും ഒക്കെ കുഴപ്പമുണ്ടായി ഇവർ പിരിയുകയാണ്. പിന്നീട് എന്തെങ്കിലും സംഭവിച്ച് അവർ ഒരുമിക്കുന്നു. ഇതാണ് എല്ലാ പ്രസിദ്ധമായ പ്രണയങ്ങളുടെയും രീതി. ഇവിടെ താരയുടെയും സുകുവിന്റെയും പ്രണയത്തിന് ഭംഗം വരുത്തുന്നത് അവരറിയാത്ത മറ്റൊരു പ്രണയമാണ്. ഇവർ പിരിയാനുള്ള പ്രധാന കാരണമാണ് റസിയയുടെ പ്രണയവും മുരളിയുടെ മരണവും ഒക്കെ. അത് കാവ്യ മനസ്സിലാക്കണം, കാവ്യ തന്നെയാണ് അല്ലെങ്കിൽ താര തന്നെയാണ് സിനിമയിലെ നായിക. സുകുവാണ് സിനിമയിലെ നായകൻ. അവരുടെ പ്രണയ നദിക്ക് ഉണ്ടാകുന്ന വിഘ്നമാണ് റസിയയുടെയും മുരളിയുടെയും പ്രണയം.  

ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് കാവ്യ അഭിനയിക്കാൻ വരുന്നത്. ഞാനാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ അവളെ അവതരിപ്പിച്ചത് എന്നുള്ളതുകൊണ്ടാണ് അപ്പോഴും ഈ ചിത്രം ചെയ്യാൻ കാവ്യ തയാറായത്. ‘മീശമാധവൻ’ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിൽ അവൾ എന്നോടൊപ്പം വർക്ക് ചെയ്തതുമാണ്. ആ ഒരു കടപ്പാടും സ്നേഹവും ഉള്ളതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാം എന്ന് സമ്മതിച്ചത്. കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്. ഫൈനൽ സ്റ്റേജിൽ എത്തുമ്പോൾ റസിയ സ്കോർ ചെയ്യുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. പക്ഷേ അത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അല്ലെങ്കിൽ ആ സിനിമ ഇല്ലല്ലോ. അങ്ങനെയാണ് ക്ലാസ്മേറ്റ്സിന്റെ ഷൂട്ടിങ് നടക്കുന്നത്. ഭയങ്കര രസകരമായ ഒരുപാട് ഓർമകൾ ഉണ്ട് അതിൽ.  

ആ സിനിമ പരമാവധി ബജറ്റ് കൺട്രോൾ ചെയ്താണ് ഞാൻ ചെയ്യാൻ ശ്രമിച്ചത്. ശാന്ത ചേച്ചി (നിര്‍മാതാവ്) അതിനു മുൻപ് ചെയ്തത് തീരെ ബജറ്റ് കുറഞ്ഞ ഒരു സിനിമയായിരുന്നു. അതുകൊണ്ടുതന്നെ ഇതിൽ എല്ലാം അധിക ചെലവാണ് എന്നൊരു അഭിപ്രായം അവർക്കുണ്ടായിരുന്നു. അതുകാരണം സെറ്റിൽ അവരും ഞാനും തമ്മിൽ ചെറിയ ഉരസൽ ഉണ്ടാകാൻ കാരണമായിരുന്നു. അവർ ഒരു പ്രായമായ സ്ത്രീയല്ലേ എന്ന് കരുതി പരമാവധി സംയമനം പാലിച്ച് ഞാൻ മുന്നോട്ടു പോവുകയായിരുന്നു. അവര്‍ വന്ന് പല കാര്യങ്ങളും പറഞ്ഞതുകൊണ്ട് ഒരുപാട് കോമഡി സംഭവങ്ങളും സെറ്റിലുണ്ടായി.

'എന്റെ ഖൽബിലെ' എന്ന പാട്ട് ഒരുതവണ എല്ലാവരെയും വച്ച് ഷൂട്ട് ചെയ്തു. പിന്നെ കുറെ കഴിഞ്ഞപ്പോൾ വീണ്ടും ആ പാട്ട് ഷൂട്ട് ചെയ്യുന്നു. എന്റെ കൂടെ സെറ്റിൽ വർക്ക് ചെയ്യുന്ന ഒരാളെ ശാന്ത ചേച്ചിയുടെ ചാരൻ ആയി വച്ചിരിക്കുകയായിരുന്നു. അയാള് ചേച്ചിയെ വിളിച്ചിട്ട് പറഞ്ഞു, ‘‘ചേച്ചി ഇവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  നമ്മൾ ഫുൾ ഷൂട്ട് ചെയ്തു കഴിഞ്ഞ എന്റെ ഖൽബിലെ എന്ന പാട്ട് വീണ്ടും ഷൂട്ട് ചെയ്യുകയാണ്. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ പുറത്ത് റസിയയുടെയും മുരളിയുടെയും എപ്പിസോഡ് വേറെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു. ബാക്കി ആർട്ടിസ്റ്റുകളെ വെറുതെ ഇരുത്തിയിട്ട് അവരുടെ പിന്നാലെ ക്യാമറയുമായി നടക്കുകയാണ്’’ എന്നൊക്കെയുള്ള രീതിയിൽ പറഞ്ഞുകൊടുത്തിട്ട് ശാന്ത ചേച്ചി സെറ്റിൽ വന്നിട്ട് ചോദിച്ചു. ‘‘ലാൽ ജോസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ? നിങ്ങൾക്ക് ഒരു പ്രൊഡ്യൂസറുടെ വേദന മനസ്സിലാകുന്നില്ല’’.  

അപ്പോൾ ഞാൻ ചോദിച്ചു, ‘‘എന്താണ് ചേച്ചി സംഭവം എന്താണ് നിങ്ങളുടെ വേദന എന്ന് എനിക്ക് മനസ്സിലാകുന്നില്ല’’. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് വച്ചാൽ എന്റെ ഖൽബിലെ എന്ന പാട്ടിന്റെ ആദ്യത്തെ വേർഷൻ ആണ് ആദ്യം ഷൂട്ട് ചെയ്തത്. രണ്ടാമത്തെ വേർഷൻ ഷൂട്ട് ചെയ്യാൻ വേണ്ടി ജിമ്മി ജിബ്ബിൽ ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്താണ് സമയം വേസ്റ്റ് ചെയ്യേണ്ട എന്ന് കരുതി ഒരു ചാറ്റൽ മഴ ചെയ്തപ്പോൾ ആ സമയത്ത് നരേന്റെയും രാധികയുടെയും ഭാഗം ഷൂട്ട് ചെയ്യാം എന്ന് ഞാൻ കരുതിയത്. പറഞ്ഞയാൾക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ട് ഇവരോട് ചെന്ന് പറഞ്ഞു. ഇവർ അത് വിശ്വസിച്ചു. യൂണിറ്റിലെ ഫുൾ ആളുകൾ നോക്കി നിൽക്കുമ്പോഴാണ് എന്നോട് വന്ന് ഇങ്ങനെ പറയുന്നത്. അങ്ങനത്തെ കുറെ പ്രശ്നങ്ങൾ ആ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിട്ടുണ്ട്. 

അന്ന് ഈ സിനിമയിൽ കുറെ ജൂനിയർ ആർട്ടിസ്റ്റുകളെ വേണമായിരുന്നു. കോട്ടയത്ത് ട്യൂട്ടോറിയല്‍ കോളജിലുള്ള കുറച്ച് പെൺകുട്ടികളെ കൊണ്ടുവന്നു. ഷൂട്ട് നടക്കുന്ന ഒരു ദിവസം പുറത്തുനിന്നു കുറച്ച് പേർ സെറ്റിൽ വന്നു പ്രശ്നമുണ്ടാക്കി. അവർ ഈ കോളജിലെ മുൻ വിദ്യാർഥികൾ ആണെന്നാണ് പറഞ്ഞത്. അപ്പുറത്തെ ബാറിൽ നിന്നു മദ്യപിച്ച് അവർ സെറ്റിൽ വന്ന് അഭിനയിക്കുന്ന പെൺകുട്ടികളെ തെറിവിളി തുടങ്ങി. അവസാനം ഇന്ദ്രനും പൃഥ്വിരാജും ജയസൂര്യയും നരേനുമൊക്കെ ചെന്ന് ഈ ബഹളം ഉണ്ടാക്കുന്ന ആളുകളെ പിടിച്ചു തള്ളുകയും ചെയ്തു. അവിടെ ഒരു ഉന്തും തള്ളും ഉണ്ടാവുകയും കാവ്യയെ എന്തോ പറഞ്ഞ ഒരാളെ കാവ്യയുടെ അച്ഛൻ അടിക്കുകയും ചെയ്തു. പിന്നെ അവിടെ ഒരു ഭയങ്കര ബഹളം ആയിരുന്നു. 

അവിടുത്തെ പരിപാടികളൊക്കെ തീർത്ത് രാത്രി പോളിടെക്നിക്കിലെ ഹോസ്റ്റലിലാണ് ഹോസ്റ്റലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ പോയത്. അന്ന് നല്ല മഴയുണ്ട്. ഹോസ്റ്റലിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്യാമറയുടെ തൊട്ടടുത്ത് ഒരുത്തൻ വന്നു നിൽക്കുന്നു, നല്ല മദ്യത്തിന്റെ മണമുണ്ട്. എനിക്ക് പെട്ടെന്ന് മനസ്സിലായി, കോളജിൽ ഉന്തും തള്ളും ഉണ്ടാക്കിയ ഒരാളാണ്. ഞാൻ നോക്കിയപ്പോൾ അവൻ കയ്യിൽ എന്തോ മറച്ച് പുറകോട്ട് പിടിച്ചിട്ടുണ്ട്. നോക്കിയപ്പോൾ വലിയൊരു കരിങ്കല്ലിന്റെ കഷണം കയ്യിൽ പിടിച്ചിരിക്കുകയാണ്. അതുമായിട്ടാണ് അവൻ അവിടെ വന്നു നിൽക്കുന്നത്. ഇവനിതെടുത്ത് ക്യാമറയിൽ അടിക്കുകയോ എന്നെയോ അവിടെ അഭിനയിച്ചുകൊണ്ട് നിൽക്കുന്നവരെയോ അടിക്കുകയോ എറിയുകയോ ചെയ്തു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാകും. 

ഞാൻ പെട്ടെന്ന് യൂണിറ്റിലെ ആളുകളോട് അലർട്ട് ആകാൻ പറഞ്ഞു. ആരും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞു. എന്നിട്ട് പുറത്തുവന്ന് പാർട്ടി ഓഫിസിലേക്ക് വിളിച്ചു, ഈ വന്നിരിക്കുന്നത് പാർട്ടിക്കാരനാണോ എന്നൊന്നും അറിയില്ല. പൊലീസ് സ്റ്റേഷനിലും വിളിച്ചു പറയാൻ അറിയിച്ചു. എന്നിട്ട് ഷൂട്ടിങ് പയ്യെ നിർത്തി, ക്യാമറ എടുത്തു മാറ്റാൻ പറഞ്ഞു. ഞങ്ങൾ ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോഴേക്കും ഇവന് കാര്യം മനസ്സിലായി. ഉടനെ ഇവൻ വയലന്റായി, കല്ലെടുത്ത് അടിക്കാൻ നോക്കി.  അപ്പോഴേക്കും യൂണിറ്റിലെ ആൾക്കാരെല്ലാം കൂടി ഓടിവന്ന് ഇവനെ പിടിച്ച് നിർത്തി പുറത്തേക്ക് കൊണ്ടുപോകാൻ നോക്കിയപ്പോഴേക്കും ഇവന്റെ കുറെ ആൾക്കാർ കല്ലും വടിയുമായി പുറത്തുനിപ്പുണ്ട്. അപ്പോഴേക്കും പാർട്ടി ഓഫിസിൽ നിന്ന് കുറെ പേർ വന്നു. എല്ലാവരും കൂടി ഇവരെ അടിച്ചു ഓടിച്ചു. ഇവന്മാർ മതിലൊക്കെ ചാടി ഓടി, ഒരുത്തൻ ഒരു ചാലിൽ വീണു. അവിടെ കാലു കുടുങ്ങി നിൽപ്പായി അവനെ കിട്ടി. അപ്പോഴേക്കും പൊലീസ് വന്നു, ഇവനെ പിടിച്ച് കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചു. അവൻ തത്ത പറയുന്നതുപോലെ കാര്യങ്ങളൊക്കെ പറഞ്ഞു. ഗസറ്റഡ് ഓഫിസേഴ്സ് ആയ മാതാപിതാക്കളുടെ കുടുംബത്തിൽ നിന്നുള്ള ഒരു പയ്യനാണ്. മദ്യമോ ലഹരിയോ എന്തൊക്കെയോ ഉപയോഗിച്ചിട്ട് വന്നതാണ്.  ആ രാത്രിയിൽ ഞങ്ങൾ ശരിക്കും പേടിച്ചുപോയി. അങ്ങനെ പല തടസ്സങ്ങളും ആ സിനിമയ്ക്കിടയിൽ ഉണ്ടായിട്ടുണ്ട്.’’

English Summary:

Lal Jose about Classmates unknown story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com